ഇനി പിഴയുടെ കാലം...; വി.ഐ.പി വാഹനങ്ങള്‍ക്ക് മുൻപിൽ കാമറ കണ്ണ് ചിമ്മും
text_fieldsതിരുവനന്തപുരം: ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എഐ) സംവിധാനത്തിൽ പ്രവർത്തിക്കുന്ന കാമറകൾ നാളെ മുതൽ സംസ്ഥാനത്ത് പ്രവർത്തനം ആരംഭിക്കും. ഇതോടെ, സാധാരണക്കാരന് പിഴയുടെ കാലം സമ്മാനിക്കുമ്പോൾ, വി.ഐ.പി വാഹനങ്ങൾക്ക് മുൻപിൽ എ.ഐ കാമറ കണ്ണ് ചിമ്മും.
പുതിയ സാഹചര്യത്തിൽ ഒരു ദിവസം എത്ര നിയമലംഘനങ്ങൾ നടത്തിയാലും അതിനെല്ലാം പിഴ നൽകേണ്ടിവരുമെന്നാണ് മോട്ടർ വാഹനവകുപ്പ് പറയുന്നത്. ഒരു ദിവസം ഒരു പിഴ കിട്ടിയാൽ വീണ്ടും പിഴ ഈടാക്കില്ലെന്ന പ്രചാരണം തെറ്റാണെന്ന് ഉദ്യോഗസ്ഥർ പറയുന്നു.
വി.ഐ.പി വാഹനങ്ങളെ പിഴയിൽനിന്ന് നിയമപ്രകാരം ഒഴിവാക്കി. മുഖ്യമന്ത്രി, മന്ത്രി, സ്പീക്കർ, പ്രതിപക്ഷ നേതാവ്, ജഡ്ജിമാർ, മറ്റു പ്രധാന പദവികൾ വഹിക്കുന്നവർ, ക്രമസമാധാനപരിപാലനത്തിനായി ബീക്കൺ ലൈറ്റ് ഘടിപ്പിച്ച വാഹനങ്ങളിൽ സഞ്ചരിക്കുന്നവർ എന്നിവരുടെ വാഹനങ്ങളെയാണ് ഒഴിവാക്കുന്നത്.
കേരളത്തിൽ മാത്രം ഇളവുകൾ നൽകുന്നതല്ലെന്നും രാജ്യത്തെ നിയമം അനുസരിച്ചാണ് പ്രധാന വ്യക്തികൾക്ക് ഇളവ് നൽകുന്നതെന്നാണ് അധികൃതർ നൽകുന്ന വിശദീകരണം. ഇതിനായി വി.ഐ.പി വാഹനങ്ങളെ ഒഴിവാക്കാൻ സോഫ്റ്റുവെയറിൽ സജ്ജീകരണം ഏർപ്പെടുത്തി. ‘ബീക്കൺ ലൈറ്റ് വച്ചിരിക്കുന്ന വാഹനങ്ങളെല്ലാം എമർജൻസി വാഹനങ്ങളാണ്. ഈ സാഹചര്യം പരിഗണിച്ചാണ് നിയമപരമായി ഇളവുകൾ നൽകുന്നത്.
വാഹനം വഴിയിൽ തടഞ്ഞുള്ള പരിശോധന ഒഴിവാക്കാനാണ് എ.ഐ കാമറകൾ ഉപയോഗിക്കുന്നതിലേക്ക് നയിച്ചത്. ഇതുനസരിച്ച് സംസ്ഥാനത്ത് 726 കാമറകളാണുളളത്. സർവൈലൻസ്, എവിഡൻസ്, ക്യാപ്ച്ചർ ക്യാമറ എന്നിങ്ങനെ മൂന്ന് തരത്തിലാണ് നിയമലംഘനങ്ങൾ എ.ഐ ക്യാമറകൾ ഒപ്പിയെടുക്കുന്നത്. വിഡിയോ സ്കാനിങ് സോഫ്റ്റുവെയർ സംവിധാനത്തിലൂടെ വാഹനങ്ങളുടെ നീക്കം നിരീക്ഷിക്കും.
മൺവിളയിലെ കെൽട്രോണിന്റെ സെന്റർ ഡേറ്റ ബാങ്കിൽ ദൃശ്യങ്ങൾ ശേഖരിക്കും. ഇവ തരംതിരിച്ച് ജില്ല കൺട്രോൾ റൂമുകൾക്ക് കൈമാറും. അവിടെനിന്ന് നാഷനൽ ഡേറ്റ ബേസിനു കൈമാറി ഇ–ചെല്ലാൻ സൃഷ്ടിക്കും. നിയമലംഘനം നടന്ന് പരമാവധി ആറു മണിക്കൂറിനുള്ളിൽ മൊബൈൽ ഫോണിൽ സന്ദേശമെത്തും. സ്ഥിരമായി നിയമലംഘനം നടത്തിയാൽ ലൈസൻസ് റദ്ദാക്കുന്നത് അടക്കമുള്ള നടപടികളിലേക്ക് കടക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.