പ്രവേശന പരീക്ഷക്ക് ശിരോവസ്ത്രം : കേന്ദ്രത്തോടും എയിംസിനോടും വിശദീകരണം തേടി
text_fieldsകൊച്ചി: എയിംസ് (ഒാൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് മെഡിക്കൽ സയൻസസ്) പ്രവേശന പരീക്ഷക്ക് ശിരോവസ്ത്രം ധരിച്ച് ഹാജരാകരുതെന്ന വ്യവസ്ഥ റദ്ദാക്കണമെന്ന ഹരജിയിൽ ഹൈകോടതി കേന്ദ്രസർക്കാറിെൻറയും എയിംസിെൻറയും വിശദീകരണം തേടി. മേയ് 28ന് നടക്കുന്ന പ്രവേശന പരീക്ഷ എഴുതാൻ ഹാജരാകുന്ന കുട്ടികൾ ശിരോവസ്ത്രമോ തലപ്പാവോ ധരിക്കാൻ പാടില്ലെന്ന നിബന്ധന ചോദ്യം ചെയ്ത് കോഴിക്കോട് സ്വദേശിനികളായ ഫിദ ഫാത്തിമ, അയിഷ മഷൂറ തുടങ്ങിയവർ നൽകിയ ഹരജിയിലാണ് ഉത്തരവ്. ഒരാഴ്ചക്കകം വിശദീകരണം നൽകാനാണ് നിർദേശം. എം.എസ്.എഫ്, സംഘടനയുടെ വനിതവിഭാഗം സംസ്ഥാന പ്രസിഡൻറ് ഫാത്തിമ തഹലിയ, മെഡിഫെഡ് ചെയർമാൻ വി.ഇ. സിറാജുദ്ദീൻ തുടങ്ങിയവരുടെ ഹരജികളും കോടതിയുടെ പരിഗണനയിലുണ്ട്.
ഇസ്ലാം അനുസരിച്ച് ജീവിക്കുന്ന തങ്ങൾക്ക് മുഖമൊഴികെയുള്ള ശരീരഭാഗങ്ങൾ മറച്ച് പുറത്തിറങ്ങണമെന്ന മതപരമായ നിർദേശം പാലിക്കാതിരിക്കാൻ കഴിയില്ലെന്ന് ഹരജിയിൽ പറയുന്നു. കുറച്ചുസമയത്തേക്കാണെങ്കിൽപോലും രക്തബന്ധമില്ലാത്ത പുരുഷന്മാരടക്കമുള്ളവർക്ക് മുന്നിൽ മുഖമൊഴികെയുള്ള ശരീരഭാഗങ്ങൾ മറയ്ക്കാതെ എത്തരുതെന്നാണ് പ്രമാണം. അതിനാൽ, എയിംസ് പ്രവേശന പരീക്ഷക്ക് ശിരോവസ്ത്രം ധരിക്കാതെ ഹാജരാകാനാവില്ല. പ്രവേശന പരീക്ഷക്ക് ശിരോവസ്ത്രം നിരോധിക്കണമെന്ന വ്യവസ്ഥ ഭരണഘടന അനുവദിച്ച മതസ്വാതന്ത്ര്യത്തിന് വിരുദ്ധമാണെന്നുൾപ്പെടെ ചൂണ്ടിക്കാട്ടിയാണ് ഹരജി.
നീറ്റ് പരീക്ഷക്ക് സംഭവിച്ചതുപോലെ വസ്ത്രമഴിച്ച് പരിശോധനകളൊന്നും ആവർത്തിക്കരുതെന്ന് കേസ് പരിഗണിക്കവേ കോടതി വാക്കാൽ വ്യക്തമാക്കി. ഇത് സംബന്ധിച്ച് പുറത്തിറക്കിയ മാർഗനിർദേശങ്ങളുടെ പ്രശ്നമല്ല, നടപ്പാക്കിയതിെൻറ രീതിയാണ് കുഴപ്പമെന്നും കോടതി അഭിപ്രായപ്പെട്ടു. തുടർന്നാണ് ഇക്കാര്യത്തിൽ സർക്കാറുകളുടെ വിശദീകരണം തേടിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.