എ.ഐ കാമറ: എന്തിന് വി.ഐ.പികളെ ഒഴിവാക്കിയെന്ന് രമേശ് ചെന്നിത്തല, പദ്ധതിയുടെ വിശദാംശങ്ങൾ സർക്കാർ പുറത്തുവിടണം
text_fieldsതിരുവനന്തപുരം: സംസ്ഥാനത്ത് എ.ഐ കാമറകൾ സ്ഥാപിച്ച നടപടിക്രമങ്ങളെ ചോദ്യം ചെയ്ത് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. സാധാരണക്കാരെ പിഴിയുന്ന നടപടിയാണിത്. ടെൻഡർ വിളിച്ചാണോ സ്വകാര്യ കമ്പനിക്ക് കരാർ നൽകിയതെന്ന് വിശദീകരിക്കണം. പദ്ധതിയുടെ വിശദാംശങ്ങൾ സർക്കാർ പുറത്തുവിടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഈ വിഷയത്തിൽ വിവരാവകാശം വഴി ചോദിച്ചിട്ടും മറുപടി ലഭിച്ചിട്ടില്ല.
വി.ഐ.പി.കളെ എന്തടിസ്ഥാനത്തിലാണ് ഒഴിവാക്കിയത്. വി.ഐ.പി പരിഗണന ഒഴിവാക്കണം. എ.ഐ കാമറ ടെൻഡർ സുതാര്യമാണോ ? ഏത് കമ്പനിക്കാണ് കരാർ നൽകിയത് ? വന്യു ഷെയർ എത്രയാണെന്ന് വ്യക്തമാക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.
അതേസമയം കാമറ വഴി കണ്ടെത്തുന്ന നിയമലംഘനങ്ങൾക്ക് ഒരു മാസം പിഴ ഈടാക്കില്ലെന്ന് മന്ത്രി ആന്റണി രാജു പറഞ്ഞു. ഒരു മാസം ബോധവതകരണം നടത്താനാണ് തീരുമാനം. പൊടുന്നനെ നടപ്പാക്കുന്നതിനെതിരെ വ്യാപക വിമർശനം ഉയർന്ന സാഹചര്യത്തിലാണ് പുതിയ തീരുമാനം. എന്നാൽ, മുഖ്യമന്ത്രിയുടെ നിർദേശപ്രകാരമാണ് പിഴ ഈടാക്കുന്നത് ഒരു മാസം നീട്ടിയതെന്നും ആന്റണി രാജു പറഞ്ഞു.
726 എ.ഐ. ക്യാമറകളാണ് സംസ്ഥാനത്തുടനീളം സ്ഥാപിച്ചിരിക്കുന്നത്. ഹെൽമറ്റ്, സീറ്റ് ബൽറ്റ് എന്നിവ ഉപയോഗിക്കാത്തതിന് 500 രൂപ , മൂന്ന് പേരുടെ ബൈക്ക് യാത്ര 1000 രൂപ, ഡ്രൈവിങ്ങിനിടെ മൊബൈൽ ഫോൺ ഉപയോഗം 2000 രൂപ എന്നിങ്ങനെയാണ് പിഴ. അടിയന്തര ആവശ്യ വാഹനങ്ങൾക്ക് പിഴയിൽ നിന്ന് ഇളവുണ്ടാകും. കെൽട്രോണിന്റെ സഹായത്തോടെ 232 കോടി രൂപ മുടക്കിയാണ് എ.ഐ ക്യാമറകൾ സ്ഥാപിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.