എ.ഐ കാമറ: അന്തിമ ധാരണപത്രത്തിൽ മാറ്റങ്ങൾക്ക് സാധ്യത
text_fieldsതിരുവനന്തപുരം: എ.ഐ കാമറ വിഷയത്തിൽ വ്യവസായ സെക്രട്ടറിയുടെ റിപ്പോർട്ട് മുന്നിൽവെച്ച് ന്യായീകരണം നിരത്തുമ്പോഴും അന്തിമ ധാരണപത്രത്തിലെ വ്യവസ്ഥകളിൽ ഇളവുവരുത്തുകയോ മാറ്റം വരുത്തുകയോ ചെയ്ത് തടിതപ്പാൻ സർക്കാർ ശ്രമം. പദ്ധതിത്തുക കുറക്കുന്നതടക്കം കാര്യങ്ങളാണ് പരിഗണനയിലുള്ളത്. മോട്ടോര്‍ വാഹനവകുപ്പും കെല്‍ട്രോണും തമ്മിലെ അന്തിമ ധാരണപത്രം സാവകാശം മതിയെന്ന തീരുമാനം നിലപാട് മാറ്റത്തിന്റെ സൂചനകളാണ് നൽകുന്നത്. അന്തിമ കരാറിലെ വ്യവസ്ഥകൾ സംബന്ധിച്ച് തീരുമാനമെടുക്കുന്നതിന് ബുധനാഴ്ച ഉന്നതതലയോഗം ചേരുന്നുണ്ട്.
ഈ കരാറിലെ വ്യവസ്ഥകൾ കെൽട്രോണിനും എസ്.ആർ.ഐ.ടിക്കും നിർണായകവുമായിരിക്കും. എന്നാൽ, പിഴ ചുമത്തിത്തുടങ്ങുന്നതിന് അന്തിമ ധാരണപത്രം ഒപ്പിടണമെന്നില്ല. എ.ഐ കാമറകൾ വഴി പിടികൂടുന്ന നിയമലംഘനങ്ങൾക്ക് പിഴ ചുമത്തുന്നത് സംബന്ധിച്ച കാര്യങ്ങളും യോഗത്തിൽ കൈക്കൊള്ളും. പിഴ ചുമത്തേണ്ടിയിരുന്നത് മേയ് 20 മുതലായിരുന്നെങ്കിലും വിവാദങ്ങളുടെ പശ്ചാത്തലത്തിൽ ഇത് ജൂൺ അഞ്ചിലേക്ക് നീട്ടി. പദ്ധതിയില്‍ ഇതുവരെ സര്‍ക്കാര്‍ പണം മുടക്കിയിട്ടില്ല. കെല്‍ട്രോണുമായി ഉണ്ടാക്കിയ കരാര്‍ പ്രകാരം കമ്പനികളാണ് കാമറ സ്ഥാപിച്ച് കണ്ട്രോള് യൂനിറ്റുകള്‍ സജ്ജീകരിച്ചത്. ഈ തുക ഗഡുക്കളായി തിരിച്ചുനൽകണമെന്നാണ് വ്യവസ്ഥ. ഇതിനാകട്ടെ, കാമറകൾ പ്രവർത്തിച്ച് തുടങ്ങണം.
ഇരുചക്ര വാഹനങ്ങളിൽ മാതാപിതാക്കൾ കുട്ടികളെയും കൊണ്ടുപോകുന്നത് എ.ഐ കാമറ കണ്ടെത്തിയാലും പിഴ ഈടാക്കേണ്ടതില്ലെന്നാണ് ധാരണ. ഇത്തരം യാത്രക്ക് ഇപ്പോൾ പിഴ ഈടാക്കുന്നില്ല. നിയമത്തിൽ ഇളവ് തേടി കേന്ദ്ര സർക്കാറിന് സംസ്ഥാന സർക്കാർ കത്തയച്ചിരുന്നു.
കേന്ദ്ര നിയമപ്രകാരം നാല് വയസ്സിന് മുകളിലുള്ള കൂട്ടികളെ യാത്രക്കാരായി കണക്കാക്കും. സംസ്ഥാനത്തിന് മാത്രമായി ഇത്തരമൊരു ഇളവിന് സാധ്യതയില്ല. ഈ വിഷയത്തില്‍ സംസ്ഥാന സര്‍ക്കാര്‍ നേരിട്ട് പ്രഖ്യാപനമോ ഉത്തരവോ നൽകാതെ ഇളവ് നൽകാനാണ് സാധ്യത. ഇക്കാര്യത്തിലും ഇന്ന് വ്യക്തതയുണ്ടാകും. ഒരു നിയമലംഘനത്തിന് ഒന്നിൽ കൂടുതൽ കാമറകൾ പിഴ ഈടാക്കുന്ന രീതിയിലും ഇളവ് വരുത്തുന്ന കാര്യം ചർച്ച ചെയ്യും.
പ്രതിദിനം രണ്ടു ലക്ഷം നിയമലംഘനങ്ങൾക്ക് പിഴ ഈടാക്കാനാകുമെന്നാണ് മോട്ടോർ വാഹനവകുപ്പ് കരുതുന്നത്. ദിവസവും രണ്ടര ലക്ഷത്തോളം നിയമലംഘനങ്ങൾ ഇപ്പോൾ കാമറയിൽ പെടുന്നുണ്ട്.
അതിനാൽ പിഴ ഈടാക്കാൻ തുടങ്ങിയാൽ ദിവസവും രണ്ടു ലക്ഷം പേർക്കെങ്കിലും നോട്ടീസ് അയക്കേണ്ടി വരും. നിലവിൽ 146 ജീവനക്കാരെയാണ് നോട്ടീസ് അയക്കാൻ കെൽട്രോൺ നിയോഗിച്ചിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.