എ.ഐ കാമറ: രേഖകളിൽ കെൽട്രോണിന്റെ കണ്ണിൽ പൊടിയിടൽ
text_fieldsതിരുവനന്തപുരം: എ.ഐ കാമറ ഇടപാടിൽ സുപ്രധാന രേഖകൾ മറച്ചുവെച്ച് കെൽട്രോണിന്റെ കണ്ണിൽ പൊടിയിടൽ. വിവരങ്ങൾ പരസ്യപ്പെടുത്തണമെന്ന മന്ത്രി പി. രാജീവിന്റെ നിർദേശത്തെ തുടർന്നാണ് വെബ്സൈറ്റ് വഴി കരാർ സംബന്ധിച്ച ഏതാനും രേഖകൾ കെൽട്രോൺ വെബ്സൈറ്റിലിട്ടത്.
ഇതിനോടകം പ്രതിപക്ഷം പുറത്തുവിട്ടതടക്കം രേഖകൾ തങ്ങളുടെ വിശദീകരണക്കുറിപ്പോടെ പ്രസിദ്ധീകരിച്ചുവെന്നതൊഴിച്ചാൽ പുറത്തുവിടേണ്ട കരാറിലെ നിർണായക വിവരങ്ങൾ മറയ്ക്കുള്ളിൽ തന്നെയാണ്. പ്രീ ക്വാളിഫിക്കേഷൻ ഇവാലുവേഷനാണ് സുപ്രധാനം. ഉപകരാർ ഏൽപ്പിക്കപ്പെട്ട കമ്പനികൾക്ക് യോഗ്യതയുണ്ടോ എന്നതടക്കം കാര്യങ്ങളാണ് പ്രധാനമായും ഉൾപ്പെടുക. പത്ത് വർഷം പ്രവൃത്തിപരിചയമുണ്ടെന്ന് കെൽട്രോൺ അവകാശപ്പെടുന്ന ഒരു കമ്പനി തുടങ്ങിയത് 2017 ലാണ്. അവരെങ്ങനെ യോഗ്യത നേടി എന്നത് അറിയണമെങ്കിൽ അംഗീകാരം നൽകിയ മാനദണ്ഡങ്ങൾ പുറത്തുവരണം. ഇതാകട്ടെ പ്രീ ക്വാളിഫിക്കേഷൻ ഇവാലുവേഷനിലാണുണ്ടാവുക. ഇത് പക്ഷേ പുറത്തുവിട്ടിട്ടുമില്ല.എ.ഐ കാമറയിൽ പ്രവൃത്തി പരിചയമില്ലെന്ന് ബംഗളൂരുവിലെ കമ്പനി തന്നെ പറയുന്നു. പക്ഷേ എന്നിട്ടും എന്ത് മാനദണ്ഡപ്രകാരം കരാർ നൽകി എന്നതും ചോദ്യമായി ശേഷിക്കുന്നു.
മാനുഫാക്ചർ ഓതറൈസേഷൻ ഫോമിന്റെ കാര്യവും അവ്യക്തമാണ്. നിർമാതാക്കളുടെ ഉൽപന്നങ്ങൾ തന്നെയാണോ ഉപയോഗിച്ചിരിക്കുന്നത് എന്നതാണ് ഇതിലുണ്ടാവുക. ടെക്നിക്കൽ രേഖകൾക്കൊപ്പം ഉപകരാർ നൽകിയിട്ടുണ്ടെങ്കിൽ അതും രേഖകളിൽ പരാമർശിക്കുകയും ഉൾക്കൊള്ളിക്കുകയും വേണം. കെൽട്രോൺ ഇക്കാര്യം സൂചിപ്പിച്ചിട്ടില്ല എന്നതാണ് സാഹചര്യങ്ങൾ വ്യക്തമാക്കുന്നത്. ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരീകരിക്കുകയും വ്യക്തത വരുകയും ചെയ്യണമെങ്കിൽ രേഖകൾ പുറത്തുവരണം. കെൽട്രോൺ ആദ്യം ഉപകരാർ ഏർപ്പെട്ടിരുന്നവർ പിന്മാറി. പിന്നീടാണ് ഇപ്പോഴുള്ളവരുമായി കരാറിലെത്തിയത്.
