Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഎ.ഐ കാമറ വിവാദം:...

എ.ഐ കാമറ വിവാദം: കെല്‍ട്രോണിന് എസ്.ആര്‍.ഐ.ടി നല്‍കിയ കത്ത് പുറത്തുവിട്ടു; വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിട്ടെന്ന വാര്‍ത്ത തെറ്റെന്ന് സതീശൻ

text_fields
bookmark_border
vd satheesan
cancel

കൊല്ലം: എ.ഐ കാമറ വിവാദത്തില്‍ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിട്ടെന്ന വാര്‍ത്ത തെറ്റാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. സ്ഥലംമാറ്റം ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ അഴിമതി നടത്തിയതിന് മുന്‍ ട്രാൻസ്‌പോര്‍ട്ട് ജോയിന്റ് കമീഷണര്‍ക്കെതിരായ പരാതിയിലുള്ള അന്വേഷണമാണ് നടക്കുന്നത്. 2022 മേയിലാണ് ഈ പരാതിയില്‍ പ്രാഥമിക അന്വേഷണം ആരംഭിച്ചത്. അല്ലാതെ എ.ഐ കാമറ ഇടപാട് സംബന്ധിച്ച് പ്രതിപക്ഷം ഇപ്പോള്‍ പുറത്ത് കൊണ്ട് വന്നിരിക്കുന്ന ആരോപണങ്ങളില്ലല്ല അന്വേഷണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

അന്വേഷണം നടക്കുന്നുണ്ടെങ്കില്‍ വിവാദങ്ങള്‍ ഉണ്ടായപ്പോള്‍ അക്കാര്യങ്ങളില്‍ വിജിലന്‍സ് അന്വേഷണം നടന്നു കൊണ്ടിരിക്കുകയാണെന്ന് മുഖ്യമന്ത്രിയോ മന്ത്രിമാരോ പറയാതിരുന്നത് എന്തുകൊണ്ടാണ്? എ.ഐ കാമറയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പുറത്ത് വിടണമെന്ന് ആവശ്യപ്പെട്ട് ഇന്ന് രാവിലെ ഞാന്‍ മുഖ്യമന്ത്രിക്ക് കത്ത് നല്‍കിയതിന് പിന്നാലെയാണ് വിജിലന്‍സ് അന്വേഷണം സംബന്ധിച്ച വാര്‍ത്ത പുറത്ത് വന്നത്. വിജിലന്‍സ് അന്വേഷണം നടക്കുകയാണെങ്കില്‍ ഏപ്രില്‍ 12ന് ചേര്‍ന്ന മന്ത്രിസഭ യോഗം എ.ഐ പദ്ധതിക്ക് അനുമതി നല്‍കിയത് എന്തിനാണ്? പത്ത് പേജുള്ള മന്ത്രിസഭാ നോട്ടിലും ഒരിടത്തും വിജിലന്‍സ് അന്വേഷണത്തെ കുറിച്ച് പറയുന്നില്ല. വിജിലന്‍സ് അന്വേഷണം നടക്കുകയാണെങ്കില്‍ മുഖ്യമന്ത്രി ആഘോഷപൂര്‍വം എ.ഐ കാമറകള്‍ ഉദ്ഘാടനം ചെയ്തത് എന്തിനാണ്? ഉദ്യോഗസ്ഥനെതിരായ ആരോപണത്തെയാണ് എ.ഐ കാമറ അഴിമതിക്കെതിരായ അന്വേഷണമെന്ന തരത്തില്‍ തെറ്റിദ്ധരിപ്പിക്കുന്നത്. ഇടപാടില്‍ സമഗ്രമായ അന്വേഷണമാണ് പ്രതിപക്ഷം ആവശ്യപ്പെടുന്നത്. വിഷയത്തില്‍ നിയമപരമായ പരിഹാരം തേടുന്നത് ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ നാളെ ചേരുന്ന യു.ഡി.എഫ് യോഗം ചര്‍ച്ച ചെയ്ത് തീരുമാനിക്കുമെന്ന് വി.ഡി സതീശൻ വ്യക്തമാക്കി.

