ഐശ്വര്യ കേരള യാത്രക്ക് തുടക്കം; കടന്നുപോയത് പാഴായിപ്പോയ അഞ്ച് വർഷങ്ങളെന്ന് ഉമ്മൻ ചാണ്ടി
text_fieldsകാസർകോട്: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരള യാത്ര ആരംഭിച്ചു. കുമ്പളയിൽ നടന്ന ചടങ്ങിൽ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ഉദ്ഘാടനം ചെയ്തു. സംസ്ഥാനത്ത് കടന്നുപോയത് പാഴായിപ്പോയ അഞ്ച് വർഷങ്ങളെന്ന് അദ്ദേഹം പറഞ്ഞു. തരാതരംപോലെ വർഗീയത പറയുന്ന മുന്നണിയായി എൽ.ഡി.എഫ് അധഃപ്പതിച്ചു.
പുറംവാതിൽ നിയമനങ്ങളുടെ കാലമായിരുന്നു അഴിഞ്ഞ അഞ്ച് വർഷവും. യോഗ്യരായ ഉദ്യോഗാർഥികളുടെ സർക്കാർ നിയമനം തടസപ്പെടുത്തി. പി.എസ്.സിയിൽ ലിസ്റ്റുകൾ അനാവശ്യമായി ക്യാൻസൽ ചെയ്യുകയും വേണ്ടപ്പെട്ടവർക്കുമാത്രം സർവീസുകളിൽ നിയമനം നൽകുകയും ചെയ്തു. ശബരിമലയിൽ ഇപ്പോൾ ഒരു പ്രശ്നവും ഇല്ലല്ലോ എന്നും നേരത്തേ ഉണ്ടായത് ഇടത് സർക്കാർ ഉണ്ടാക്കിയ പ്രശ്നങ്ങൾ മാത്രമായിരുന്നെന്നും അദ്ദേഹം പറഞ്ഞു.
മുല്ലപ്പള്ളി രാമചന്ദ്രൻ, പി.കെ. കുഞ്ഞാലിക്കുട്ടി എം.പി, ഡോ. എം.കെ. മുനീർ എം.എൽ.എ, യു.ഡി.എഫ് കൺവീനർ എം.എം. ഹസൻ, പി.ജെ. ജോസഫ്, എൻ.കെ. പ്രേമചന്ദ്രൻ എം.പി, മോൻസ് ജോസഫ്, അനൂപ് ജേക്കബ്, വി.ഡി. സതീശൻ എം.എൽ.എ, സി.പി. ജോൺ, സി. ദേവരാജൻ, ഷാഫി പറമ്പിൽ എം.എൽ.എ, ലതിക സുഭാഷ് തുടങ്ങിയവർ പങ്കെടുത്തു. സംസ്ഥാനത്തെ 140 നിയോജക മണ്ഡലത്തിലും പര്യടനം നടത്തി ഫെബ്രുവരി 22ന് റാലിയോടെ തിരുവനന്തപുരത്ത് സമാപിക്കും. റാലിയിൽ രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി തുടങ്ങിയ നേതാക്കൾ പങ്കെടുക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.