എ.ഐ സാധ്യത പട്ടികജാതി-വർഗ മേഖലയിലും -മന്ത്രി രാധാകൃഷ്ണൻ
text_fieldsകരുനാഗപ്പള്ളി: പട്ടികജാതി മേഖലയിൽ ആധുനിക ശാസ്ത്ര സാങ്കേതികവിദ്യ സ്വായത്തമാക്കുന്നതിനോടൊപ്പം പരമ്പരാഗതമായ അറിവു കൂടി വികസിപ്പിക്കുക വഴി കൂടുതൽ തൊഴിലവസരങ്ങൾ എന്ന ലക്ഷ്യമാണ് സർക്കാർ മുന്നോട്ടുവെക്കുന്നതെന്ന് മന്ത്രി കെ. രാധാകൃഷ്ണൻ.
പാവുമ്പ ചുരുളിയിൽ പരമ്പരാഗത തൊഴിൽ പുനരുജ്ജീവന പദ്ധതിയായ ‘ഗ്രീൻ ക്രാഫ്റ്റ്സ്’ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി.
ആർട്ടിഫിഷൽ ഇന്റലിജൻസിന്റെ സാധ്യതകൾ പട്ടികജാതി-പട്ടികവർഗ്ഗ മേഖലയിൽ കൂടി ഉപയോഗപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ തയ്യാറാക്കുന്ന പദ്ധതിക്കായി ഡിജിറ്റൽ യൂനിവേഴ്സിറ്റിയുമായി എഗ്രിമെൻറ് തയ്യാറാക്കി കഴിഞ്ഞു.
ഒരു വർഷം നീണ്ടുനിൽക്കുന്ന ആദ്യ ബാച്ചിന്റെ പരിശീലനം തുടങ്ങി. പരിശീലനം പൂർത്തിയാക്കുന്നവർക്ക് ഒരുലക്ഷം രൂപ ശമ്പളം ഉറപ്പാക്കുന്ന തരത്തിലുള്ള തൊഴിൽ സാധ്യത പദ്ധതി ലക്ഷ്യമിടുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. സി.ആർ. മഹേഷ് എം.എൽ.എ അധ്യക്ഷത വഹിച്ചു.
പട്ടികജാതി വികസന വകുപ്പിന്റെ സഹകരണത്തോടെ കരകൗശല വികസന കോർപറേഷനാണ് ഗ്രീൻ ക്രാഫ്റ്റ് പദ്ധതി നടപ്പാക്കുന്നത്.
തഴവ പഞ്ചായത്ത് പ്രസിഡൻറ് എസ്. സദാശിവൻ, കരകൗശല വികസന കോർപറേഷൻ ചെയർമാൻ പി. രാമഭദ്രൻ, മുൻ എം.പി കെ. സോമപ്രസാദ്, കാപ്പക്സ് ചെയർമാൻ എം. ശിവ ശങ്കരപ്പിള്ള, പട്ടികജാതി വികസന വകുപ്പ് ഡയറക്ടർ കെ. ഗോപാലകൃഷ്ണൻ, കെ.എസ്. കൃപകുമാർ, ഡോ. ബിനോയ് ജെ. കാറ്റാടിയിൽ, ഗേളി ഷണ്മുഖൻ, എസ്. ഗീതാകുമാരി, ആർ. ശൈലജ, അഡ്വ. ആർ. അമ്പിളിക്കുട്ടൻ, മിനി മണികണ്ഠൻ, ബിജു, മധു മാവോലിൽ, ശ്രീലത, സുധീർ കാരിക്കൽ എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.