എ.ഐ കാമറ ഇടപാടുമായി ബന്ധപ്പെട്ട് ദുരൂഹമായ വിവരങ്ങളാണ് പുറത്ത് വന്നു കൊണ്ടിരിക്കുന്നത്. കെല്‍ട്രോണിന്റെ വെബ്‌സൈറ്റില്‍ ചേര്‍ത്തിട്ടില്ലാത്ത ടെണ്ടര്‍ ഡോക്യുമെന്റ് പ്രതിപക്ഷം പുറത്ത് വിടുകയാണ്.

"The bidder in its technical document shall provide the list of services planned to be subcontracted. The subcontractor shall not be entertained for core activities like data security, data integrity, configuration of the equipment and the facility management. The bidder should give the list of subcontracting companies name and other details if any. Keltron reserves the right to approve or disapprove." -എന്നാണ് ടെണ്ടര്‍ ഡോക്യുമെന്റില്‍ പറഞ്ഞിരിക്കുന്നത്. അതായത് പ്രധാനപ്പെട്ട കാര്യങ്ങളില്‍ ഉപകരാര്‍ പാടില്ല. ഈ വ്യവസ്ഥകളെല്ലാം ലംഘിച്ചാണ് എല്ലാ ഉപകരാറുകളും നല്‍കിയിരിക്കുന്നത്.

"The Tenderer should be a reputed Original Equipment Manufacturer (OEM) or OEM authorized Vendor having sound technical and financial capabilities and also having strong service presents in Kerala."

കാമറ നിര്‍മിക്കുന്നവര്‍ക്കോ അല്ലെങ്കില്‍ അത് നിര്‍മ്മിക്കുന്ന കമ്പനികളുടെ വെണ്ടര്‍മാര്‍ക്കും സാങ്കേതികത്തികവും സാമ്പത്തിക ശേഷിയുമുള്ള കമ്പനികള്‍ക്കും മാത്രമെ ടെണ്ടര്‍ നല്‍കാവൂവെന്ന് എഴുതിവച്ചിട്ട് ഇതൊന്നും ഇല്ലാത്ത എസ്.ആര്‍.ഐ.ടി സാങ്കേതിക ബിഡ്ഡില്‍ വിജയിച്ചത് എങ്ങനെ?

"The selected bidder shall provide 5 year onsite comprehensive support (3 year warranty + 2 Year AMC) for the entire systems supplied including control rooms infra structure."

മൂന്ന് വര്‍ഷത്തെ വാറന്റിയും 2 വര്‍ഷത്തെ എ.എം.സിയും കണ്‍ട്രോള്‍ റൂമും ഉള്‍പ്പെടെ അഞ്ച് വര്‍ഷത്തേക്ക് എല്ലാവിധ പിന്തുണയും നല്‍കണമെന്നാണ് ടെണ്ടര്‍ ഡോക്യുമെന്റില്‍ പറയുന്നത്. ഇതിന് വിരുദ്ധമായാണ് 66 കോടി രൂപ എ.എം.സിക്കായി മാറ്റിവച്ചിരിക്കുന്നത്. ഇത്തരത്തില്‍ ടെണ്ടര്‍ ഡോക്യുമെന്റില്‍ ആദ്യാവസാനം വരെയുള്ള വ്യവസ്ഥകളെല്ലാം ലംഘിച്ച് കൊണ്ടുള്ള കൊള്ളയാണ് എ.ഐ കാമറ ഇടപാടിന് പിന്നില്‍ നടന്നിരിക്കുന്നത്.

