എസ്.എഫ്.ഐ അക്രമത്തിനെതിരെ എ.ഐ.എസ്.എഫ് പ്രതിഷേധം
text_fieldsഅഞ്ചൽ: കൊല്ലം എസ്.എന്‍ കോളജില്‍ 15 വിദ്യാർഥികളെ എസ്.എഫ്.ഐക്കാർ ആക്രമിച്ചതിൽ പ്രതിഷേധിച്ച് അഞ്ചലിൽ എ.ഐ.എസ്.എഫ് ആഭിമുഖ്യത്തിൽ പ്രതിഷേധ പ്രകടനം നടത്തി. തുടർന്ന് അഞ്ചൽ സെൻറ് ജോൺസ് കോളജിന് മുന്നിൽ നടന്ന പൊതുയോഗം എ.ഐ.വൈ.എഫ് സംസ്ഥാന കമ്മിറ്റി അംഗം ഇ.കെ സുധീര്‍ ഉദ്ഘാടനം ചെയ്തു.
മണ്ഡലം സെക്രട്ടറി എം.ബി നസീർ അധ്യക്ഷത വഹിച്ചു. സി.പി.ഐ മണ്ഡലം സെക്രട്ടറി ലിജു ജമാല്‍, എ.ഐ.എസ്.എഫ് മണ്ഡലം സെക്രട്ടറി മുഹമദ് നാസിം, നേതാക്കളായ എം. സജാദ്, എം. ഷിബു, എസ്. സുജേഷ്, എച്ച്. അഭിരാജ്, വൈശാഖ് സി. ദാസ്, എ.എൽ. അനഘ, ഷൈജു എബ്രഹാം, വിഷ്ണു രവീന്ദ്രൻ തുടങ്ങിയവര്‍ നേതൃത്വം നല്കി.
കോളജ് യൂനിയൻ തെരഞ്ഞെടുപ്പിനെ തുടർന്നുണ്ടായ പ്രശ്നങ്ങളാണ് അക്രമത്തിൽ കലാശിച്ചത്. എ.ഐ.എസ്.എഫ് യൂനിറ്റ് സെക്രട്ടറി ഉൾപ്പെടെയുള്ള 15 പേർക്കാണ് മർദനമേറ്റത്. സാരമായി പരിക്കേറ്റ മൂന്നുപേരെ പാരിപ്പള്ളി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
എ.ഐ.എസ്.എഫ് ഇത്തവണ കോളജിൽ യൂനിറ്റ് രൂപവത്കരിക്കുകയും 15 സീറ്റിൽ വിജയിക്കുകയും ചെയ്തിരുന്നു. ബുധനാഴ്ച ഉച്ചയോടെ കാമ്പസിലെ മരച്ചുവട്ടിലിരുന്ന എ.ഐ.എസ്.എഫ് പ്രവർത്തകരും എസ്.എഫ്.ഐ പ്രവർത്തകരും തമ്മിൽ വാക്കുതർക്കമുണ്ടായി. പിന്നാലെ എസ്.എഫ്.ഐ പ്രവർത്തകർ വടിയും കല്ലും കൊണ്ട് എ.ഐ.എസ്.എഫുകാരെ ആക്രമിക്കുകയായിരുന്നു.
ചുറ്റുമതിൽ ചാടി വനിത കോളജ് വളപ്പിലൂടെ പുറത്തെത്തിയ വിദ്യാർഥിക്കും പരീക്ഷ എഴുതാനെത്തിയവർക്കും മർദനമേറ്റു. ചുറ്റുമതിൽ ചാടിക്കടന്ന് ചില വിദ്യാർഥികൾ സി.പി.ഐ ജില്ല കമ്മിറ്റി ഓഫിസിൽ അഭയം തേടി. സംഘർഷത്തിനിടെ ക്ലാസ് മുറിയിൽ പൂട്ടിയിട്ട വിദ്യാർഥിനിയെ സി.പി.ഐ ജില്ല സെക്രട്ടറി പി.എസ്. സുപാൽ എം.എൽ.എയും മറ്റ് നേതാക്കളും എത്തിയാണ് മോചിപ്പിച്ചത്. പുറത്തുനിന്നെത്തിയ ഡി.വൈ.എഫ്.ഐ പ്രവർത്തകരുമായി ചേർന്നാണ് ആക്രമണം നടത്തിയതെന്ന് എ.ഐ.എസ്.എഫ് പ്രവർത്തകർ ആരോപിച്ചു.
യൂനിയൻ തെരഞ്ഞെടുപ്പിൽ വർഷങ്ങളായി എസ്.എഫ്.ഐ പ്രതിനിധികൾ മാത്രം നാമനിർദേശം നൽകിയിരുന്ന എസ്.എൻ കോളജിൽ ഇത്തവണ എ.ഐ.എസ്.എഫ് 15 സീറ്റിൽ വിജയിച്ചതാണ് എസ്.എഫ്.ഐയെ പ്രകോപിപ്പിച്ചതത്രെ. രാവിലെ കോളജിലെത്തിയപ്പോൾ തന്നെ കാമ്പസിൽനിന്ന് പുറത്ത് പോകില്ലെന്ന് എസ്.എഫ്.ഐ ഭിഷണിപ്പെടുത്തിയിരുന്നതായി മർദനമേറ്റ വിദ്യാർഥികൾ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.