അന്തരീക്ഷ മലിനീകരണം; കൊച്ചിയിലും തിരുവനന്തപുരത്തും നിരീക്ഷണ കേന്ദ്രങ്ങൾ വരുന്നു
text_fieldsകൊച്ചി: അന്തരീക്ഷ മലിനീകരണം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി കൊച്ചിയിലും തിരുവനന്തപുരത്തും നിരീക്ഷണ കേന്ദ്രങ്ങൾ സ്ഥാപിക്കാൻ പദ്ധതി. ഇരുനഗരങ്ങളിലുമായി 2.56 കോടി ചെലവിൽ അഞ്ചുവീതം കേന്ദ്രങ്ങൾ സ്ഥാപിക്കാൻ കോഴിക്കോട് എൻ.ഐ.ടി പദ്ധതി സമർപ്പിച്ചു. ഇവിടങ്ങളിലെ അന്തരീക്ഷ മലിനീകരണത്തിന്റെ സ്രോതസ്സ് സംബന്ധിച്ച് പഠിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ സംസ്ഥാന പരിസ്ഥിതി വകുപ്പിനോട് ദേശീയ ഹരിത ട്രൈബ്യൂണൽ നൽകിയ ഉത്തരവിനെ തുടർന്നാണ് കോഴിക്കോട് എൻ.ഐ.ടിയോട് പദ്ധതി തയാറാക്കാൻ ആവശ്യപ്പെട്ടത്.
10 ലക്ഷത്തിനുമേൽ ജനസംഖ്യയുള്ള നഗരങ്ങൾക്ക് പരിസ്ഥിതി പ്രവർത്തനങ്ങൾക്കായി കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയം നൽകുന്ന തുക ഇരുനഗരങ്ങളിലും നിരീക്ഷണ കേന്ദ്രങ്ങൾ സ്ഥാപിക്കുന്നതിന് ലഭ്യമാക്കാൻ ലക്ഷ്യമിടുന്നുണ്ട്. തിരുവനന്തപുരം, കൊച്ചി നഗരങ്ങൾക്ക് പുറമെ കൊല്ലം, ആലപ്പുഴ, കോഴിക്കോട്, തൃശൂർ, കാസർകോട്, കണ്ണൂർ എന്നിവിടങ്ങളിലെ അന്തരീക്ഷ നിലവാരത്തിൽ ഹരിത ട്രൈബ്യൂണൽ ആശങ്ക അറിയിച്ചിരുന്നു. കേന്ദ്ര-സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡുകൾ, കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയം, സംസ്ഥാന മോട്ടോർ വാഹന വകുപ്പ്, ചെന്നൈ ഐ.ഐ.ടി, ദേശീയ പരിസ്ഥിതി സാങ്കേതിക ഗവേഷണ ഇൻസ്റ്റിറ്റ്യൂട്ട് (നീറി) എന്നിവയടങ്ങുന്ന കമ്മിറ്റിയോട് പഠനം നടത്തി അന്തരീക്ഷ മലിനീകരണം കുറക്കാൻ ഹ്രസ്വകാല, ദീർഘകാല നടപടി എടുക്കാനും ആവശ്യപ്പെട്ടു. കമ്മിറ്റി നടത്തിയ പഠനത്തിൽ എറണാകുളം വൈറ്റിലയിൽ ഒഴിച്ച് മറ്റെല്ലാ നഗരങ്ങളിലും വായു നിലവാരം അനുവദനീയ നിലയിൽ തന്നെയാണെന്ന് കണ്ടെത്തി.
പെട്രോൾ പമ്പുകൾ അന്തരീക്ഷ മലിനീകരണത്തിന് കാരണമാകുന്ന ബെൻസീൻ പുറന്തള്ളുന്ന പ്രധാന കേന്ദ്രങ്ങളാണെന്ന് ട്രൈബ്യൂണലിൽ സമർപ്പിച്ച റിപ്പോർട്ടിലുണ്ട്. കണിക ദ്രവ്യം, അസ്ഥിരമായ ജൈവസംയുക്തം എന്നിവയുടെ സാന്നിധ്യവും പമ്പുകളിൽനിന്നുണ്ട്. ഇത് പരിഹരിക്കാൻ പമ്പുകളിൽ വാതകങ്ങൾ വീണ്ടെടുക്കുന്ന സംവിധാനം സ്ഥാപിക്കാൻ പെട്രോളിയം ആൻഡ് എക്സ്പ്ലോസിവ് സേഫ്റ്റി കൗൺസിലുമായി (പെസോ) സഹകരിച്ച് നടപടി എടുത്തുവരുന്നു. പ്രതിമാസം 300 കിലോലിറ്റർ വിൽപന നടക്കുന്ന പുതിയ പമ്പുകളിൽ സംവിധാനം നിർബന്ധമാക്കി. ഒരുലക്ഷത്തിനുമേൽ ജനസംഖ്യയുള്ള നഗരങ്ങളിലും ഇത് നടപ്പാക്കും.
ഗതാഗതത്തിരക്കേറിയ ജങ്ഷനുകളിൽ ജല ഫൗണ്ടനുകൾ സ്ഥാപിക്കാൻ ഹൈവേ അതോറിറ്റി, പി.ഡബ്ല്യു.ഡി എന്നിവക്ക് നിർദേശവും നൽകിയതായി കർമപദ്ധതി വ്യക്തമാക്കുന്നു. 2021 ഡിസംബർ 31വരെ ഒരുവർഷത്തിൽ പുക പരിശോധന സർട്ടിഫിക്കറ്റില്ലാത്ത 5697 വാഹനങ്ങൾക്കെതിരെ നടപടിയെടുത്തതായും റിപ്പോർട്ടിൽ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.