സാമ്പത്തിക സംവരണം: എതിർപ്പുമായി എ.ഐ.എസ്.എഫ്, എ.ഐ.വൈ.എഫ് നേതാക്കൾ
text_fieldsകൊടുങ്ങല്ലൂർ: സാമ്പത്തിക സംവരണത്തിനെതിരെ സമൂഹമാധ്യമങ്ങളിലൂടെ പ്രചാരണവുമായി സി.പി.ഐ വിദ്യാർഥി-യുവജന സംഘടന നേതാക്കൾ. ജെ.എൻ.യു വിദ്യാർഥി യൂനിയൻ ജോയൻറ് സെക്രട്ടറിയും എ.ഐ.എസ്.എഫ് നേതാവുമായ അമുത ജയദീപ്, എ.ഐ.വൈ.എഫ് സംസ്ഥാന കമ്മിറ്റി അംഗം നവ്യ തമ്പി, എ.ഐ.എസ്.എഫ് സംസ്ഥാന കമ്മിറ്റി അംഗം വിഷ്ണു ശങ്കർ, മുൻ സംസ്ഥാന ജോയൻറ് സെക്രട്ടറിയും തൃശൂർ ജില്ല പഞ്ചായത്ത് അംഗവുമായ ബി.ജി. വിഷ്ണു, എ.ഐ.എസ്.എഫ് ഡൽഹി യൂനിവേഴ്സിറ്റി നേതാവ് അലൻ പോൾ തുടങ്ങിയവരാണ് കേരള സർക്കാറിെൻറ സാമ്പത്തിക സംവരണ തീരുമാനത്തിനെതിരെ ഫേസ്ബുക്ക് പ്രൊഫൈൽ മാറ്റിയും മറ്റും രംഗത്തെത്തിയത്.
എ.ഐ.എസ്.എഫ് മലപ്പുറം ജില്ല കമ്മിറ്റി ഒരുപടി കടന്ന് 'സവർണ സംവരണം ആർ.എസ്.എസ് നിലപാട്' എന്ന പ്രചാരണമാണ് നടത്തുന്നത്.
സാമ്പത്തിക സംവരണത്തെ എതിർക്കുന്നവർക്കെതിരെ സി.പി.ഐ നേതൃത്വത്തിൽനിന്ന് ഉണ്ടായ പ്രയോഗത്തെയും ഇവർ വിമർശിക്കുന്നു. വിമർശനവും കാമ്പയിനും ശക്തമായതോടെ സി.പി.ഐ തൃശൂർ ജില്ല സെക്രട്ടറി ഫേസ്ബുക്ക് ഗ്രൂപ്പിലൂടെ ഇവരെ അഭിസംബോധന ചെയ്തെങ്കിലും ഫലമുണ്ടായില്ല.
ഇടത് സർക്കാർ നടപ്പാക്കിയ സാമ്പത്തിക സംവരണം പുനഃരിശോധിക്കുക, മുന്നാക്ക സംവരണം ഭരണഘടന വിരുദ്ധം, ഭരണഘടന സംരക്ഷിക്കുക എന്നീ ആവശ്യങ്ങളാണ് ഇവർ ഉയർത്തുന്നത്. സാമ്പത്തിക സംവരണത്തെ എതിർക്കുന്നവർ വർഗീയ വാദികളാണെന്ന സി.പി.എം നേതാക്കളുടെ പരാമർശത്തെ ഇവർ പരിഹസിക്കുന്നുണ്ട്. എൻ.ഇ. ബൽറാമിനെ പോലുള്ള പഴയകാല നേതാക്കൾ ഈ വിഷയത്തിൽ സുവ്യക്ത നിലപാട് എടുത്തിട്ടുണ്ടെന്നും അവർ ചൂണ്ടിക്കാട്ടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.