എ.ഐ കാമറ: ന്യായീകരണങ്ങൾക്കിടയിലും മുഴച്ചുനിൽക്കുന്നത് ചട്ടലംഘനങ്ങൾ?
text_fieldsതിരുവനന്തപുരം: എ.ഐ കാമറ വിഷയത്തിലെ കെൽട്രോൺ ഇടപാടുകൾക്ക് സർക്കാർ സുതാര്യത സർട്ടിഫിക്കറ്റ് നൽകുമ്പോഴും കരാർ നാൾവഴികളിൽ മുഴച്ചുനിൽക്കുന്നത് ചട്ടലംഘനങ്ങളാണ്. 2018ലെ ധനവകുപ്പിന്റെ ഉത്തരവുകൾക്ക് വിരുദ്ധമായ ഇടപെടലുണ്ടായിട്ടും അതൊന്നും ‘തെറ്റല്ലെന്നും സാങ്കേതിക നടപടിക്രമങ്ങളാണെ’ന്നുമാണ് വ്യവസായമന്ത്രിയുടെ ന്യായീകരണം.
എ.ഐ കാമറ പദ്ധതിയിലെ പ്രൊജക്ട് മാനേജ്മെന്റ് കൺസൾട്ടന്റാണ് (പി.എം.സി) കെൽട്രോൺ. 2018 ആഗസ്റ്റിൽ ധനവകുപ്പ് ഇറക്കിയ ഉത്തരവ് പ്രകാരം പി.എം.സി ആയാണ് അക്രഡിറ്റഡ് ഏജൻസി പ്രവർത്തിക്കുന്നതെങ്കിൽ മൂന്നാം കക്ഷിയെ തെരഞ്ഞെടുക്കുന്നതിൽ അന്തിമ തീരുമാനം ബന്ധപ്പെട്ട വകുപ്പാണ് എടുക്കേണ്ടത്. അതായത് മോട്ടോർ വാഹന വകുപ്പാണ് തീരുമാനം കൈക്കൊള്ളേണ്ടത്. കരാർ നൽകുന്നതിന്റെ ഉത്തരവാദിത്തം ബന്ധപ്പെട്ട വകുപ്പിനുമായിരിക്കും.
മൂന്നാം കക്ഷിക്ക് പണം നൽകുന്നത് വകുപ്പ് നേരിട്ടാകണമെന്നും ധനവകുപ്പ് ഉത്തരവിലുണ്ട്. ഈ നിബന്ധനകൾ കെൽട്രോൺ എസ്.ആർ.ഐ.ടി കരാറിൽ പാലിക്കപ്പെട്ടില്ല. ഏജൻസി ഒരേ സമയം കൺസൾട്ടന്റായും ഉൽപന്നങ്ങൾ വിതരണം ചെയ്യുന്ന കമ്പനിയായും പ്രവർത്തിക്കാൻ പാടില്ലെന്നും നിയമത്തിലുണ്ട്. ഇതും പാലിക്കപ്പെട്ടിട്ടില്ല.
ധനവകുപ്പ് ഉത്തരവ് പ്രകാരം ഉപകരാർ നൽകുന്ന മൂന്നാം കക്ഷിയിൽ നിന്ന് സാധനങ്ങൾ വാങ്ങുന്നത് സുതാര്യമായ ബിഡിങ് വഴിയായിരിക്കണം.
ഈ ബിഡിങ് നടപടികൾ ബന്ധപ്പെട്ട വകുപ്പിനും ലഭ്യമാക്കണമെന്നുമാണ് ഉത്തരവിലുള്ളത്. എന്നാൽ, ബിഡിങ് കാര്യങ്ങൾ മോട്ടോർ വാഹനവകുപ്പ് അറിഞ്ഞിരുന്നില്ല. ഇതെല്ലാം പ്രത്യക്ഷമായി തന്നെ പൊരുത്തക്കേടുകളായി ഉയർന്നുനിൽക്കുമ്പോഴും നടപടി ക്രമങ്ങൾ മാനദണ്ഡങ്ങൾ പാലിച്ചാണെന്നാണ് സർക്കാർ ന്യായം. ഉപകരാറുകളിൽ സർക്കാറിന് ബാധ്യതയില്ലെന്ന് പറയുമ്പോഴും ഉപകരാറിലേർപ്പെട്ടിരുന്ന അൽഹിന്ദ് സർക്കാറിന് നൽകിയ കത്തിന്റെ അടിസ്ഥാനത്തിൽ കെൽട്രോണിനോട് വിശദാംശങ്ങൾ തേടുകയും മറുപടി നൽകുകയും ചെയ്തെന്ന് വ്യവസായ മന്ത്രി തന്നെ സമ്മതിക്കുന്നു.
ഉപകരാറുകളിൽ സർക്കാറിന് ബാധ്യതയില്ലെങ്കിൽ പിന്നെന്തിന് ഉപകരാർ നൽകിയ കമ്പനിയുടെ കത്തിന് സർക്കാർ മറുപടി നൽകിയെന്നതാണ് മറുചോദ്യം. ടെൻഡറിൽ ഉപകരാർ നൽകൽ എന്ന ഭാഗത്ത് ഉപകരാർ നൽകുന്നത് എന്തൊക്കെയെന്നും ആർക്കൊക്കെയെന്നുമുള്ള വിശദാംശങ്ങൾ കരാർ നേടുന്ന കമ്പനി കെൽട്രോണിനെ അറിയിച്ചിരിക്കണമെന്നുണ്ട്. ഇക്കാര്യത്തിന്റെ നിജസ്ഥിതിയിലേക്കും അന്വേഷണം നീണ്ടിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.