കല്യാണിയിൽ മോദി ഉദ്ഘാടനം ചെയ്യുന്ന എയിംസിന് പാരിസ്ഥിതിക അനുമതിയില്ല
text_fieldsകൊൽക്കത്ത: പശ്ചിമബംഗാളിലെ കല്യാണിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യുന്ന എയിംസ്(ആൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ്)ന് പാരിസ്ഥിതിക അനുമതിയില്ലെന്ന് റിപ്പോർട്ട്. സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡിലെ ഉദ്യോഗസ്ഥരാണ് എയിംസിന് പാരിസ്ഥിതിക അനുമതിയില്ലെന്ന് വ്യക്തമാക്കിയത്. ഞായറാഴ്ചയാണ് കല്യാണി എയിംസിന്റെ ഉദ്ഘാടനം പ്രധാനമന്ത്രി നിർവഹിക്കുന്നത്.
കേന്ദ്ര പരിസ്ഥിതി, വനം, കാലാവസ്ഥാ വ്യതിയാന മന്ത്രാലയത്തിന്റെ ഉത്തരവ് പ്രകാരം 20,000 സ്ക്വയർ മീറ്ററുള്ള കെട്ടിടങ്ങൾക്കെല്ലാം മുൻകൂർ പാരിസ്ഥിതിക അനുമതി വേണം. എയിംസിന്റെ നിർമാണം നടത്തിയിരുന്ന കൺസ്ട്രക്ഷൻ ഏജൻസി കെട്ടിടത്തിന്റെ നിർമാണം തുടങ്ങിയതിന് ശേഷമാണ് കേന്ദ്രസർക്കാറിന്റെ പോർട്ടലിലൂടെ അനുമതിക്കായി അപേക്ഷിച്ചത്. ഇത് നിയമലംഘനമാണെന്ന് പശ്ചിമബംഗാൾ മലിനീകരണ നിയന്ത്രണ ബോർഡ് ചെയർമാൻ കല്യാൺ രുദ്രയുടെ നിലപാട്.
ഇൗയൊരു ഘട്ടത്തിൽ എയിംസിന് പാരിസ്ഥിതിക അനുമതി നൽകാനാവില്ല. കേന്ദ്രസർക്കാർ പോർട്ടൽ വഴി പാരിസ്ഥിതിക അനുമതിക്ക് അപേക്ഷിക്കുന്നത് സംബന്ധിച്ച് സുപ്രീംകോടതി ഉത്തരവുകൾ പുറപ്പെടുവിച്ചിട്ടുണ്ട്. ഇതുപ്രകാരം നിയമം ലംഘിച്ച വിഭാഗത്തിൽ എയിംസിന് പാരിസ്ഥിതിക അനുമതിക്കായി അപേക്ഷിക്കാനാവില്ല. തങ്ങളുടെ കൈകൾ ബന്ധിച്ചിരിക്കുകയാണെന്ന് ബംഗാൾ മലിനീകരണ നിയന്ത്രണ ബോർഡ് ചെയർമാൻ പറഞ്ഞു.
പാരിസ്ഥിതിക അനുമതി വാങ്ങാത്തതിൽ എയിംസിന് സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡ് പിഴ ചുമത്തുകയും ചെയ്തിട്ടുണ്ട്. സുപ്രീംകോടതി, കേന്ദ്ര പരിസ്ഥിതി മന്ത്രാലയം എന്നിവരുടെ മാർഗനിർദേശങ്ങൾക്ക് അനുസരിച്ചാണ് പിഴ. എന്നാൽ, ആരോഗ്യസ്ഥാപനമായതിനാൽ പാരിസ്ഥിതിക അനുമതി ആവശ്യമില്ലെന്നായിരുന്നു എയിംസ് അധികൃതരുടെ നിലപാട്.
തുടർന്ന് സംസ്ഥാന മലിനീകരണ നിയന്ത്രണബോർഡ് കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയത്തിന്റെ ഉപദേശം തേടുകയും ഇതിന്റെ അടിസ്ഥാനത്തിൽ പാരിസ്ഥിതിക അനുമതി വേണമെന്ന തീരുമാനത്തിലേക്ക് എത്തുകയും ചെയ്തു. പിന്നാലെ എയിംസ് അധികൃതർ പാരിസ്ഥിതിക അനുമതിക്കായി അപേക്ഷിച്ചുവെങ്കിലും സുപ്രീംകോടതി വിധിയുള്ളതിനാൽ നൽകാനാവില്ലെന്നായിരുന്നു സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡിന്റെ നിലപാട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.