എയിംസിൽ വീണ്ടും മലക്കംമറിച്ചിൽ; കോഴിക്കോട്ട് മതി
text_fieldsന്യൂഡൽഹി: അഖിലേന്ത്യ മെഡിക്കൽ സയൻസസ് ഇൻസ്റ്റിറ്റ്യൂട്ട് (എയിംസ്) കാസർകോട്ട് സ്ഥാപിക്കണമെന്നതാണ് കേരള സർക്കാറിന്റെ നിലപാടെന്ന് കേന്ദ്ര ആരോഗ്യമന്ത്രിയെ അറിയിച്ച സംസ്ഥാന സർക്കാറിന്റെ ഡൽഹി പ്രത്യേക പ്രതിനിധി കെ.വി. തോമസിനോട് ക്ഷോഭിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. മുഖ്യമന്ത്രി നിർദേശിച്ചതിനെ തുടർന്ന് എയിംസ് കോഴിക്കോട്ട് തന്നെയാകണമെന്ന് അഭ്യർഥിക്കുന്ന നിവേദനവുമായി കെ.വി. തോമസ് വീണ്ടും കേന്ദ്രത്തെ സമീപിച്ചു.
കോഴിക്കോട് കിനാലൂരിൽ എയിംസ് സ്ഥാപിച്ചു കിട്ടാൻ ശ്രമം നടത്തിവരുന്നതിനിടെയാണ് സംസ്ഥാന സർക്കാറിന്റെ താൽപര്യങ്ങൾക്ക് വിരുദ്ധമായി കാസർകോട്ടാണ് അതു വേണ്ടതെന്ന് ചൂണ്ടിക്കാട്ടി കെ.വി. തോമസ് ചൊവ്വാഴ്ച കേന്ദ്ര ആരോഗ്യ മന്ത്രി മൻസുഖ് മാണ്ഡവ്യയെ ചെന്നു കണ്ടത്. ഇത്തരമൊരു ആവശ്യമുന്നയിക്കാൻ ആരാണ് ചുമതലപ്പെടുത്തിയതെന്നായിരുന്നു മുഖ്യമന്ത്രിയുടെ ചോദ്യം. കോഴിക്കോട് എം.പി എം.കെ. രാഘവൻ മുഖ്യമന്ത്രിയേയും തോമസിനെയും വിളിച്ച് പ്രതിഷേധം അറിയിക്കുകയും ചെയ്തു.
ഇതേ തുടർന്ന്, കോഴിക്കോട്ടാണ് എയിംസ് വേണ്ടതെന്ന തിരുത്തുമായി പുതിയ നിവേദനം കെ.വി. തോമസ് ആരോഗ്യ മന്ത്രാലയത്തിന് നൽകിയിട്ടുണ്ട്. മന്ത്രിയുമായി കൂടിക്കാഴ്ചക്ക് സമയം ലഭിക്കാത്തതിനാൽ നിവേദനം മന്ത്രിയുടെ ഓഫിസിൽ ബുധനാഴ്ച തന്നെ നൽകുകയാണ് ചെയ്തത്. വൈകാതെ മന്ത്രിയെ നേരിട്ടു കണ്ട് കാര്യങ്ങൾ വിശദീകരിക്കാനാണ് ഉദ്ദേശ്യം. അതേസമയം, കേന്ദ്രവുമായുള്ള ഏകോപനത്തിന് കാബിനറ്റ് റാങ്കിൽ ഡൽഹിയിൽ നിയമിച്ച കെ.വി. തോമസ് കേരള സർക്കാറിന്റെ താൽപര്യങ്ങൾക്കു വിരുദ്ധമായി കാസർകോടിനുവേണ്ടി പ്രത്യേക നിവേദനം നൽകാൻ ഇടയായ സാഹചര്യം സംബന്ധിച്ച അവ്യക്തത തുടരുകയാണ്. കേരള സർക്കാറിന്റെ തീരുമാനപ്രകാരമല്ലാതെ കേന്ദ്രത്തിന് സ്വമേധയാ നിവേദനം സമർപ്പിക്കാൻ ഡൽഹിയിലെ പ്രത്യേക പ്രതിനിധിക്ക് അനുവാദമില്ല. എയിംസ് കാസർകോട്ട് സ്ഥാപിക്കേണ്ടത് എന്തുകൊണ്ടാണെന്ന് അക്കമിട്ടു നിരത്തുന്ന നിവേദനവുമായാണ് കെ.വി. തോമസ് കേന്ദ്രമന്ത്രിയെ സമീപിച്ചത്. കാസർകോട് ജില്ലയിൽ മംഗളുരുവിൽ നിന്ന് 25 കിലോമീറ്റർ മാത്രം അകലെ എയിംസിന് പറ്റിയ സ്ഥലം കേരള സർക്കാർ കണ്ടെത്തിയിട്ടുണ്ടെന്നായിരുന്നു തോമസ് കേന്ദ്രമന്ത്രിയെ ധരിപ്പിച്ചത്. വികസന, ആരോഗ്യ രംഗങ്ങളിൽ പിന്നാക്ക ജില്ലയായ കാസർകോട്ട് ചികിത്സ സൗകര്യങ്ങൾ വളരെ പരിമിതമാണ് തുടങ്ങിയ കാര്യങ്ങളും നിവേദനത്തിൽ ചൂണ്ടിക്കാട്ടിയിരുന്നു.
എയിംസ് അനുവദിച്ചുകിട്ടിയാൽ കോഴിക്കോട് കിനാലൂരിൽ സ്ഥാപിക്കാൻ നേരത്തേ സ്ഥലം കണ്ടെത്തി സംസ്ഥാന സർക്കാർ പരിശോധന പൂർത്തിയാക്കിക്കഴിഞ്ഞതാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.