ബി.ജെ.പിയെ തൂത്തെറിയാൻ എല്ലാവരുമായും യോജിക്കും -എ.ഐ.ടി.യു.സി
text_fieldsആലപ്പുഴ: 2024ലെ തെരഞ്ഞെടുപ്പിൽ ബി.ജെ.പിയെ അധികാരത്തിൽനിന്ന് തൂത്തെറിയാൻ രാജ്യത്തെ എല്ലാ തൊഴിലാളി സംഘടനകളുമായും യോജിച്ച് പ്രവർത്തിക്കുമെന്ന് എ.ഐ.ടി.യു.സി ദേശീയ ജനറൽ സെക്രട്ടറി അമർജിത് കൗർ. ആലപ്പുഴയിൽ നടന്ന ദേശീയ സമ്മേളനത്തിന്‍റെ പ്രധാനലക്ഷ്യം വാർത്തസമ്മേളനത്തിൽ വിശദീകരിക്കുകയായിരുന്നു അവർ. മോദി സർക്കാറിനെ താഴെയിറക്കുകയെന്നതാണ് സംഘടനയുടെ മുദ്രാവാക്യം. ഈ ലക്ഷ്യത്തിനായി ദേശീയതലത്തിൽ കാമ്പയിൻ നടത്തും.
ജനങ്ങളെ ഭിന്നിപ്പിച്ചും വിദ്വേഷം പടർത്തിയും അധികാരത്തിൽ തുടരാനാണ് മോദി ശ്രമിക്കുന്നത്. ബ്രീട്ടിഷുകാരും ഇതുതന്നെയാണ് ചെയ്തത്. അതിനെതിരെ തൊഴിലാളികൾ വീണ്ടും ഉണർന്നുപ്രവർത്തിക്കേണ്ട സാഹചര്യമാണുള്ളത്.
ദേശഭക്തിയെക്കുറിച്ച് മോദി ഒരുവശത്ത് സംസാരിക്കുന്നതിനൊപ്പം മറുവശത്ത് രാജ്യത്തെ വിദേശകുത്തകകൾക്ക് വിൽക്കുകയാണ്. അസംഘടിതമേഖലയിലേക്ക് ട്രേഡ് യൂനിയൻ പ്രവർത്തനം വ്യാപിപ്പിക്കും. വിവിധ വിഷയങ്ങളിൽ നാല് കമീഷനുകൾ ചേർന്ന് വിശദമായ റിപ്പോർട്ടുകൾ സമർപ്പിച്ചു. സമ്മേളനത്തിൽ 37പ്രമേയങ്ങൾ പാസാക്കിയെന്നും അവർ പറഞ്ഞു. വാർത്തസമ്മേളനത്തിൽ ദേശീയ വർക്കിങ് പ്രസിഡന്‍റ് ബിനോയ് വിശ്വം എം.പി, വൈസ് പ്രസിഡന്‍റ് കെ.പി. രാജേന്ദ്രൻ എന്നിവരും പങ്കെടുത്തു.
ദേശീയ സമ്മേളനം സമാപിച്ചു
ആലപ്പുഴ: അഞ്ചുദിവസമായി ആലപ്പുഴയിൽ നടന്ന എ.ഐ.ടി.യു.ടി ദേശീയ സമ്മേളനത്തിന് പ്രൗഢോജ്ജ്വല സമാപനം. മുല്ലക്കൽ ചിറപ്പ് പ്രമാണിച്ചാണ് നഗരം കേന്ദ്രീകരിക്കുന്ന പ്രകടനങ്ങൾ പൂർണമായും ഒഴിവാക്കി ആലപ്പുഴ ബീച്ചിലാണ് സമാപന സമ്മേളനം നടന്നത്. ആലപ്പുഴ, കോട്ടയം, കൊല്ലം, എറണാകുളം ജില്ലകളിൽനിന്നുള്ള പ്രവർത്തകർ വാഹനങ്ങളിൽ ഇവിടേക്ക് എത്തുകയായിരുന്നു. ബീച്ചിന് സമീപത്ത് വന്നിറങ്ങിയ പ്രവർത്തകർ വാദ്യമേളങ്ങളുടെ അകമ്പടിയിൽ മുദ്രാവാക്യം വിളിച്ച് ചെറുപ്രകടനവും നടത്തി.
പൊതുസമ്മേളനം ദേശീയ ജനറൽ സെക്രട്ടറി അമർജിത് കൗർ ഉദ്ഘാടനം ചെയ്തു. സ്വാഗതസംഘം ചെയർമാൻ കാനം രാജേന്ദ്രൻ അധ്യക്ഷത വഹിച്ചു. ദേശീയ പ്രസിഡന്‍റ് രമേന്ദ്രകുമാർ, ഡബ്ല്യു.എഫ്.ടി.യു ജനറൽ സെക്രട്ടറി പാമ്പിസ് കൈറിട്സ്, ദേശീയ വർക്കിങ് പ്രസിഡന്‍റ് ബിനോയ് വിശ്വം എം.പി, ദേശീയ സെക്രട്ടറിമാരായ രാമകൃഷ്ണ പാണ്ഡെ, വഹിദ നസീം, സ്വാഗതസംഘം ജനറൽ കൺവീനർ കെ.പി. രാജേന്ദ്രൻ, ടി.ജെ. ആഞ്ചലോസ് എന്നിവർ സംസാരിച്ചു.
എ.ഐ.ടി.യു.സി രമേന്ദ്രകുമാർ ദേശീയ പ്രസിഡന്‍റ്; അമർജിത് കൗർ ജനറൽ സെക്രട്ടറി ബിനോയ് വിശ്വം എം.പി വർക്കിങ് പ്രസിഡന്‍റ്
ആലപ്പുഴ: എ.ഐ.ടി.യു.സി ദേശീയ പ്രസിഡന്റായി രമേന്ദ്രകുമാറിനെയും ജനറൽ സെക്രട്ടറിയായി അമർജിത് കൗറിനെയും വീണ്ടും തെരഞ്ഞെടുത്തു. ബിനോയ് വിശ്വം എം.പിയെ വർക്കിങ് പ്രസിഡന്റായും കെ.പി. രാജേന്ദ്രനെ വൈസ് പ്രസിഡന്റുമായും ആലപ്പുഴയിൽ ചേർന്ന എ.ഐ.ടി.യു.സി ദേശീയ സമ്മേളനം തെരഞ്ഞെടുത്തു. രമേന്ദ്രകുമാർ മൂന്നാം തവണയും അമർജിത് കൗർ രണ്ടാം തവണയുമാണ് തൽസ്ഥാനത്ത് തുടരുന്നത്. 17 വൈസ് പ്രസിഡന്റുമാരും 15 സെക്രട്ടറിമാരുമടങ്ങുന്ന 92 അംഗ ജനറൽ കൗൺസിലിനെ സമ്മേളനം തെരഞ്ഞെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.