സൗദിയിലേക്കുള്ള എയർ ഇന്ത്യ വിമാനത്തിന്‍റെ വിൻഡ്ഷീൽഡിൽ പൊട്ടൽ; തിരുവനന്തപുരത്ത് അടിയന്തര ലാൻഡിങ്
text_fieldsതിരുവനന്തപുരം: സൗദിയിലേക്കുള്ള എയർ ഇന്ത്യ എകസ്പ്രസ് വിമാനത്തിന്‍റെ വിൻഡ്ഷീൽഡിൽ പൊട്ടൽ കണ്ടെത്തിയതിനെ തുടർന്ന് തിരുവനന്തപുരത്ത് അടിയന്തര ലാൻഡിങ് നടത്തി. തിരുവനന്തപുരത്ത് നിന്ന് തന്നെ പുറപ്പെട്ട വിമാനമാണ് തിരിച്ചിറക്കിയത്.
രാവിലെ 7.52നാണ് വിമാനം ടേക്ക് ഓഫ് ചെയ്തത്. തുടർന്ന് വിൻഡ്ഷീൽഡിലെ പൊട്ടൽ പൈലറ്റുമാരുടെ ശ്രദ്ധയിൽ പെടുകയായിരുന്നു. പിന്നീട് വിമാനം തിരുവനന്തപുരത്തേക്ക് തന്നെ തിരിച്ച് പോവുകയും 8.52ഓടെ വിമാനത്താവളത്തിൽ അടിയന്തര ലാൻഡിങ് നടത്തുകയും ചെയ്തു. സൗദിയിലേക്ക് യാത്ര നിയന്ത്രണം നിലനിൽക്കുന്നതിനാൽ യാത്രക്കാർ വിമാനത്തിലുണ്ടായിരുന്നില്ല. കാർഗോ മാത്രമാണ് വിമാനത്തിലുണ്ടായിരുന്നത്. എട്ട് ജീവനക്കാരും വിമാനത്തിലുണ്ടായിരുന്നു. ജീവനക്കാരെല്ലാം സുരക്ഷിതരാണെന്ന് വിമാനത്താവള ഡയറക്ടർ സി.വി.രവീന്ദ്രൻ പറഞ്ഞു.
വിമാനത്തിന്‍റെ പതിവ് പരിശോധനയിൽ വിൻഡ്ഷീൽഡിലെ പൊട്ടൽ കണ്ടെത്തിയിരുന്നില്ല. ടേക്ക് ഓഫിനിടയിലോ അല്ലെങ്കിൽ പിന്നീടുള്ള പറക്കലിനിടയിലോ ആയിരിക്കും ഇത് സംഭവിച്ചത്. സൗദിയിലെത്തി വന്ദേ ഭാരത് മിഷന്‍റെ ഭാഗമായി ദമാമിൽ നിന്ന് യാത്രക്കാരുമായി തിരികെ വരാനിരുന്ന വിമാനമാണ് തിരിച്ചിറക്കിയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.