എയര്‍ കസ്റ്റംസ്, എമിഗ്രേഷന്‍ വിഭാഗങ്ങള്‍ കിതക്കുന്നു
text_fieldsശംഖുംമുഖം: വിമാനത്താവളത്തില്‍ ആവശ്യത്തിനുള്ള അംഗബലം ഇല്ലാതെ എയര്‍കസ്റ്റംസ്, എമിഗ്രേഷന്‍ വിഭാഗങ്ങള്‍ കിതക്കുന്നു. യാത്രക്കാര്‍ എമിഗ്രേഷന്‍ ക്ലിയറന്‍സിനായി മണിക്കൂറോളം ക്യൂവില്‍ കാത്ത് നില്‍ക്കുന്ന ദുരവസ്ഥയാണ്. ആഗമന ഭാഗത്ത് 16 എമിഗ്രേഷന്‍ കൗണ്ടറുകള്‍ ഉണ്ടെങ്കിലും പലപ്പോഴും ആറെണ്ണത്തിലേ പാസ്പോര്‍ട്ട് പരിശോധനക്ക് ഉദ്യേഗസ്ഥന്‍മാരുണ്ടാകൂ. പുറപ്പെടല്‍ ഭാഗത്തും സമാനമായ അവസ്ഥയാണ്. സംസ്ഥാനത്തെ മറ്റ് വിമാനത്താവളങ്ങളില്‍ കൂടുതല്‍ ജീവനക്കാരും കൗണ്ടറുകളുണ്ട്. ആൾക്കുറവുള്ളതിനാൽ ഉദ്യോഗസ്ഥരുടെ വിശ്രമസമയം പോലും ഇപ്പോള്‍ വെട്ടിക്കുറച്ചു.
എയര്‍കസ്റ്റംസിൽ 92 ഉദ്യോഗസ്ഥര്‍ വേണ്ടയിടത്ത് നിലവില്‍ ഉള്ളത് 35 പേര്‍ മാത്രം. കൂടതല്‍ ഉദ്യോഗസ്ഥരെ നിയോഗിക്കണമെന്ന് രണ്ടുവര്‍ഷത്തിലേറെയായി ആവശ്യമുയർത്തുന്നുണ്ടെങ്കിലും അവഗണനയാണ്. ഈ സാഹചര്യം മുതലാക്കി സ്വര്‍ണക്കടത്തും നടക്കുന്നുണ്ടന്ന് കസ്റ്റംസ് ഉദ്യോഗസ്ഥർ രഹസ്യമായി സമ്മതിക്കുന്നു.
വിമാനത്താവളത്തിലെ ജീവനക്കാരുടെ ഒത്താശയോടെ നടക്കുന്ന സ്വര്‍ണ കൈമാറ്റത്തിന്‍റെ പ്രമുഖ കേന്ദ്രങ്ങളായ ഇടനാഴിയിലും റണ്‍വേയിലും പരിശോധനകള്‍ നടത്താന്‍ നിര്‍വാഹമില്ല. വിമാനം എയ്റോബ്രിഡ്ജുമായി ബന്ധിപ്പിക്കുന്ന സ്ഥലത്ത് നിന്നും എമിഗ്രേഷന്‍ ഏരിയ വരെ നീളുന്ന 70 മീറ്ററോളം ദൂരം നീരിക്ഷണ സംവിധാനങ്ങള്‍ ഇല്ലാത്ത ഇടനാഴിയാണ്. ഇവിടെ അഞ്ചിലധികം ഉദ്യോഗസ്ഥരുടെ സേവനം കൃത്യമായി വേണം. പലപ്പോഴും ഇന്‍ഫോമര്‍മാര്‍ നല്‍കിയ രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് സ്വര്‍ണം പിടികൂടുന്നത് തന്നെ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.