എ.ഐ പ്രോസസർ തുണച്ചു; ഡിജിറ്റൽ സർവകലാശാലക്ക് കൈയയച്ച് സഹായം
text_fieldsതിരുവനന്തപുരം: കൈരളി എന്ന പേരിൽ സ്വന്തമായി എ.ഐ പ്രോസസർ വികസിപ്പിച്ച രാജ്യത്തെ ആദ്യ സർവകലാശാല എന്ന ബഹുമതിയിൽ കേരള ഡിജിറ്റൽ സർവകലാശാലക്ക് ബജറ്റിൽ മുന്തിയ പരിഗണന. 250 കോടി രൂപയുടെ പദ്ധതികൾ സർവകലാശാലയിൽ നടപ്പാക്കും. സർവകലാശാലക്ക് വടക്ക്, കിഴക്ക്, മധ്യ മേഖലകളിലായി മൂന്ന് പ്രാദേശിക കേന്ദ്രങ്ങൾ തുടങ്ങും.
എ.പി.ജെ. അബ്ദുൽ കലാം സാങ്കേതിക സർവകലാശാലയിൽ മൂന്ന് മികവിന്റെ കേന്ദ്രങ്ങൾ തുടങ്ങാൻ 10 കോടി രൂപയും അനുവദിച്ചിട്ടുണ്ട്. സർവകലാശാലക്കായി വിളപ്പിൽശാലയിൽ ഏറ്റെടുത്ത ഭൂമിയിൽ ആസ്ഥാനം പണിയാൻ 71 കോടി രൂപ. ആദ്യ വർഷം മുതൽ വരുമാനമുണ്ടാക്കുകയും സ്വയംപര്യാപ്തമാകുകയും ചെയ്യുന്ന സ്ഥാപനമെന്ന നിലയിൽ വായ്പകൾ എടുക്കാനുള്ള അനുമതിയും ഡിജിറ്റൽ സർവകലാശാലക്ക് നൽകി.
മൂന്ന് വർഷത്തിനിടെ ദേശീയ, അന്തർദേശീയ ഏജൻസികളിൽ നിന്നായി സർവകലാശാല 200 കോടി രൂപ സമാഹരിച്ചതായി ബജറ്റിൽ ചൂണ്ടിക്കാട്ടുന്നു. ഓക്സ്ഫോർഡ് സർവകലാശാലയുമായി അക്കാദമിക് സഹകരണത്തിന് ധാരണപത്രം ഒപ്പിട്ടതോടെ ഡിജിറ്റൽ സർവകലാശാലയിൽ പി.ജി പൂർത്തിയാക്കുന്നവർക്ക് ഓക്സ്ഫോർഡിൽ പിഎച്ച്.ഡിക്ക് ചേരാൻ കഴിയും. അവിടെ ഗവേഷണം നടത്തുന്നതിന് കേരളത്തിലെ വിദ്യാർഥികൾക്ക് കേരള സ്പെസിഫിക് സ്കോളർഷിപ്പുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. പിഎച്ച്.ഡി പൂർത്തിയാക്കുന്നവർ മൂന്ന് വർഷം കേരളത്തിൽ മടങ്ങിയെത്തി നാടിന്റെ വികസനത്തിന് സംഭാവനകൾ നൽകണം. ഇതിന് സ്ഥിരം സ്കോളർഷിപ് ഫണ്ടിലേക്ക് 10 കോടി രൂപയും വകയിരുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.