'ഇമാസി'നോട് മുഖം തിരിച്ച് വിമാനത്താവള അതോറിറ്റി
text_fieldsകരിപ്പൂർ: വിമാനത്താവളങ്ങളിൽ റൺവേ ഒാവർ ഷൂട്ട് ചെയ്തുണ്ടാകുന്ന അപകടങ്ങൾ കുറക്കുന്നതിനുള്ള എൻജിനീയേഡ് മെറ്റീരിയിൽ അറസ്റ്റിങ് സിസ്റ്റത്തിനോട് (ഇ മാസ്) മുഖം തിരിച്ച് വിമാനത്താവള അതോറിറ്റി.
കോഴിക്കോട് വിമാനത്താവളത്തിൽ ഇ മാസ് സംവിധാനമുണ്ടായിരുന്നെങ്കിൽ കഴിഞ്ഞ ദിവസം നടന്ന അപകടത്തിെൻറ വിധി മറ്റൊന്നാകുമായിരുന്നുവെന്ന് വിദഗ്ധർ പറയുന്നു.
2010ലെ മംഗളൂരു വിമാനദുരന്തം അേന്വഷിച്ച സമിതിയുടെ നിർദേശം കൂടിയാണ് അട്ടിമറിക്കുന്നത്. റിട്ട. എയർവൈസ് മാർഷൽ ഗോഖലെ അധ്യക്ഷനായ സമിതിയാണ് വിമാനത്താവളങ്ങളിൽ ഇൗ സംവിധാനം നിർദേശിച്ചത്.
നിലവിലുള്ള 240 മീറ്റർ റൺവേ എൻഡ് സേഫ്റ്റി ഏരിയക്ക് (റിസ) പകരമാണ് 90 മീറ്ററിൽ ഇ മാസ് എന്ന സുരക്ഷാപ്രതലം ഒരുക്കേണ്ടത്. റൺവേക്ക് പുറേത്തക്ക് വിമാനങ്ങളെത്തുന്ന സാഹചര്യത്തിൽ അപകടങ്ങൾ ഒഴിവാക്കുന്നതിന് വേണ്ടിയാണിത്.
റൺവേക്ക് പുറത്തേക്ക് പോകുന്ന വിമാനങ്ങൾ തടഞ്ഞുനിർത്തി അപകടങ്ങൾ പരമാവധി തടയുകയും യാത്രക്കാർക്കും വിമാനങ്ങൾക്കും പരിക്കുകൾ കുറക്കുകയും ചെയ്യുക എന്നതാണ് 'ഇ മാസി'െൻറ ലക്ഷ്യം.
നിലവിൽ അമേരിക്കയിലെ വിമാനത്താവളങ്ങളിൽ ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷൻ ഇ മാസ് നിർബന്ധമാക്കിയിട്ടുണ്ട്. ഇതിന് ശേഷം വിമാനങ്ങൾ റൺവേ വിട്ട് പോകുന്ന അപകടങ്ങൾ കുറക്കാൻ സാധിച്ചിട്ടുണ്ട്. ഗോഖലെ സമിതിയുടെ നിർദേശപ്രകാരം 2015-16 ൽ അന്നത്തെ ഡി.ജി.സി.എ ഡയറക്ടറായിരുന്ന എം. സത്യവതി ഇന്ത്യയിലെ വിമാനത്താവളങ്ങളിലും ഇത് നിർബന്ധമാക്കാനുള്ള നടപടികൾ ആരംഭിച്ചു.
എന്നാൽ, വിമാനത്താവള അതോറിറ്റിയിലെ ചില ഉന്നത ഉദ്യോഗസ്ഥർ എതിർപ്പ് ഉയർത്തിയതോടെ ഇവർ പിൻമാറുകയായിരുന്നു. ചെലവ് കൂടുതലാണെന്നാണ് ഇവരുടെ വാദം. അതേ സമയം, കരിപ്പൂരിൽ അടിയന്തരമായി ഇ മാസ് സംവിധാനം സ്ഥാപിക്കണമെന്ന് എം.കെ. രാഘവൻ എം.പി അടക്കമുള്ളവർ ആവശ്യപ്പെട്ടിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.