ഇടത്തരം-വലിയ വിമാനങ്ങൾ: തുടർനടപടി സ്വീകരിക്കാതെ എയർ ഇന്ത്യ
text_fieldsകരിപ്പൂർ: കോഴിക്കോട് വിമാനത്താവളത്തിൽനിന്നും ഇടത്തരം-വലിയ വിമാനങ്ങളുടെ സർവിസ് പുനരാരംഭിക്കുന്നതിനായി തുടർനടപടികൾ സ്വീകരിക്കാെത എയർ ഇന്ത്യ. കരിപ്പൂരിൽ സുരക്ഷപഠനം നടത്തി വിമാനത്താവള അതോറിറ്റിക്ക് റിപ്പോർട്ട് കൈമാറിയതല്ലാതെ മറ്റു നടപടികെളാന്നുമുണ്ടായിട്ടില്ല.
എം.പിമാരായ എം.കെ. രാഘവൻ, എം.െഎ. ഷാനവാസ്, പി.കെ. കുഞ്ഞാലിക്കുട്ടി, ഇ.ടി. മുഹമ്മദ് ബഷീർ, പി.വി. അബ്ദുൽ വഹാബ് എന്നിവർ എയർ ഇന്ത്യ ചെയർമാൻ ആൻഡ് മാനേജിങ് ഡയറക്ടർ പ്രദീപ് സിങ് വറോളയെ നേരിൽ കണ്ട് കോഴിക്കോടുനിന്നും എയർ ഇന്ത്യയുടെ വലിയ വിമാനങ്ങളുടെ സർവിസ് ആരംഭിക്കണമെന്നാവശ്യപ്പെട്ടിരുന്നു. തുടർന്ന് ആഗസ്റ്റ് ആറിന് കരിപ്പൂരിൽ എയർ ഇന്ത്യ സംഘമെത്തി സുരക്ഷപഠനം നടത്തിയിരുന്നു. കരിപ്പൂരിൽനിന്ന് ജിദ്ദയിലേക്ക് സർവിസ് നടത്തിയ 423 പേർക്ക് സഞ്ചരിക്കാനാകുന്ന ബി 747-400 ജംബോജെറ്റ് വീണ്ടും സർവിസ് നടത്തുന്നതിനായിരുന്നു എയർ ഇന്ത്യയുടെ ശ്രമം. എന്നാൽ, വിഷയത്തിൽ തുടർനടപടികളൊന്നും എയർ ഇന്ത്യയുടെ ഭാഗത്തുനിന്നുണ്ടായില്ല.
ജിദ്ദയിലേക്ക് സർവിസ് നടത്തുന്നതിന് സൗദി എയർലൈൻസിന് അനുമതി ലഭിച്ച പശ്ചാത്തലത്തിലായിരുന്നു എയർ ഇന്ത്യയും താൽപര്യം പ്രകടിപ്പിച്ചിരുന്നത്. സൗദിയക്ക് അനുമതി ലഭിച്ചെങ്കിലും ഉഭയകക്ഷി കരാർ പ്രകാരം ഇരുരാജ്യങ്ങൾക്കുമിടയിൽ അനുവദിച്ച സീറ്റുകൾ പൂർണമായും ഉപയോഗിച്ചു കഴിഞ്ഞിരുന്നു. ഇതിനാൽ കൊച്ചിയിലേക്കുള്ള ഒരു സർവിസാണ് കരിപ്പൂരിലേക്ക് മാറ്റാൻ ശ്രമിക്കുന്നത്. എന്നാൽ, എയർ ഇന്ത്യക്ക് മുന്നിൽ ഇത്തരം പ്രതിസന്ധികളൊന്നുമില്ല. അനുവദിച്ച സീറ്റിൽ 5,000ത്തോളം ബാക്കിയുണ്ട്. ദേശീയ വിമാനക്കമ്പനിയെന്ന നിലയിൽ കരിപ്പൂരിൽനിന്ന് സർവിസ് നടത്താൻ വേഗത്തിൽ അനുമതിയും ലഭിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.