‘കൊലയാളികളായി’എയർഗണ്ണുകൾ!
text_fieldsകോട്ടയം: സംസ്ഥാനത്ത് എയര്‍ഗണ്‍ ഉപയോഗിക്കുന്നത് മൂലമുള്ള കുറ്റകൃത്യങ്ങളിലും അപകടങ്ങളിലും സാരമായ വർധന. ജീവനെടുക്കുന്ന നിലയിലേക്ക് എയർഗണ്ണിന്റെ ഉപയോഗം മാറുകയാണ്. കാര്യമായ നിയന്ത്രണമില്ലാത്തതിനാലാണ് ഇത്തരം തോക്കിന്റെ ഉപയോഗം വർധിക്കുന്നതെന്നാണ് അധികൃതരുടെ വിലയിരുത്തൽ. മുമ്പ് കൃഷിയിടങ്ങളിൽനിന്ന് പക്ഷികളെയും മൃഗങ്ങളെയും ആട്ടിപ്പായിക്കാനും കൗതുകത്തിനും മാത്രം ഉപയോഗിച്ചിരുന്ന എയര്‍ഗണ്ണുകള്‍ ഇപ്പോൾ ‘കൊലയാളികളായി’ മാറുന്നെന്നാണ് പുറത്തുവരുന്ന സംഭവങ്ങൾ വ്യക്തമാക്കുന്നത്.
എയര്‍ഗണ്‍ ഉപയോഗിച്ച് ഈ വർഷം മാത്രം നടന്നത് ആറ് ആക്രമണങ്ങളാണെന്നാണ് ഔദ്യോഗിക കണക്ക്. അതിൽ മൂന്നുപേർ മരിച്ചെന്നത് ഞെട്ടിക്കുന്നതാണ്. ലൈസൻസും മറ്റും ആവശ്യമില്ലാത്തതിനാൽ പൊലീസിനും കാര്യമായ പരിശോധനകൾ നടത്താൻ സാധിക്കാത്ത അവസ്ഥയാണ്. ഇത്തരം തോക്കുകൾ വിൽക്കുന്ന കടകളും സംസ്ഥാനത്ത് വ്യാപകമാണ്. എന്നാൽ, എയർഗണ്ണിന്റെ മറവിൽ ഉപയോഗിക്കാൻ പാടില്ലാത്ത തോക്കുകളും വിൽക്കുന്നെന്നാണ് വിവരം. ‘ഫയര്ആംസ്’ എന്ന ഗണത്തില്‍ വരുന്ന ലൈസന്‍സില്ലാതെ ഉപയോഗിക്കാന്‍ പാടില്ലാത്ത തരത്തിലുള്ള തോക്കുകളും എയര്‍ഗണ്‍ എന്ന പേരില്‍ വില്‍ക്കുന്നെന്ന സംശയം അധികൃതർ പ്രകടിപ്പിക്കുന്നു. കളിത്തോക്കുകള്‍ക്കപ്പുറത്ത് യഥാര്‍ഥ തോക്കിന്റെ മാതൃകയിലുള്ള എയര്‍ഗണ്ണുകള്‍ ഓണ്‍ലൈന്‍ വില്പന പ്ലാറ്റ്ഫോമുകളില്‍ ഇന്ന് സുലഭമാണ്.
250 രൂപ മുതല്‍ ലക്ഷങ്ങൾവരെ വിലയുള്ള വ്യത്യസ്ത എയര്‍ഗണ്ണുകള്‍ ലഭിക്കും. ഒരു ലൈസന്‍സും ആവശ്യമില്ലെന്ന പരസ്യത്തോടെയാണ് ഓണ്‍ലൈനുകളിലൂടെ ഈ തോക്കിന്റെ വില്പന. തിരിച്ചറിയല്‍ കാര്‍ഡിന്റെ പകര്‍പ്പ് നല്കി സാമൂഹിക സുരക്ഷക്ക് ഭീഷണിയാകുന്ന നിലയിൽ ഉപയോഗിക്കില്ലെന്ന സത്യവാങ്മൂലം എഴുതിനൽകിയാൽ എയർഗൺ വാങ്ങാനാകുന്ന സ്ഥിതിയാണുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.