സാങ്കേതിക പ്രാവീണ്യം ഇല്ലാത്തതിനാല്‍ ട്രോയ്‌സ്, മീഡിയട്രോണിക്‌സ് എന്നീ കമ്പനികളെ കൂട്ടുപിടിച്ചാണ് എസ്.ആര്‍.ഐ.ടി ടെണ്ടര്‍ നേടിയെടുത്തത്. പദ്ധതി നടപ്പാക്കാന്‍ എസ്.ആര്‍.ഐ.ടിക്ക് ആവശ്യമായ എല്ലാ പിന്തുണയും നല്‍കുമെന്ന് കാട്ടി ഈ രണ്ട് കമ്പനികളും കെല്‍ട്രോണിന് കത്ത് നല്‍കിയിട്ടുണ്ട്. ഈ കമ്പനികള്‍ നല്‍കിയ കത്ത് പ്രതിപക്ഷം പുറത്ത് വിടുകയാണ്. എസ്.ആര്‍.ഐ.ടി ടെക്‌നിക്കലി ക്വാളിഫൈഡ് അല്ലാത്തതിനാലാണ് മറ്റ് കമ്പനികളുടെ സഹായം തേടിയത്. ഇത്തരത്തില്‍ ടെക്‌നിക്കലി ക്വാളിഫൈഡ് അല്ലാത്ത കമ്പനിക്ക് ടെണ്ടര്‍ ലഭിച്ചത് എങ്ങനെ?

ട്രോയ്‌സ് എന്ന കമ്പനിയുടെ ഡയറക്ടര്‍ ഊരാളുങ്കലും എസ്.ആര്‍.ഐ.ടിയും ചേര്‍ന്നുണ്ടാക്കിയ കമ്പനിയുടെയും ഡയറക്ടറായിരുന്നു. കണ്ണൂരിലെ കറക്ക് കമ്പനികളെല്ലാം ചേര്‍ന്നാണ് തട്ടിപ്പ് നടത്തുന്നത്. എല്ലാം ചെന്നു ചേരുന്നത് ഒരു പെട്ടിയിലേക്ക് തന്നെയാണ്. ഏതോ ഉദ്യോഗസ്ഥനെതിരായ പരാതിയില്‍ നടക്കുന്ന അന്വേഷണം എ.ഐ കാമറ ഇടപാടിനെ കുറിച്ചാണെന്ന് പറഞ്ഞാല്‍ അത് വിശ്വസിക്കാന്‍ ഞങ്ങളാരും വിഡ്ഢികളല്ല. സമഗ്രമായ അന്വേഷണം നടത്തിയില്ലെങ്കില്‍ നിയമപരമായ മാര്‍ഗങ്ങള്‍ തേടും. സമരം ഉള്‍പ്പെടെയുള്ളവയെ കുറിച്ചും യു.ഡി.എഫ് ആലോചിക്കും.

എ.ഐ കാമറ അഴിമതിയില്‍ മുഖ്യമന്ത്രിക്കും മുഖ്യമന്ത്രിയുടെ ഓഫിസിനും പങ്കുണ്ട്. അതിനുള്ള കൃത്യമായ തെളിവ് പ്രതിപക്ഷത്തിന്റെ പക്കലുണ്ട്. അത് വരും ദിവസങ്ങളില്‍ പുറത്ത് വിടും. ഇതുവരെ പ്രതിപക്ഷം പുറത്തുവിട്ട രേഖകളൊന്നും തെറ്റാണെന്ന് ആരും പറഞ്ഞിട്ടില്ല. രേഖകളുടെ അടിസ്ഥാനത്തിലാണ് പ്രതിപക്ഷം ആരോപണം ഉന്നയിച്ചത്. ഈ കറക്ക് കമ്പനികളെല്ലാം അധികാര ദല്ലാള്‍മാരാണ്. ഇവരുടെയെല്ലാം പാതകള്‍ ആരംഭിക്കുന്നത് പല സ്ഥലങ്ങളില്‍ നിന്നാണെങ്കിലും അവസാനിക്കുന്നത് ഒരു പെട്ടിയിലാണ്.

