ദീപ്ത സ്മരണകൾ ബാക്കി; മണ്ണോടു ചേർന്ന് അച്ചുദേവ്
text_fieldsപന്തീരാങ്കാവ് (കോഴിക്കോട്): പന്തീരാങ്കാവിലെ മേലെ താന്നിക്കാട്ട് പുതുതായി നിർമിച്ച വീടിനോട് ചേർന്ന് കുടുംബശ്മശാനത്തിൽ ബന്ധുക്കളും നാട്ടുകാരും അന്ത്യയാത്രാമൊഴി നേരുേമ്പാൾ ബാക്കിയായത് അച്ചുദേവിെൻറ ദീപ്തസ്മരണകൾ. ചെറുപ്പം മുതൽ നെയ്തുകുട്ടിയ സ്വപ്നങ്ങെളല്ലാം യുദ്ധവിമാനം പറപ്പിക്കുന്ന വിദഗ്ധനായ പൈലറ്റിേൻറതായിരുന്നു. ആ സ്വപ്നസാക്ഷാത്കാരത്തിലേക്കുള്ള യാത്രയിലാണ് വിധി ഇൗ യുവാവിനെ തേടിയെത്തിയത്. ജീവിതത്തിെൻറ പാതിവഴിയിൽ നിലച്ചെങ്കിലും ബാല്യം മുതൽ മനസ്സിൽ താലോലിച്ച സ്വപ്നം സാക്ഷാത്കരിക്കാനായെന്ന വിശ്വാസത്തോടെയാണ് വിങ്ങുന്ന മനസ്സുമായി പിതാവ് സഹദേവനും മാതാവ് ജയശ്രീയും സഹോദരി അനുശ്രീയും യാത്രാമൊഴി ചൊല്ലിയത്.
പരിശീലനപ്പറക്കലിനിടെ അരുണാചൽപ്രദേശിൽ തകർന്നുവീണ വിമാനത്തിലെ വൈമാനികൻ ഫ്ലൈറ്റ് ലഫ്റ്റനൻറ് എസ്. അച്ചുദേവിനെ (25) ഒൗദ്യോഗിക സൈനിക ബഹുമതികളോടെയാണ് വീടിന് സമീപത്ത് സംസ്കരിച്ചത്. വെള്ളിയാഴ്ച തിരുവനന്തപുരം ഉള്ളൂർ പോങ്ങുംമൂട് ഗൗരി നഗറിലെ ‘അളക’യിൽ പൊതുദർശനത്തിനുവെച്ച മൃതദേഹം ശനിയാഴ്ച 11 മണിയോടെ കരിപ്പൂരിൽ പ്രത്യേക എയർഫോഴ്സ് വിമാനത്തിലെത്തിക്കുകയായിരുന്നു. 12 മണിയോടെ പന്തീരാങ്കാവിലെ വീട്ടിലെത്തിച്ചപ്പോൾ നാടും കുടുംബവും ആദരാഞ്ജലി അർപ്പിക്കാൻ തടിച്ചുകൂടി.
മേയ് 23നാണ് തേസ്പൂർ സൈനിക താവളത്തിൽനിന്ന് സുഖോയ്-30 വിമാനത്തിൽ പരീക്ഷണ പറക്കൽ നടത്തിയ അച്ചുദേവും സ്ക്വാഡ്രൺ ലീഡർ ദിവേശ് പങ്കജും അപകടത്തിൽപെട്ടത്. മേയ് 31നാണ് ഇരുവരുടെയും മരണം സൈന്യം സ്ഥിരീകരിച്ചത്. അപകട വിവരത്തെ തുടർന്ന് അച്ചുദേവിെൻറ പിതാവ് സഹദേവനും മാതാവ് ജയശ്രീയും സഹോദരീ ഭർത്താവ് നിർമലും തേസ്പൂർ സൈനിക ക്യാമ്പിലെത്തിയിരുന്നു. മൃതദേഹത്തോടൊപ്പമാണ് ഇവർ നാട്ടിലേക്ക് മടങ്ങിയത്.
മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി, എം.എൽ.എമാരായ അഡ്വ. പി.ടി.എ റഹീം, വി.കെ.സി. മമ്മദ്കോയ, കെ. മുരളീധരൻ, എ. പ്രദീപ്കുമാർ, ജില്ല കലക്ടർ യു.വി. ജോസ്, മേയർ തോട്ടത്തിൽ രവീന്ദ്രൻ, ജില്ല പഞ്ചായത്ത് പ്രസിഡൻറ് ബാബു പറശ്ശേരി, വൈസ് പ്രസിഡൻറ് റീന മുണ്ടേങ്ങാട്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് എൻ. മനോജ്കുമാർ, മുൻ മഹാരാഷ്ട്ര ഗവർണർ കെ. ശങ്കരനാരായണൻ, സി.പി.എം ജില്ല സെക്രട്ടറി പി. മോഹനൻ മാസ്റ്റർ, ഡി.സി.സി പ്രസിഡൻറ് അഡ്വ. ടി. സിദ്ദിഖ്, കെ.സി. അബു, ടി.പി. സുരേഷ് തുടങ്ങിയവർ വീട്ടിലെത്തിയിരുന്നു.
രണ്ടരയോടെ കോയമ്പത്തൂർ സുലൂരിലെ വ്യോമസേന കേന്ദ്രത്തിലെ സൈനികരാണ് സംസ്കാരത്തോടനുബന്ധിച്ചുള്ള ഒൗദ്യോഗിക ചടങ്ങുകൾക്ക് നേതൃത്വം നൽകിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.