ഇൗ കമ്പനികളുടെ പേർ അന്ന് തന്നെ പറയുക അസാധ്യമാണ്. ഇതാണ് ഉപകരാർ കാര്യത്തിലെ ഒളിച്ചുകളിക്ക് കാരണമെന്നാണ് വിലയിരുത്തൽ.ടെക്നിക്കൽ ഇവാലുവേഷൻ ഡോക്യുമെന്റ് പുറത്തുവിട്ടിട്ടില്ല. പുറത്തുവന്ന രേഖകൾ വീണ്ടും പുറത്തുവിട്ട ശേഷം ‘ഞങ്ങൾ സുതാര്യമാണെന്ന്’ പറയുകയാണ് കെൽട്രോൺ ചെയ്യുന്നതെന്നാണ് വിമർശനം.
അന്യുറ്റി കരാർ സ്കീമിലെ അട്ടിമറിയും ചർച്ചയാവുന്നു
തിരുവനന്തപുരം: എ.ഐ കാമറ പദ്ധതി ബി.ഒ.ഒ.ടി സ്കീമിൽ പ്രഖ്യാപിച്ച ശേഷം പിന്നീട് അന്യുറ്റി സ്കീമിലേക്ക് മാറ്റിയത് കമ്പനികൾ കോടതിയിൽ ചോദ്യം ചെയ്താൽ അതും സർക്കാറിന് തലവേദനയാകും. ടെൻഡർ നോട്ടീസിലുണ്ടായിരുന്നത് കമ്പനികൾ തന്നെ പണം മുടക്കി നിർമിച്ച്, പ്രവർത്തിപ്പിച്ച്, കൈമാറുന്ന (ബി.ഒ.ഒ.ടി) മാതൃകയെന്നാണ്. പദ്ധതി നടപ്പാക്കിക്കഴിയുമ്പോൾ ലഭിക്കുന്ന വരുമാനത്തിൽനിന്ന് ചെലവും ലാഭവും ഈടാക്കിയശേഷം സർക്കാറിന് ഉടമസ്ഥാവകാശം കൈമാറുകയാണ് ഈ രീതി.
എന്നാൽ, ഇതിൽനിന്ന് മാറ്റി മൂന്നുമാസം കൂടുമ്പോൾ കെൽട്രോണിന് 11.61 കോടിവീതം നൽകുന്ന അന്യുറ്റി മാതൃകയിലേക്ക് പദ്ധതി മാറ്റാൻ 2023 ഏപ്രിൽ 18ന് സർക്കാർ തീരുമാനിക്കുകയായിരുന്നു. ഫലത്തിൽ ടെൻഡർ ക്ഷണിച്ചതിൽനിന്ന് വ്യത്യസ്തമായാണ് നടപ്പാക്കിയത്. ബി.ഒ.ഒ.ടി സ്കീമിലായതിനാലാണ് തങ്ങൾ പങ്കെടുക്കാതിരുന്നതെന്നും അന്യുറ്റി സ്കീമിലായിരുന്നെങ്കിൽ പങ്കെടുക്കുമായിരുന്നെന്നും കാട്ടി ഏതെങ്കിലും കമ്പനി കോടതിയെ സമീപിച്ചാലും കരാറിനെ പ്രതികൂലമായി ബാധിക്കും. ടെൻഡറിൽ പരാജയപ്പെട്ട കമ്പനിക്ക് അന്യുറ്റി സ്കീമായിരുന്നെങ്കിൽ ഇതിനെക്കാൾ കുറഞ്ഞ തുക ക്വോട്ട് ചെയ്യുമെന്ന് ചൂണ്ടിക്കാട്ടി കോടതിയെ സമീപിച്ചാലും മതി.
പദ്ധതിയുടെ പ്രവര്ത്തന മാതൃകയിൽ അടക്കം മാറ്റം വരുത്തി പല കാലങ്ങളിലായി ആറ് ഉത്തരവുകളാണ് സര്ക്കാര് പുറത്തിറക്കിയത്. ഏറ്റവും ഒടുവിൽ കോടികൾ മുടക്കിയ പദ്ധതി ഇനി ഉപേക്ഷിക്കാനാകില്ലെന്ന് ഗതാഗത സെക്രട്ടറിയുടെ കുറിപ്പ് പരിഗണിച്ച മന്ത്രിസഭ യോഗം വീഴ്ചകളെല്ലാം സാധൂകരിച്ച് അനുമതി നൽകുകയായിരുന്നു. ‘എല്ലാം നടപ്പാക്കിയതിനാലും ഉപകരണങ്ങൾ വാങ്ങാനുള്ള ഓർഡർ റദ്ദ് ചെയ്യാൻ കഴിയാത്തതിനാലും ഇതിന് അംഗീകാരം നൽകാമെന്നാണ്’ മന്ത്രിസഭ യോഗ തീരുമാനത്തിലെ പരാമർശം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.