പുറത്തുവന്നത് ബി.ജെ.പിയുടെ ഗൂഡലക്ഷ്യം; പിള്ളക്കെതിരെ കേസെടുക്കണം- എ.ഐ.വൈ.എഫ്
text_fieldsതിരുവനന്തപുരം: ശബരിമല വിഷയത്തിൽ ഭക്തരെ മുൻനിർത്തി ബിജെപി തയ്യാറാക്കിയ ഗൂഢപദ്ധതിയാണ് ശ്രീധരൻപിള്ളയുടെ വെളിപ്പെടുത്തലിലൂടെ പുറത്തുവന്നിരിക്കുന്നതെന്ന് എ.ഐ.വൈ.എഫ് സംസ്ഥാന കമ്മിറ്റി പ്രസ്താവനയിൽ പറഞ്ഞു.
വെളിപ്പെടുത്തലിന്‍റെ പശ്ചാത്തലത്തിൽ ശ്രീധരൻപിള്ളയ്ക്ക് എതിരെ കേസെടുക്കണം. നാടിന്‍റെ സമാധാനാന്തരീക്ഷം തകർക്കാനും കലാപം സൃഷ്ടിക്കാനും ലക്ഷ്യമിട്ടുള്ള ഗൂഢാലോചനയാണ് ശ്രീധരൻ പിള്ളയും ബി.ജെ.പി നേതൃത്വവും നടത്തിയത്.
ശബരിമല വിഷയത്തിൽ ബി.ജെ.പിയുടേത് രാഷ്ട്രീയ ലക്ഷ്യം മാത്രമാണെന്ന് എല്ലാവരും തിരിച്ചറിയണം. ബി.ജെ.പിക്ക് ലഭിച്ച സുവർണാവസരം എന്നാണ് ശ്രീധരൻപിള്ള ശബരിമല വിഷയത്തെ വിശേഷിപ്പിച്ചത്, ഇതിന്‍റെ ഉദ്ദേശം ശബരിമല വിഷയത്തിൽ ബിജെപിക്ക് പിന്നിൽ അണിനിരന്നിരിക്കുന്ന എല്ലാവരും മനസ്സിലാക്കണം. ഭക്തരെ മുൻനിർത്തി ബിജെപി നടത്തുന്ന ഈ നീക്കങ്ങളുടെ ലക്ഷ്യം തിരിച്ചറിഞ്ഞ് കേരളീയസമൂഹം ജാഗ്രതയോടെ പ്രതിരോധിക്കണമെന്നും എ.െഎ.വൈ.എഫ് ആഹ്വാനം ചെയ്തു.
അമ്പലത്തിന്‍റെ ആചാരം സംരക്ഷിക്കലാണോ ബിജെപിയുടെ രാഷ്ട്രീയം സംരക്ഷിക്കലാണോ തങ്ങളുടെ ദൗത്യമെന്നത് തന്ത്രി കുടുംബം ജനങ്ങളോടു പറയണം. ശബരിമലയിലെ ആക്രമണങ്ങൾക്ക് പിന്നിൽ യുവമോർച്ചയും ബി.ജെ.പിയും ആണെന്നുള്ള ശ്രീധരൻപിള്ളയുടെ വെളിപ്പെടുത്തലിന്‍റെ പശ്ചാത്തലത്തിൽ സമഗ്ര അന്വേഷണം നടത്തണം. ശ്രീധരന്‍ പിള്ളക്കെതിരെ കേസെടുക്കണമെന്നും എ.െഎ.വൈ.എഫ് സംസ്ഥാന പ്രസിഡന്‍റ് അഡ്വ. ആര്‍. സജിലാലും സെക്രട്ടറി മഹേഷ് കക്കത്തും ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.