എ.ഐ കാമറ: തുക ലഭിക്കാൻ ഹൈകോടതിയുടെ അനുമതി തേടി കെൽട്രോൺ
text_fieldsകൊച്ചി: ഗതാഗത നിരീക്ഷണത്തിന് സംസ്ഥാനത്ത് എ.ഐ കാമറകൾ സ്ഥാപിച്ച ഇനത്തിൽ ലഭിക്കാനുള്ള തുകയുടെ മൂന്നും നാലും ഗഡു അനുവദിക്കണമെന്ന ആവശ്യവുമായി കെൽട്രോൺ ഹൈകോടതിയിൽ. എ.ഐ കാമറ സ്ഥാപിച്ചതിൽ ക്രമക്കേട് ആരോപിച്ച് പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും നൽകിയ ഹരജിയിൽ ഫണ്ട് അനുവദിക്കുന്നത് നേരത്തേ വിലക്കിയ സാഹചര്യത്തിലാണ് തുടർ ഗഡുക്കൾ ലഭിക്കാനായി ചീഫ് ജസ്റ്റിസ് എ.ജെ. ദേശായി, ജസ്റ്റിസ് വി.ജി. അരുൺ എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ച് മുമ്പാകെ കെൽട്രോൺ ആവശ്യമുന്നയിച്ചത്. കെൽട്രോണിന്റെ അഭ്യർഥനയെത്തുടർന്ന് ഒന്നും രണ്ടും ഗഡുവായി 11.79 കോടി വീതം നൽകാൻ കോടതി നേരത്തേ അനുമതി നൽകിയിരുന്നു.
കോടതിയുടെ മേൽനോട്ടത്തിൽ അന്വേഷണം നടത്തണമെന്നതടക്കം ആവശ്യപ്പെട്ടാണ് പ്രതിപക്ഷ നേതാക്കൾ ഹരജി നൽകിയിരിക്കുന്നത്. 236 കോടി ചെലവിട്ട് ബി.ഒ.ഒ.ടി (ബിൽഡ്, ഓൺ, ഓപറേറ്റ് ആൻഡ് ട്രാൻസ്ഫർ) മാതൃകയിലുള്ള പദ്ധതിക്കാണ് ടെൻഡർ വിളിച്ചിരുന്നതെന്നും പിന്നീട് പണം നൽകി നടപ്പാക്കുന്ന രീതിയിലേക്ക് മാറ്റിയെന്നുമാണ് ഹരജിക്കാരുടെ മുഖ്യ ആരോപണം. മതിയായ യോഗ്യത കെൽട്രോണിനില്ല. പദ്ധതി നടത്തിപ്പുകാർക്ക് ഭരണത്തിലെ ഉന്നതരുമായുള്ള ബന്ധവും രാഷ്ട്രീയ സ്വാധീനവുമാണ് ധനവകുപ്പ് തള്ളിയിട്ടും പദ്ധതി നടപ്പാക്കാൻ കാരണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.