വർഗീയതക്കും തൊഴിലില്ലായ്മക്കുമെതിരെ എ.ഐ.വൈ.എഫ് കാൽനട ജാഥ
text_fieldsതൃശൂര്‍: ‘ഒരുമിച്ച് നടക്കാം വർഗീയതക്കെതിരെ, ഒന്നായി പൊരുതാം തൊഴിലിനുവേണ്ടി’ എന്ന മുദ്രാവാക്യമുയർത്തി എ.ഐ.വൈ.എഫ് രണ്ട് കാൽനട ജാഥകൾ സംസ്ഥാനത്ത് സംഘടിപ്പിക്കുമെന്ന് സംസ്ഥാന സെക്രട്ടറി ടി.ടി. ജിസ്മോന് വാർത്ത സമ്മേളനത്തില്‍ പറഞ്ഞു.
വർഗീയതക്കും തൊഴിലില്ലായ്മക്കുമെതിരെ ’സേവ് ഇന്ത്യ മാർച്ച്’ എന്ന പേരിൽ മേയ് 15ന് തിരുവനന്തപുരത്ത് നിന്നാരംഭിക്കുന്ന തെക്കൻ മേഖല ജാഥ സംസ്ഥാന സെക്രട്ടറി ടി.ടി. ജിസ്മോനും മേയ് 17ന് കാസർകോട് നിന്നാരംഭിക്കുന്ന വടക്കൻ മേഖല ജാഥ സംസ്ഥാന പ്രസിഡന്റ് എൻ. അരുണും നയിക്കും. 14 ജില്ലകളിലൂടെയും കടന്നുപോകുന്ന കാൽനട ജാഥ മേയ് 28ന് തൃശൂരിൽ കാൽലക്ഷം യുവജനങ്ങൾ അണിനിരക്കുന്ന ഫാഷിസ്റ്റ് വിരുദ്ധ സംഗമത്തോടെ സമാപിക്കും.
പൊലീസിനും ഗതാഗത വകുപ്പിനുമെതിരെ വിമർശനം
തൃശൂർ: പൊലീസിനും ഗതാഗത വകുപ്പിനുമെതിരെ വിമർശനവുമായി എ.ഐ.വൈ.എഫ്. ഇടതുമുന്നണിയുടെ പൊലീസ് നയത്തിന് വിരുദ്ധമായാണ് പൊലീസ് പ്രവർത്തിക്കുന്നതെന്ന് സംസ്ഥാന സെക്രട്ടറി ടി.ടി. ജിസ്മോൻ തൃശൂരിൽ വാർത്ത സമ്മേളനത്തിൽ പറഞ്ഞു.
നീതി നിർവഹണത്തിന് ഉത്തരവാദപ്പെട്ട പൊലീസ് ഉദ്യോഗസ്ഥരിൽ ചിലർ നീതി നിഷേധത്തിന്റെയും ജനാധിപത്യ അവകാശങ്ങളുടെയും ലംഘകരായി മാറിയിരിക്കുന്നു. ഇത് പൊലീസ് സേനക്ക് അപമാനമുണ്ടാക്കുന്നതാണ്. പൊലീസിലെ ക്രിമിനലുകൾക്കെതിരെ ആഭ്യന്തര വകുപ്പ് നടപടി സ്വീകരിച്ച് ഇടതുമുന്നണിയുടെ പൊലീസ് നയം സംരക്ഷിക്കണം.
സ്ത്രീവിരുദ്ധ പ്രസ്താവന പിൻവലിച്ച് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ കേരള സമൂഹത്തോട് മാപ്പു പറയണമെന്നും കെ-സ്വിഫ്റ്റിന്റെ മറവിലുള്ള കരാർ നിയമനങ്ങൾ അവസാനിപ്പിക്കുകയും കെ.എസ്.ആർ.ടി.സി ഡിപ്പോകൾ അടച്ചുപൂട്ടാനുള്ള നീക്കത്തിൽ നിന്നും പിൻമാറണമെന്നും ഭാരവാഹികൾ പറഞ്ഞു. സംസ്ഥാന പ്രസിഡന്റ് എൻ. അരുൺ, സംസ്ഥാന വൈസ് പ്രസിഡന്റ് പ്രസാദ് പറേരി, ജില്ല പ്രസിഡന്റ് ബിനോയ് ഷെബീർ എന്നിവരും വാർത്ത സമ്മേളനത്തിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.