ലോകമേ നന്ദി; വീടുപണിക്കിടെ വീണ് ഗുരുതര പരിക്കേറ്റ യുവാവിന് സഹായ പ്രവാഹം
text_fieldsകോഴിക്കോട്: സ്വന്തം വീടിന്‍റെ നിർമാണത്തിൽ സഹായിക്കുന്നതിനിടെ വീണ് പരിക്കേറ്റ് ഗുരുതരാവസ്ഥയിലായ അബൂബക്കർ സിദ്ദീഖിന് സഹായവുമായി സുമനസുകൾ. കോഴിക്കോട് തിരുവണ്ണൂരിൽ വീടിന്‍റെ മുകളിൽനിന്ന് വീണ് നട്ടെല്ലിനും തലക്കും പരിക്കേറ്റ ഇദ്ദേഹം ദിവസങ്ങളായി ചികിത്സയിലാണ്.
കോഴിക്കോട് മെയ്ത്ര ആശുപത്രിയിൽ വെന്‍റിലേറ്റർ ഐ.സി.യുവിലാണിപ്പോൾ. 2.08 കോടി രൂപയാണ് ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിൽനിന്ന് സഹായമായി കിട്ടിയത്. ഒക്ടോബർ അഞ്ചിന് 'മാധ്യമം' വാർത്ത നൽകിയതിന് പിന്നാലെ നിരവധി പേർ പണം അയച്ചുനൽകിയിരുന്നു. പിന്നീട് സാമൂഹിക മാധ്യമങ്ങളിലൂടെ സഹായ അഭ്യർഥന നടത്തി തുക കണ്ടെത്തി. നിലവിൽ ചികിത്സക്ക് ആവശ്യമുള്ള തുക ലഭിച്ചിട്ടുണ്ട്.
നട്ടെല്ലിന് പരിക്കേറ്റതിന് പുറമേ, അണുബാധ കാരണം ഒരു കണ്ണ് ശസ്തക്രിയ ചെയ്ത് എടുത്തുമാറ്റിയിരുന്നു. ആദ്യം ചികിത്സിച്ച കോഴിക്കോട് ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിലെ ചികിത്സയിൽ പിഴവുണ്ടായതാണ് അണുബാധക്ക് കാരണമെന്നും ആരോപണമുണ്ട്.
ഭാര്യയും മൂന്ന് കുട്ടികളുമുള്ള അബൂബക്കർ സിദ്ദീഖ് എട്ട് ലക്ഷം രൂപ ബാങ്ക് വായ്പയും മൂന്ന് ലക്ഷം രൂപ വ്യക്തിഗത വായ്പയും സംഘടിപ്പിച്ചാണ് വീട് പണി തുടങ്ങിയത്. ലോകത്തിന്‍റെ നന്മക്ക് നന്ദി പറയുകയാണ് ബന്ധുക്കളും കൂട്ടുകാരും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.