ദുരന്തം അറിഞ്ഞയുടൻ കോഴിക്കോടൻ സഹായഹസ്തം
text_fieldsകോഴിക്കോട്: കരിപ്പൂരിൽ വിമാനം തെന്നിമാറിയ ദുരന്തം അറിഞ്ഞതു മുതൽ കോഴിക്കോട് ജില്ലയിലെ സംവിധാനങ്ങളും സജീവമായി. 24 ആംബുലൻസുകളാണ് ആദ്യം കോഴിക്കോടുനിന്ന് കരിപ്പൂരിലേക്ക് അയച്ചത്. '108' ആംബുലൻസുകൾ അടക്കമുള്ളവ ഉടൻ കുതിക്കുകയായിരുന്നു. മഴ കനത്തതോടെ ജില്ലയിലെ ദുരന്തനിവാരണ പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്ന ജില്ല കലക്ടർ എസ്. സാംബശിവ റാവു ഉടൻ കരിപ്പൂരിലേക്ക് പുറപ്പെട്ടിരുന്നു. മലപ്പുറം കലക്ടറുമായി ചേർന്ന് സംയുക്ത പ്രവർത്തനങ്ങളാണ് പിന്നീട് നടന്നത്.
ജില്ലയിലെ മിക്ക അഗ്നിശമന സേനാ സംഘത്തോടും കരിപ്പൂരിലേക്ക് കുതിക്കാനും ആവശ്യപ്പെട്ടിരുന്നു. മെഡിക്കൽ കോളജ്, ബീച്ച്, മൂന്ന് സ്വകാര്യ ആശുപത്രികൾ എന്നിവ പരിക്കേറ്റവരുടെ ചികിത്സക്കായും ഉടൻ സജ്ജമാക്കി. മിംസ് ആശുപത്രിയിൽ രാത്രി 9.30ഓടെ 15 പേരെ കൊണ്ടുവന്നു. മെയ്ത്ര ആശുപത്രിയിൽ ആദ്യം എത്തിച്ച രണ്ടുപേർക്ക് ബോധമില്ലായിരുന്നു.
പലർക്കും രക്തവും ആവശ്യമായിരുന്നു. സമൂഹ മാധ്യമം വഴി വിവരം നൽകിയതോടെ രക്തദാനത്തിനും ആളുകളെത്തി. പരിക്കേറ്റവരെ എത്തിച്ച അഞ്ച് ആശുപത്രികളിലും ഹെൽപ് ഡെസ്കുകളും രാത്രി പത്ത് മണിയോടെ സജ്ജമാക്കി.
ആകെ 100 ആംബുലൻസുകൾ കരിപ്പൂരിലേക്ക് അയച്ചതായി ദുരന്തനിവാരണ വിഭാഗം ഡെപ്യൂട്ടി കലക്ടർ ഷാമിൻ സെബാസ്റ്റ്യൻ 'മാധ്യമ'ത്തോട് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.