വിമാനക്കമ്പനി യാത്ര മുടക്കി; ഹൈകോടതി ജഡ്ജിക്ക് ഏഴര ലക്ഷം നഷ്ടപരിഹാരം നൽകണമെന്ന് ഉപഭോക്തൃ കോടതി
text_fieldsകൊച്ചി: സാധുവായ വിമാന ടിക്കറ്റ് ഉണ്ടായിരുന്നിട്ടും ന്യായമായ കാരണമില്ലാതെ യാത്ര വിലക്കിയ വിമാനക്കമ്പനി പരാതിക്കാരന് ഏഴര ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ എറണാകുളം ജില്ല ഉപഭോക്തൃ കോടതി ഉത്തരവിട്ടു. കേരള ഹൈകോടതി ജഡ്ജി ബച്ചു കുര്യൻ തോമസ് ഖത്തർ എയർവേസിനെതിരെ സമർപ്പിച്ച പരാതിയിലാണ് ഡി.ബി. ബിനു അധ്യക്ഷനും വൈക്കം രാമചന്ദ്രൻ, ടി.എൻ. ശ്രീവിദ്യ എന്നിവർ അംഗങ്ങളുമായ കോടതിയുടെ ഉത്തരവ്.
ബച്ചു കുര്യൻ തോമസ് ഹൈകോടതിയിലെ സീനിയർ അഭിഭാഷകൻ ആയിരിക്കെയാണ് കേസിനാസ്പദമായ സംഭവം. നെടുമ്പാശ്ശേരി വിമാനത്താവളത്തിൽനിന്ന് സ്കോട്ട്ലന്ഡിലേക്കുള്ള യാത്രക്ക് പരാതിക്കാരനും സുഹൃത്തുക്കളും നാലുമാസം മുമ്പുതന്നെ ടിക്കറ്റ് എടുത്തിരുന്നു. കൊച്ചിയിൽനിന്ന് ദോഹയിലേക്കും അവിടെനിന്ന് എഡിൻബറോയിലേക്കും യാത്രാടിക്കറ്റ് നൽകി. എന്നാൽ, ദോഹയിൽനിന്ന് എഡിൻബറോയിലേക്കുള്ള യാത്രയാണ് ഓവർ ബുക്കിങ് എന്ന കാരണം പറഞ്ഞ് കമ്പനി വിലക്കിയത്. ഇത് സേവനത്തിലെ അപര്യാപ്തതയാണ് എന്നായിരുന്നു പരാതി. നിശ്ചയിച്ച സമയത്ത് എത്താൻ കഴിയാതിരുന്നതുമൂലം വലിയ ബുദ്ധിമുട്ടുകളും കഷ്ടനഷ്ടങ്ങളുമാണ് ഉണ്ടായതെന്നും പരാതിയിൽ പറയുന്നു.
30 ദിവസത്തിനകം നഷ്ടപരിഹാരം നൽകാത്തപക്ഷം തുക നൽകുന്ന തീയതി വരെ പിഴത്തുകക്ക് ഒമ്പതുശതമാനം പലിശ കൂടി എതിർകക്ഷി പരാതിക്കാരന് നൽകണമെന്നും ഉത്തരവിൽ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.