എയർ ഇന്ത്യ എക്സ്പ്രസ് സമരം അവസാനിപ്പിച്ച് യാത്ര തടസ്സം പരിഹരിക്കണം -റസാഖ് പാലേരി
text_fieldsകോഴിക്കോട്: എയർ ഇന്ത്യ എക്സ്പ്രസ് ജീവനക്കാരുടെ അപ്രതീക്ഷിത പണിമുടക്ക് കാരണം രാജ്യാന്തര വിമാന യാത്രയിലുണ്ടായ പ്രതിസന്ധി പരിഹരിക്കാൻ കേന്ദ്രസർക്കാർ ഇടപെടണമെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡന്‍റ് റസാഖ് പാലേരി. ജീവനക്കാരുമായി ചർച്ച നടത്തി സമരം അവസാനിപ്പിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
സമരം കൊണ്ട് വലഞ്ഞ യാത്രക്കാർക്ക് അടിയന്തിരമായി ബദൽ സംവിധാനം ഒരുക്കണം. മറ്റ് വിമാനങ്ങളിൽ യാത്ര ഒരുക്കാൻ എയർ ഇന്ത്യ മാനേജ്മെന്‍റ് തയാറാകണം. യാത്ര തടസ്സപ്പെട്ടതിനാൽ ജോലിയിൽ പ്രതിസന്ധിയുണ്ടായവരുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ സർക്കാർ ഇടപെടൽ ഉണ്ടാകണം. യാത്ര വൈകുന്നവർക്ക് എയർപോർട്ടുകൾക്ക് സമീപം തന്നെ താമസ സൗകര്യമൊരുക്കണം. എമർജൻസി സർവീസുകളിൽ തടസ്സമുണ്ടാകുമ്പോൾ പ്രതിസന്ധി യാത്രക്കാർ തന്നെ പരിഹരിക്കണമെന്ന ഉത്തരവാദരഹിതമായ സമീപനം അവസാനിപ്പിക്കാൻ സർക്കാർ നിയമനിർമ്മാണം നടത്തണം.
ഇത്തരം അവശ്യ സർവീസുകൾ സ്വകാര്യവൽക്കരിച്ച് കയ്യൊഴിയുന്ന സർക്കാർ സമീപനം നിരുത്തരവാദപരമാണ്. സ്വകാര്യ വൽക്കരണം എല്ലാത്തിന്‍റെയും പരിഹാരമാണ് എന്ന വാദത്തിന്‍റെ പൊള്ളത്തരം ഇത്തരം സന്ദർഭങ്ങൾ അനാവരണം ചെയ്യുന്നുണ്ട്. കോർപറേറ്റ് മാനേജ്മെന്‍റുകളുടെ തൊഴിലാളി വിരുദ്ധ നടപടികൾ കാര്യങ്ങൾ കൂടുതൽ സങ്കീർണ്ണമാക്കാതിരിക്കാനാവശ്യമായ ഇടപെടൽ സർക്കാറിൽ നിന്നുണ്ടാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.