എ.ഐ കാമറ: കരാർ രേഖകൾ പകുതി പരസ്യപ്പെടുത്തി കെൽട്രോൺ
text_fieldsതിരുവനന്തപുരം: എ.ഐ കാമറ ഇടപാടുകൾ സംബന്ധിച്ച് പ്രതിപക്ഷം കൂടുതൽ തെളിവുകൾ പുറത്തുവിട്ടതിന് പിന്നാലെ കരാർ രേഖകൾ പരസ്യപ്പെടുത്തി കെൽട്രോൺ. ടെൻഡർ രേഖകൾ മുതൽ പ്രൊജക്ട് റിപ്പോർട്ട് വരെ ഏഴ് രേഖകളാണ് വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചത്.
കരാർ രേഖകൾ പരസ്യപ്പെടുത്താൻ കഴിഞ്ഞ ദിവസം മന്ത്രി പി. രാജീവ് കെൽട്രോണിനോട് ആവശ്യപ്പെട്ടിരുന്നു. സർക്കാറിന്റെ ഭരണാനുമതി, വർക്ക് ഓർഡർ, ഗതാഗത കമീഷണറുമായുള്ള കരാർ, ടെൻഡർ, എസ്.ആർ.ഐ.ടിയുമായുള്ള കരാർ, പ്രോജക്ട് റിപ്പോർട്ട്, അന്തിമ വില പട്ടിക എന്നിവയാണ് പ്രസിദ്ധീകരിച്ചത്. അതേസമയം എസ്.ആർ.ഐ.ടി നൽകിയ ഉപകരാറുകൾ പ്രസിദ്ധീകരിച്ചില്ല. ടെക്നിക്കൽ ഇവാലുവേഷൻ റിപ്പോർട്ടും ഇക്കൂട്ടത്തിലില്ല. 2017ൽ പ്രവർത്തനമാരംഭിച്ച കമ്പനിക്ക് എങ്ങനെ 10 വർഷത്തെ പ്രവർത്തിപരിചയം നിശ്ചയിച്ചുവെന്നതടക്കം വഴിവിട്ട ഇടപാടലുകളുടെ തെളിവുകൾ ഈ റിപ്പോർട്ടിലാണുള്ളത്.
മന്ത്രി ആവശ്യപ്പെട്ടതിനെ തുടർന്ന് കെൽട്രോൺ പദ്ധതി സംബന്ധിച്ച റിപ്പോർട്ട് കൈമാറിയിരുന്നു. പദ്ധതി നടപ്പാക്കുന്നതിന് ഉപകരാർ നേടിയ ബംഗളൂരുവിലെ കമ്പനി വീണ്ടും ഉപകരാർ നൽകിയ കാര്യം തങ്ങളെ അറിയിച്ചിരുന്നെന്ന് ഈ റിപ്പോർട്ടിൽ കെൽട്രോൺ ചൂണ്ടിക്കാട്ടുന്നു. അതേസമയം ഉപകരാർ നേടിയ കമ്പനികളുമായി തങ്ങൾക്ക് ബന്ധമില്ലെന്നും റിപ്പോർട്ടിലുണ്ട്. പദ്ധതിയുടെ പ്രോജക്ട് മാനേജ്മെന്റ് കൺസൾട്ടന്റായി പ്രവർത്തിക്കുന്നതിലൂടെ 6.40 കോടിയും കൺട്രോൾ റൂമുകൾ സ്ഥാപിച്ച് പരിപാലിക്കുന്നതിനും മറ്റുമായി 66.92 കോടിയും ഉൽപന്നങ്ങൾ വിതരണം ചെയ്തതുവഴി 5.68 കോടിയും തങ്ങൾക്ക് ലഭിക്കുമെന്നും കെൽട്രോണിന്റെ റിപ്പോർട്ടിലുണ്ട്.
പ്രൊജക്ട് കൺസൾട്ടന്‍റ് ഉൽപന്നങ്ങൾ വിതരണം ചെയ്യുന്ന കമ്പനിയായി പ്രവർത്തിക്കാൻ പാടില്ലെന്ന ചട്ടത്തിന്റെ ലംഘനമാണിത്. ഇടപാടുകളെകുറിച്ച് പരിശോധിക്കാൻ ചുമതലപ്പെടുത്തിയ വ്യവസായ സെക്രട്ടറി അന്വേഷണ നടപടി ആരംഭിച്ചിട്ടുണ്ട്. എ.ഐ കാമറകളുടെ കാര്യത്തിൽ കൺസൾട്ടന്‍റായ കെൽട്രോൺ തന്നെ കരാറിലേർപ്പെട്ടുവെന്നതാണ് പൊരുത്തക്കേട്. ഏപ്രിൽ 18ന് സർക്കാർ ഇറക്കിയ ഉത്തരവിൽ ‘പണം മുടക്കിപ്പോയത് കൊണ്ടും ഗതാഗത കമീഷണറുടെ ഉത്തരവ് റദ്ദാക്കാൻ ഇനി സാധിക്കാത്തത് കൊണ്ടും പദ്ധതിക്ക് അനുമതി കൊടുക്കുന്നു’ എന്നാണുള്ളത്.
സർക്കാർ അറിയാതെ ഗതാഗത കമീഷണർക്ക് ഇത്തരത്തിൽ സുപ്രധാനമായ ഉത്തരവുകൾ ഇറക്കാൻ കഴിയുമോ എന്നതാണ് ഉയരുന്ന ചോദ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.