ഭിന്നശേഷി സംവരണം പാലിക്കാതെ എയ്ഡഡ് സ്കൂൾ നിയമനാംഗീകാരം: സർക്കാർ ഉത്തരവിന് സ്റ്റേ
text_fieldsകൊച്ചി: ഭിന്നശേഷി സംവരണം സംബന്ധിച്ച 2018ലെ വ്യവസ്ഥ പാലിക്കാത്ത എയ്ഡഡ് സ്കൂൾ നിയമനങ്ങൾ അംഗീകരിക്കാനുള്ള സർക്കാർ ഉത്തരവിന് ഹൈകോടതിയുടെ സ്റ്റേ. 2021 -22 കാലയളവിൽ സ്കൂൾ മാനേജ്മെൻറുകൾ നടത്തിയ നിയമനങ്ങൾ അംഗീകരിക്കാൻ നിർദേശിച്ച് പൊതു വിദ്യാഭ്യാസ വകുപ്പ് സെപ്റ്റംബർ ആറിന് പുറപ്പെടുവിച്ച ഉത്തരവാണ് ജസ്റ്റിസ് രാജ വിജയരാഘവൻ സ്റ്റേ ചെയ്തത്.
ഭിന്നശേഷിക്കാർക്കുള്ള സംവരണം പാലിക്കാതെയാണ് നിയമനങ്ങളെന്നാരോപിച്ച് കേരള ഫെഡറേഷൻ ഓഫ് ബ്ലൈൻഡ് നൽകിയ ഹരജിയാണ് കോടതി പരിഗണിച്ചത്. ഭിന്നശേഷി സംവരണം പാലിക്കാതെ ഇതിനകം നിയമനാംഗീകാരം നൽകിയിട്ടുണ്ടെങ്കിൽ ഹരജിയിലെ തീർപ്പിന് വിധേയമായിരിക്കുമെന്നും വ്യക്തമാക്കി.
ഭിന്നശേഷിക്കാരുടെ അവകാശ സംരക്ഷണ നിയമ പ്രകാരം നാല് ശതമാനത്തിൽ കുറയാത്ത തസ്തികകൾ അവർക്കായി നീക്കിവെക്കണമെന്നും ഈ വ്യവസ്ഥ എയ്ഡഡ് സ്ഥാപനങ്ങൾക്ക് ബാധമാക്കി 2018 നവംബറിൽ സർക്കാർ ഉത്തരവുണ്ടെന്നുമായിരുന്നു ഹരജിക്കാരുടെ വാദം.
1996 മുതലുള്ള നിയമനങ്ങളിൽ ഉത്തരവ് ബാധകമാണ്. ഇതിനെതിരെ മാനേജ്മെൻറുകൾ സുപ്രീംകോടതിയെ വരെ സമീപിച്ചെങ്കിലും അംഗീകരിച്ചില്ല. ഇതിനിടെയാണ് 2021-22 ലെ നിയമനങ്ങൾക്ക് അംഗീകാരം നൽകാൻ ഡി.ഇ.ഒമാർക്കും വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർമാർക്കും സർക്കാർ നിർദേശം നൽകിയത്.
സെപ്റ്റംബർ 24നകം നിയമനങ്ങൾക്ക് അംഗീകാരം നൽകാനായിരുന്നു ഉത്തരവ്. ഉത്തരവ് സ്റ്റേ ചെയ്താൽ എല്ലാ നിയമനങ്ങളും തടസ്സപ്പെടുമെന്നായിരുന്നു സർക്കാർ വാദം.
ചട്ടഭേദഗതിയിലൂടെ മാത്രമേ എയ്ഡഡ് സ്കൂളുകളിൽ ഭിന്നശേഷി സംവരണം നടപ്പാക്കാനാവൂവെന്നും നടപടികൾ പുരോഗമിക്കുകയാണെന്നും സർക്കാർ അറിയിച്ചു. എന്നാൽ, ഭിന്നശേഷിക്കാരുടെ സംവരണം പാലിക്കാതെ നിയമനങ്ങൾക്ക് അംഗീകാരം നൽകുന്നത് അവരുടെ അവകാശം ഹനിക്കലാെണന്ന് കോടതി വ്യക്തമാക്കി. നിയമം നിലവിൽവന്ന 1995 മുതൽ ഭിന്നശേഷിക്കാർക്കായി നീക്കിവെക്കേണ്ടിയിരുന്ന സീറ്റുകൾ കണ്ടെത്തി നികത്താനും കോടതി നിർദേശിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.