തരൂർ വിവാദത്തിൽ ഗാലറിയിലിരുന്ന് കേന്ദ്രനേതൃത്വം; കരുതലോടെ മിണ്ടിയും മിണ്ടാതെയും കേരളത്തിലെ നേതാക്കൾ
text_fieldsശശി തരൂരുമായി ബന്ധപ്പെട്ട വിവാദത്തിൽ തത്കാലം ഇടപെടേണ്ടെന്ന നിലപാടിൽ എ.ഐ.സി.സി. കെ.പി.സി.സി പ്രശ്നം പരിഹരിക്കട്ടെയെന്ന നിലപാടാണ് പാർട്ടി കേന്ദ്ര നേതൃത്വത്തിന്.
കേരളത്തിലെ കോൺഗ്രസ് പാർട്ടിക്കുള്ളിലും പുറത്തും സ്വാധീനമുറപ്പിക്കുന്നതിന്റെ ഭാഗമായി ശശി തരൂർ എം.പി മലബാർ മേഖലയിൽ പര്യടനത്തിലാണ്. ഇതേ തുടർന്ന് പാർട്ടിക്കുള്ളിൽ ഉരുൾപ്പൊട്ടലുകൾ തുടങ്ങിയിട്ടുണ്ട്. എന്നാൽ, വിഷയത്തിൽ തത്കാലം ഇടപെടേണ്ടെന്നും കെ.പി.സി.സി പ്രശ്നം പരിഹരിക്കട്ടെയെന്നുമുള്ള നിലപാടാണ് പാർട്ടി കേന്ദ്ര നേതൃത്വത്തിന്റേത്.
കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിച്ച ശേഷം ശശി തരൂരിന് കേന്ദ്ര നേതൃത്വം പുതിയ ചുമതലകൾ നൽകിയിരുന്നില്ല. മലബാറിൽ മതമേലധ്യക്ഷന്മാരെയും മുന്നണി നേതാക്കളെയും പാർട്ടി പ്രവർത്തകരെയും നേരിട്ട് സന്ദർശിച്ച് ശശി തരൂർ തുടങ്ങിയ പുതിയ നീക്കത്തിൽ വി.ഡി സതീശനടക്കമുള്ളവർക്ക് അതൃപ്തിയുണ്ട്. കോഴിക്കോട് നടന്ന സെമിനാറിൽ നിന്ന് യൂത്ത് കോൺഗ്രസും കണ്ണൂരിലെ പരിപാടിയിൽ നിന്ന് ഡിസിസിയും വിട്ടുനിന്നത് വിവാദമായിരുന്നു.
യൂത്ത് കോൺഗ്രസ് കോഴിക്കോട് ജില്ലാ കമ്മിറ്റി സെമിനാറിന്റെ നടത്തിപ്പിൽ നിന്ന് പിന്മാറിയതിന് കാരണം എന്താണെന്ന് കണ്ടെത്തണമെന്ന് ആവശ്യപ്പെട്ട് കോഴിക്കോട് എംപി എംകെ രാഘവൻ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗെ, സോണിയ ഗാന്ധി, രാഹുൽ ഗാന്ധി, കെപിസിസി അധ്യക്ഷൻ കെ സുധാകരൻ എന്നിവർക്ക് കത്തയച്ചിരുന്നു. തരൂരിന്റെ പരിപാടികൾ വിഭാഗീയ പ്രവർത്തനമാണെന്നും ഗ്രൂപ്പിസമാണെന്നുമുള്ള വിമർശനം പ്രതിപക്ഷ നേതാവ് വിഡി സതീശൻ ഉന്നയിക്കുന്നുണ്ട്. എന്നാൽ, സതീശന്റെ നിലപാടിനെ എതിർത്ത് കെ മുരളീധരനടക്കമുള്ളവർ രംഗത്ത് വന്നിട്ടുണ്ട്. തരൂർ വിവാദത്തിൽ കെ.പി.സി.സി അധ്യക്ഷൻ കെ സുധാകരൻ പ്രതികരിച്ചിട്ടില്ല.
ഡിസംബർ മൂന്നിന് ഈരാറ്റുപേട്ടയിൽ യൂത്ത് കോൺഗ്രസിന്റെ മഹാ സമ്മേളനം നടക്കുന്നുണ്ട്. ഇതിൽ ശശി തരൂർ പങ്കെടുക്കും. യൂത്ത് കോൺഗ്രസ് ജില്ലാ കമ്മിറ്റി നടത്തുന്ന പരിപാടിയുടെ പോസ്റ്ററിൽ നിന്ന് വിഡി സതീശന്റെ ചിത്രമില്ല. അതേസമയം കെസി വേണുഗോപാലിന്റെ ചിത്രം ചേർത്തിട്ടുണ്ട്. ഉമ്മൻചാണ്ടിയുടെ വിശ്വസ്തൻ ചിന്റു കുര്യൻ ജോയിയാണ് കോട്ടയത്ത് യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ്.
പാർട്ടിക്കുള്ളിൽ ചേരിതിരിവുണ്ടാക്കുന്ന വിധത്തിൽ തരൂർ വിവാദം വളരുകയാണ്. പാർട്ടിക്കുള്ളിൽ പുതിയ ശാക്തിക കേന്ദ്രങ്ങൾ രൂപപ്പെടാനും പുതിയ ചില സമവാക്യങ്ങൾ ഉൾത്തിരിയാനും കാരണമാകുന്ന വിവാദത്തിൽ കരുതലോടെയുള്ള പ്രതികരണങ്ങളും മൗനവുമാണ് നേതാക്കളിൽ നിന്നുണ്ടാകുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.