ഡോക്ടറുടെ കുടുംബത്തിന് 'ഐശ്വര്യ ചികിത്സ'; മന്ത്രവാദി തട്ടിയത് 45 പവൻ
text_fieldsകോഴിക്കോട്: വനിത ഡോക്ടർക്കും കുടുംബത്തിനും 'ഐശ്വര്യ ചികിത്സ' നടത്തിയ മന്ത്രവാദി 45 പവെൻറ സ്വർണാഭരണങ്ങൾ തട്ടിയതായി പരാതി. ഫറോക്ക് പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. ചികിത്സക്കായി ഡോക്ടറെ കാണാൻ സ്ഥിരമായി വരുന്നയാൾ സൗഹൃദം സ്ഥാപിച്ചശേഷം കുടുംബകാര്യങ്ങളെല്ലാം തിരക്കിയതോടെയാണ് സംഭവങ്ങളുടെ തുടക്കം.
കുടുംബത്തിെൻറ ഐശ്വര്യത്തിനും സമ്പദ്സമൃദ്ധിക്കും സമാധാനത്തിനുമായി മന്ത്രവാദം നടത്താൻ ഡോക്ടറെ പ്രേരിപ്പിക്കുകയായിരുന്നു. ഡോക്ടർ പാതി സമ്മതംമൂളിയതോടെ മലപ്പുറത്തുള്ള മന്ത്രവാദിയെ ചികിത്സക്കെത്തുന്നയാൾ ഡോക്ടറുടെ പരിശോധനകേന്ദ്രത്തിലെത്തിച്ചു. ആദ്യഘട്ടത്തിൽ വിശ്വാസമില്ലാതിരുന്ന ഡോക്ടർ പരീക്ഷണമെന്ന നിലക്കാണ് ഇയാൾ പറയുന്ന കാര്യങ്ങൾ കേട്ടതെങ്കിലും പിന്നീട് നിർദേശങ്ങൾ പാലിക്കുകയായിരുന്നു.
കാര്യങ്ങളെല്ലാം ചോദിച്ചറിഞ്ഞശേഷം മന്ത്രവാദത്തിന് സ്വർണം ആവശ്യമാെണന്ന് ഇയാൾ പറഞ്ഞതോടെ വിശ്വാസമില്ലെന്ന് പറഞ്ഞ് ഡോക്ടർ പിൻവാങ്ങിയെങ്കിലും സ്വർണം കൈമാറേണ്ടെന്ന് അറിയിച്ചതോെട സമ്മതംമൂളി. തുടർന്ന് മന്ത്രവാദി നിർദേശിച്ചപ്രകാരം കുടുംബത്തിലെ ഒാരോ അംഗത്തിെൻറ പേരിലും ഒാരോ പൊതി സ്വർണാഭരണങ്ങൾ ചികിത്സകേന്ദ്രത്തിലെ അലമാരയിൽ സൂക്ഷിച്ചു.
മന്ത്രവാദി ഇടക്കിടെ വന്ന് മന്ത്രം ചൊല്ലി ഈ സ്വർണത്തിന് ഉൗതൽ നടത്തുകയും ചെയ്തു. ഒരുമാസം കഴിഞ്ഞാൽ തിരിച്ചെടുക്കാമെന്ന വ്യവസ്ഥയിൽ 45 പവൻ സ്വർണാഭരണമാണ് അലമാരയിൽ സൂക്ഷിച്ചിരുന്നത്. മുൻകൂട്ടി പറഞ്ഞസമയം കഴിഞ്ഞപ്പോൾ ഡോക്ടർ അലമാര പരിശോധിച്ചപ്പോഴാണ് സ്വർണം നഷ്ടമായത് അറിയുന്നത്. തുടർന്ന് മന്ത്രവാദിയെ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും കണ്ടെത്താനായില്ല.
തട്ടിപ്പ് മനസ്സിലായ ഡോക്ടർ വിവരം പൊലീസിൽ അറിയിച്ചെങ്കിലും കേസെടുത്ത് മാനഹാനിയുണ്ടാക്കാതെ ആഭരണം വാങ്ങിത്തരണമെന്നാണ് അഭ്യർഥിച്ചത്. കേസെടുക്കരുതെന്ന് അറിയിച്ചതടക്കം പരാതിയുമായി ബന്ധപ്പെട്ട് പൊലീസിനും ചില സംശയങ്ങളുണ്ട്.
എന്നിരുന്നാലും പൊലീസ് മന്ത്രവാദിക്കെതിരെ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ചെട്ടിപ്പടിയിലും നേരേത്ത സമാന തട്ടിപ്പ് നടന്നതായി പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.