പ്രതിരോധം ഊർജിതം; എയ്ഡ്സ് കേസുകൾ കുറയുന്നു
text_fieldsകോഴിക്കോട്: കേരളത്തിൽ പുതുതായി എയ്ഡ്സ് ബാധിക്കുന്നവരുടെ എണ്ണം കുറഞ്ഞുവരുന്നതായി ആരോഗ്യവകുപ്പ്. പരിശോധന ഗണ്യമായി വർധിപ്പിച്ചിട്ടും ടെസ്റ്റ് പോസിറ്റിവിറ്റി കുറഞ്ഞുവെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്.
ഈവർഷം ഒക്ടോബർവരെ 1920271 പേരിൽ പരിശോധന നടത്തിയപ്പോൾ 1065 പേരിലാണ് എയ്ഡ്സ് സ്ഥിരീകരിച്ചത്. 2023ൽ 1687415 പേരെ പരിശോധനക്ക് വിധേയനാക്കിയപ്പോൾ 1270 പേർക്കും 2022ൽ 1284136 പേരെ പരിശോധിച്ചപ്പോൾ 1126 പേർക്കുമായിരുന്നു രോഗം ബാധിച്ചത്. ‘അവകാശങ്ങളുടെ പാത സ്വീകരിക്കൂ’ എന്നതാണ് ഈ വര്‍ഷത്തെ ലോക എയ്ഡ്സ് ദിന സന്ദേശം. പുതുതായി റിപ്പോർട്ട് ചെയ്യപ്പെടുന്നവയിൽ ഏറെയും നേരത്തേ രോഗം ബാധിച്ച് തിരിച്ചറിയപ്പെടാത്ത കേസുകളാണെന്ന് ആരോഗ്യവകുപ്പിന് കീഴിലുള്ള ബോധവത്കരണ സംവിധാനമായ ദിശ ക്ലസ്റ്റർ പ്രോഗ്രാം മാനേജർ പ്രിൻസ് എം. ജോർജ് പറഞ്ഞു.
എയ്ഡ്സ് റിപ്പോർട്ട് ചെയ്യപ്പെടുന്നവരിൽ അധികവും പുരുഷന്മാരാണ്. ഈ വർഷം ഒക്ടോബർവരെ 1065 പേർ എച്ച്.ഐ.വി പോസിറ്റീവ് ആയപ്പോൾ 805ഉം പുരുഷന്മാരാണ്. സ്ത്രീകൾ 258. 2023ൽ 1270 പോസിറ്റീവായതിൽ 977 പുരുഷന്മാരും 283 സ്ത്രീകളും 10 ട്രാൻസ്ജൻസ് വിഭാഗത്തിൽനിന്നുള്ളവരുമാണ്. കോവിഡ് കാലത്ത് എയ്ഡ്സ് പരിശോധനയും റിപ്പോർട്ട് ചെയ്യപ്പെട്ട രോഗികളുടെ എണ്ണവും 900ൽ താഴെയായിരുന്നു. പരിശോധനകളുടെ എണ്ണം വർധിപ്പിച്ചിട്ടം രോഗം റിപ്പോർട്ട് ചെയ്യപ്പെടുന്നവരുടെ എണ്ണം കുറഞ്ഞുവരുന്നത്, പ്രതിരോധ പ്രവർത്തനങ്ങൾ ലക്ഷ്യംകാണുന്നതിന്റെ തെളിവാണെന്നാണ് ആരോഗ്യവകുപ്പിന്റെ വിലയിരുത്തൽ. 2005 മുതൽ 2015 വരെ ഒരുവർഷം രോഗം ബാധിക്കുന്നവരുടെ എണ്ണം 4000ത്തിനും 1500 ഇടയിലായിരുന്നു. 2015 മുതൽ ഇത് 1500ൽ താഴെയാണ്. സുരക്ഷിതമല്ലാത്ത ലൈംഗിക ബന്ധത്തിലൂടെയാണ് രോഗം കൂടുതലായി പകരുന്നത്. കൂടാതെ കൂട്ടംകൂടി മയക്കുമരുന്ന് കുത്തിവെക്കുന്നതിലൂടെയും രോഗം വ്യാപിക്കുന്നുണ്ട്.
2025നുള്ളില്‍ 95: 95: 95 എന്ന ലക്ഷ്യമാണ് കേരളത്തിന് മുന്നിലുള്ളത്. ഇതില്‍ ആദ്യത്തെ 95, എച്ച്.ഐ.വി ബാധിതരായ 95 ശതമാനം പേരും അവരുടെ അവസ്ഥ തിരിച്ചറിയുകയെന്നതാണ്. രണ്ടാമത്തെ 95 എച്ച്.ഐ.വി ബാധിതരായി കണ്ടെത്തിയ ആളുകളിലെ 95 ശതമാനവും എന്‍.ആര്.ടി ചികിത്സക്ക് വിധേയരാവുക എന്നതാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.