നിക്ഷേപ തട്ടിപ്പിന് എ.ഐ വിഡിയോകൾ; മുന്നറിയിപ്പുമായി എസ്.ബി.ഐ
text_fieldsതൃശൂർ: നിർമിത ബുദ്ധി (ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ്) തട്ടിപ്പുകൾക്ക് ഉപയോഗിച്ചേക്കാമെന്ന ആശങ്ക യാഥാർഥ്യമാക്കി രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖല ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ പേരിലും വ്യാജ വിഡിയോകൾ (ഡീപ് ഫേക്ക് വിഡിയോ). ബാങ്കിന്‍റെയും അതിന്‍റെ ഉന്നത ഉദ്യോഗസ്ഥരുടെയും അറിയിപ്പ് എന്നപേരിലാണ് വിഡിയോകൾ പ്രചരിക്കുന്നത്.
ഇതിനെതിരെ പൊതുജനങ്ങൾക്ക് ബാങ്ക് സമൂഹ മാധ്യമമായ ‘എക്സ്’വഴി ജാഗ്രത നിർദേശം നൽകി. ഉപഭോക്താക്കൾക്ക് എസ്.എം.എസ് അടക്കമുള്ള മാധ്യമങ്ങളിലൂടെ ജാഗ്രത നിർദേശം നൽകുമെന്ന് എസ്.ബി.ഐ വൃത്തങ്ങൾ പറഞ്ഞു.വമ്പിച്ച പ്രതിഫലം വാഗ്ദാനംചെയ്യുന്ന പദ്ധതികളിലേക്ക് നിക്ഷേപം ക്ഷണിച്ചുകൊണ്ടുള്ള വിഡിയോകളാണ് പ്രചരിക്കുന്നതെന്ന് ബാങ്ക് മുന്നറിയിപ്പ് നൽകുന്നു.
ബാങ്കിന്‍റെ ഉന്നതതല ഉദ്യോഗസ്ഥരുടെ വിഡിയോ ആയും ബാങ്കിന്‍റെ വിഡിയോ ആയുമാണ് ഇവ നിർമിക്കുന്നത്. നിർമിതബുദ്ധി ഉപയോഗിച്ച് ഉദ്യോഗസ്ഥർ സംസാരിക്കുന്ന തരത്തിലുള്ള വിഡിയോകളാണ് പുറത്തിറക്കുന്നത്. ഒറ്റ നോട്ടത്തിൽ ഇവ യാഥാർഥ്യമാണെന്ന് തോന്നും.
ഈ വിഡിയോകളിലൂടെ പങ്കുവെക്കുന്ന ലിങ്കുകൾ വഴി നിക്ഷേപം നടത്താമെന്നാണ് പറയുന്നത്. എന്നാൽ, ബാങ്കോ അതിലെ ഉദ്യോഗസ്ഥരോ ഇത്തരത്തിൽ നിക്ഷേപ പദ്ധതികളെക്കുറിച്ച് പറയുകയോ നിക്ഷേപം ക്ഷണിക്കുകയോ ചെയ്യുന്നില്ല. അസാധാരണമായ പ്രതിഫലം വാഗ്ദാനം ചെയ്യുന്ന നിക്ഷേപ പദ്ധതികൾ ബാങ്കിനില്ല.
ഈയിടെ റിസർവ് ബാങ്ക് ഗവർണർ സ്ഥാനത്തുനിന്ന് വിരമിച്ച ശക്തികാന്ത് ദാസിന്‍റെ പേരിലും ഇത്തരം വിഡിയോ പ്രചരിച്ചിരുന്നു. അത് വ്യാജ നിർമിതിയാണെന്ന് ആർ.ബി.ഐക്ക് മുന്നറിയിപ്പ് നൽകേണ്ടിവന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.