മന്ത്രിസഭാ നോട്ട് നല്‍കിയ മന്ത്രിയാണ് കരാറിനെ കുറിച്ച് കെല്‍ട്രോണിനോട് ചോദിച്ചാല്‍ മതിയെന്ന് പറഞ്ഞത്. പത്ത് പേജുള്ള മന്ത്രിസഭാ നോട്ടില്‍ എസ്.ആര്‍.ഐ.ടി ഉള്‍പ്പെടെ ഉപകരാര്‍ നല്‍കിയ ഒരു കമ്പനികളുടെയും പേരില്ല. ടെണ്ടര്‍ നല്‍കിയ മൂന്ന് കമ്പനികള്‍ക്കും പരസ്പര ബന്ധമുണ്ട്. അത് തെളിയിക്കുന്ന രേഖകളാണ് പ്രതിപക്ഷം ഇന്നലെ പുറത്ത് വിട്ടത്. എസ്.ആര്‍.ഐ.ടി 6 കോടി രൂപ നോക്ക് കൂലി വാങ്ങി പ്രസാഡിയോ രണ്ട് കമ്പനികളെ എല്‍പ്പിച്ചു. ഇതില്‍ ഒന്നും ചെയ്യാത്ത പ്രസാഡിയോക്ക് 60 ശതമാനമാണ് നോക്ക് കൂലി. ആ കമ്പനിയെ കുറിച്ച് ഇപ്പോള്‍ ഒന്നും പറയുന്നില്ല. ആ കമ്പനി ആരുടേതാണെന്ന് മാധ്യമങ്ങള്‍ കൂടി അന്വേഷിച്ച് നോക്കെന്നും സതീശൻ പറഞ്ഞു.

വന്ദേഭാരത് കേരളത്തിലേക്ക് കൊണ്ടു വരണമെന്ന് ആദ്യം പറഞ്ഞത് കേരളത്തിലെ പ്രതിപക്ഷമാണ്. സില്‍വര്‍ ലൈനിന് ബദലായി വന്ദേഭാരത് കൊണ്ട് വരണണമെന്നാണ് അന്ന് ആവശ്യപ്പെട്ടത്. കാലോചിതമായ മാറ്റമാണ് റെയില്‍വേയില്‍ നടക്കുന്നത്. ജനശതാബ്ദിയും രാജധാനിയും വന്നപ്പോള്‍ ഞങ്ങളാരും രാഷ്ട്രീയമായി വിറ്റിട്ടില്ല. റെയില്‍വേയില്‍ ഇപ്പോള്‍ വന്ന മാറ്റമാണ് വന്ദേഭാരത്. വന്ദേഭാരത് ബി.ജെ.പിയും ഔദാര്യമല്ല, അവകാശമാണ്. 400 ട്രെയിന്‍ വന്നിട്ട് ഒരെണ്ണം തന്നത് ഇത്ര ആഘോഷിക്കേണ്ടതില്ല. പോസ്റ്റര്‍ ആര് ഒട്ടിച്ചാലും തെറ്റാണ്. അക്കാര്യം എം.പിയും വ്യക്തമാക്കിയിട്ടുണ്ട്.

യുവാക്കളുമായി പ്രധാനമന്ത്രി സംവദിക്കുമെന്നാണ് പറഞ്ഞത്. തെറ്റിദ്ധരിപ്പിച്ചാണ് പലരെയും ആ പരിപാടികളില്‍ പങ്കെടുപ്പിച്ചത്. യൂത്ത് ഐക്കണ്‍ അവാര്‍ഡ് നല്‍കുമെന്ന് പോലും അതില്‍ പലരോടും പറഞ്ഞു. പരിപാടിയില്‍ പങ്കെടുത്തത് രാഷ്ട്രീയ ആഭിമുഖ്യം പ്രകടിപ്പിച്ചാണോ അല്ലാതെയാണോയെന്ന് വരും ദിവസങ്ങളില്‍ വ്യക്തമാകും. കേന്ദ്ര സര്‍ക്കാരിന് കീഴില്‍ 25 ലക്ഷം ഒഴിവുകളില്‍ നിയമനം നടത്താതെയാണ് പ്രധാനമന്ത്രി തൊഴിലില്ലായ്മയെ കുറിച്ച് പറഞ്ഞതെന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി.





Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:AI Camera
News Summary - AI Camera scam: VD Satheesan says the news that Vigilance has ordered an investigation is false
Next Story