കണ്ണൂരിൽനിന്ന് വിമാന ടിക്കറ്റ് 'പൊള്ളും'; വിദേശ, ആഭ്യന്തര വിമാന ടിക്കറ്റ് നിരക്ക് കൂടുതൽ
text_fieldsകണ്ണൂർ: കണ്ണൂർ വിമാനത്താവളത്തിൽ നിന്ന് വിദേശ, ആഭ്യന്തര വിമാന ടിക്കറ്റുകൾക്ക് അധിക തുക. ഇത് മലബാർ മേഖലയിൽ നിന്നുള്ള യാത്രക്കാർക്ക് കൂടുതൽ ദുരിതം വിതക്കുകയാണ്. ദുബൈ, അബൂദബി അടക്കമുള്ള വിദേശ രാജ്യങ്ങൾക്കുപുറമെ ബംഗളൂരു അടക്കമുള്ള ആഭ്യന്തര സർവിസുകൾക്കും ടിക്കറ്റ് നിരക്ക് കണ്ണൂരിൽ നിന്നും കൂടുതലാണ്.
ദുബൈയിലേക്ക് ഏകദേശം ഇരട്ടി തുകയാണ് കരിപ്പൂർ വിമാനത്താവളത്തെ അപേക്ഷിച്ച് കണ്ണൂരിൽ നിന്ന് ഈടാക്കുന്നത്. ഗോ ഫസ്റ്റ് വിമാനത്തിൽ കണ്ണൂരിൽനിന്ന് ദുബൈയിലേക്ക് 40,000ത്തിനടുത്ത് രൂപയാണ് ആഗസ്റ്റ് ആദ്യ വാരത്തെ ടിക്കറ്റ് നിരക്കായി കമ്പനി വെബ്സൈറ്റിൽ കാണിക്കുന്നത്. എന്നാൽ, കോഴിക്കോടുനിന്ന് ദുബൈയിലേക്ക് 18,000 രൂപയാണ്.
ദുബൈയിലേക്ക് കോഴിക്കോടിനെ അപേക്ഷിച്ച് കണ്ണൂരിൽനിന്ന് പറക്കാനെടുക്കുന്ന സമയം 15 മിനിറ്റിലേറെ കുറവാണ്. എന്നിട്ടും ടിക്കറ്റ് നിരക്കിൽ ഇരട്ടിയോളം തുകയാണ് കണ്ണൂരിൽനിന്ന് ഈടാക്കുന്നത്. കൂടാതെ അബൂദബിയിലേക്കുള്ള ടിക്കറ്റ് നിരക്കിലും നിരക്ക് വ്യത്യാസമുണ്ട്. കണ്ണൂരിൽനിന്നും കോഴിക്കോടുനിന്നും 3000 രൂപയുടെ വ്യത്യാസമാണ് അബൂദബിയിലേക്കുള്ളത്. തിരുവനന്തപുരം, കൊച്ചി വിമാനത്താവളത്തിൽനിന്ന് ഇതിലും കുറവാണ് ടിക്കറ്റ് നിരക്ക്.
ബംഗളൂരു അടക്കമുള്ള ആഭ്യന്തര സർവിസിനും കണ്ണൂരിൽനിന്ന് ടിക്കറ്റ് നിരക്ക് കൂടുതലാണ്. കണ്ണൂരിൽനിന്ന് ബംഗളൂരുവിലേക്ക് ഇൻഡിഗോയുടെ നിരക്ക് 4600 മുതലാണെങ്കിൽ കോഴിക്കോടുനിന്ന് 3500 തൊട്ടാണ്.
എയർ ഇന്ത്യയിൽ ഡൽഹിയിലേക്ക് കണ്ണൂരിൽനിന്ന് കോഴിക്കോടിനെ അപേക്ഷിച്ച് ടിക്കറ്റ് നിരക്ക് ഏതാണ്ട് 1000 രൂപയുടെ വ്യത്യാസമാണ്. -കൂടുതൽ സർവിസുകൾ അനിവാര്യം -മുജീബ് പുതിയവീട്ടിൽ (ഫ്ലൈ സ്കൈ ടൂർസ് ആൻഡ് ട്രാവൽസ്, കണ്ണൂർ)
വിമാന ടിക്കറ്റ് നിരക്ക് കുറയാൻ കൂടുതൽ വിമാന സർവിസുകൾ കണ്ണൂർ വിമാനത്താവളത്തിൽനിന്ന് നടത്തിയേ പറ്റൂ. കരിപ്പൂർ വിമാനത്താവളത്തെ അപേക്ഷിച്ച് കണ്ണൂരിൽ സൗകര്യം ഏറെയാണ്. എന്നിട്ടും കണ്ണൂരിൽനിന്ന് വിദേശരാജ്യങ്ങളിലേക്കുള്ള വിമാന സർവിസ് മറ്റുസ്ഥലത്തെ അപേക്ഷിച്ച് കുറവാണ്.
ജിദ്ദ, റിയാദ് പോലുള്ള ഗൾഫ് രാജ്യങ്ങളിലേക്ക് കണ്ണൂരിൽനിന്ന് നേരിട്ട് വിമാനമില്ല. വിരലിലെണ്ണാവുന്ന സർവിസ് മാത്രമാണ് ഇവിടെനിന്ന് നടത്തുന്നത്. ഇതാണ് ടിക്കറ്റ് നിരക്ക് കൂടാൻ കാരണം. കണ്ണൂർ, കാസർകോട്, വയനാട് ജില്ലകളിൽനിന്നും കർണാടക കുടക് മേഖലയിൽ നിന്നും ലക്ഷക്കണക്കിനുപേർ ആശ്രയിക്കുന്ന വിമാനത്താവളമാണ് കണ്ണൂരിലേത്.
കേരളത്തിൽനിന്നുള്ള എം.പിമാർ വ്യോമയാന മന്ത്രിയെയടക്കം കണ്ട് ഇത്തരം കാര്യങ്ങളിൽ പരിഹാരം കാണാൻ ശ്രമിക്കണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.