സൗദിയക്ക് പിറകെ കോഴിക്കോട്ട് നിന്ന് എയർ ഇന്ത്യയും
text_fieldsകരിപ്പൂർ: സൗദി എയർലൈൻസിന് പിറകെ കോഴിക്കോട് വിമാനത്താവളത്തിൽ നിന്ന് എയർ ഇന്ത്യയും വലിയ വിമാനസർവിസ് പുനരാരംഭിക്കുന്നു. നടപടികൾ അവസാന ഘട്ടത്തിലാണെന്ന് എയർ ഇന്ത്യ അധികൃതർ ‘മാധ്യമ’ത്തോട് പറഞ്ഞു. സൗദിയക്ക് ഡി.ജി.സി.എ കഴിഞ്ഞ ആഗസ്റ്റ് എട്ടിന് അനുമതി നൽകിയതോടെയാണ് എയർ ഇന്ത്യയും രംഗത്തെത്തിയത്. ഡി.ജി.സി.എക്ക് അപേക്ഷ സമർപ്പിച്ചതായും അനുമതി ഉടൻ ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും ലഭിച്ചാലുടൻ സമയക്രമം പ്രസിദ്ധീകരിക്കുമെന്നും അധികൃതർ അറിയിച്ചു.
424 പേർക്ക് സഞ്ചരിക്കാവുന്ന ബി 747-400 ഉപയോഗിച്ച് സർവിസ് നടത്താനാണ് എയർ ഇന്ത്യ അപേക്ഷ സമർപ്പിച്ചിരിക്കുന്നത്. മുന്നോടിയായി കഴിഞ്ഞ ആഗസ്റ്റ് ആറിന് എയർ ഇന്ത്യ സംഘം പരിശോധന നടത്തിയിരുന്നു. എന്നാൽ, തുടർ നടപടികൾ അധികൃതർ സ്വീകരിച്ചിരുന്നില്ല. നടപടികൾ വേഗത്തിലാക്കണമെന്നാവശ്യപ്പെട്ട് പി.കെ. കുഞ്ഞാലിക്കുട്ടി എം.പി, പി.വി. അബ്ദുൽ വഹാബ് എം.പി എന്നിവർ എയർ ഇന്ത്യ ചെയർമാൻ പ്രദീപ് സിങ് ഖരോളെയ നേരിൽ കണ്ടിരുന്നു.
എം.കെ. രാഘവൻ എം.പിയും കത്ത് നൽകിയിരുന്നു. തുടർന്നാണ് എയർ ഇന്ത്യ വീണ്ടും നടപടികളുമായി രംഗത്തെത്തിയത്. അതേസമയം, 2015ൽ സൗദിയ, എയർ ഇന്ത്യ എന്നിവക്കൊപ്പം സർവിസ് നിർത്തലാക്കിയ എമിറേറ്റ്സ് തുടർനടപടികൾ സ്വീകരിച്ചിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.