മഴക്കെടുതി: നഷ്ടപരിഹാര നടപടികൾ അതിവേഗത്തിലാക്കും -മന്ത്രി
text_fieldsതൃശൂർ: സംസ്ഥാനത്തെ മഴക്കെടുതി മൂലമുള്ള നഷ്ടപരിഹാരം സംബന്ധിച്ച് ആശങ്കകൾ വേണ്ടെന്ന് മന്ത്രി കെ. രാജൻ. തൃശൂർ പൂത്തൂർ വില്ലേജിലെ പുത്തൂർ ഗവ. എൽ.പി സ്കൂളിലെ ദുരിതാശ്വാസ ക്യാമ്പുകളിൽ താമസിക്കുന്ന കുടുംബങ്ങളെ സന്ദർശിക്കുകയായിരുന്നു മന്ത്രി.
നഷ്ടപരിഹാരത്തിനുള്ള നടപടികൾ വേഗത്തിലാക്കും. പ്രാഥമികമായി ചെയ്യേണ്ട കാര്യങ്ങൾ നിർവഹിക്കാൻ കലക്ടർമാരെ ചുമതലപ്പെടുത്തിയിട്ടുണ്ട്. നഷ്ടപരിഹാരങ്ങൾക്ക് ആവശ്യമായ തുക സർക്കാർ അനുവദിക്കുമെന്നും മന്ത്രി പറഞ്ഞു. രേഖകൾ ഇല്ലാത്തവർക്ക് നഷ്ടപരിഹാരം നൽകുന്നതിനായുള്ള നടപടികൾ പരിശോധിച്ച് വരികയാണ്.
മഴക്കെടുതി മൂലമുള്ള നഷ്ടങ്ങൾ കണക്കാക്കുന്നതിനായി റവന്യൂ ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തിയിട്ടുണ്ട്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ എൻജിനീയർമാരുടെ സഹായത്തോടെ ലഭ്യമാകുന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. സംസ്ഥാന ദുരന്തനിവാരണ ഫണ്ടിൽ നിന്നുള്ള സഹായങ്ങൾക്ക് പുറമെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് സഹായം നൽകുന്നതിനെക്കുറിച്ച് അടുത്ത ക്യാബിനറ്റിൽ ആലോചിക്കുമെന്നും മന്ത്രി കൂട്ടിചേർത്തു.
കലക്ടർ ഹരിത വി. കുമാർ, തൃശൂർ തഹസിൽദാർ ജയശ്രീ, പുത്തൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മിനി ഉണ്ണികൃഷ്ണൻ, കയ്നൂർ ,പുത്തൂർ വില്ലേജ് ഓഫീസർമാർ, ജനപ്രതിനിധികൾ തുടങ്ങിയവർ മന്ത്രിയോടൊപ്പം ക്യാമ്പ് സന്ദർശിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.