പ്രവാസി സംരംഭകൻ സുഗതൻ ജീവനൊടുക്കിയ കേസ്: എ.ഐ.വൈ.എഫ് പ്രവർത്തകരെ വെറുതെവിട്ടു
text_fieldsകൊല്ലം: വർക്ഷോപ്പ് നടത്താനുള്ള ശ്രമം എ.ഐ.വൈ.എഫ് പ്രവർത്തകർ കൊടിനാട്ടി തടസ്സപ്പെടുത്തിയതിനെതുടർന്ന് പ്രവാസി സംരംഭകൻ വാളക്കോട്ട് എൻ.എ മന്ദിരത്തിൽ സുഗതൻ ആത്മഹത്യ ചെയ്ത കേസിൽ പ്രതികളെ കോടതി വെറുതെവിട്ടു. ആത്മഹത്യ പ്രേരണക്കുറ്റം പ്രോസിക്യൂഷന് തെളിയിക്കാനായില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കൊല്ലം അഡീഷനൽ സെഷൻസ് കോടതി ജില്ല ജഡ്ജി ബിന്ദു സുധാകരൻ അഞ്ച് പ്രതികളെയും വെറുതെവിട്ടത്. എ.ഐ.വൈ.എഫ് മേഖല കമ്മിറ്റി സെക്രട്ടറി വിളക്കുടി ഇളമ്പൽ പാലോട്ടുമേലതിൽ ഇമേഷ്, മണ്ഡലം പ്രസിഡന്റ് കുന്നിക്കോട് മണ്ണൂർ കിഴക്കതിൽ എം.എസ്. ഗിരീഷ്, മേഖല കമ്മിറ്റി അംഗം സതീഷ് ഭവനിൽ സതീഷ് കുമാർ, സി.പി.ഐ മണ്ഡലം സെക്രട്ടേറിയറ്റംഗം ഇളമ്പൽ അരവിന്ദ് ഭവൻ അജികുമാർ, പുനലൂർ ആരംപുന്ന ബിനു ഭവനത്തിൽ ബിനീഷ് എന്നിവരെയാണ് വെറുതെവിട്ടത്.
2018 ഫെബ്രുവരി 23നായിരുന്നു സുഗതന്‍റെ ആത്മഹത്യ. പ്രവാസം അവസാനിപ്പിച്ചെത്തിയ സുഗതൻ കൊല്ലം തിരുമംഗലം ദേശീയപാതക്കരികിൽ പൈനാപ്പിൾ ജങ്ഷന് സമീപം വാടകസ്ഥലത്ത് താൽക്കാലിക ഷെഡ് പണിത് വർക്ഷോപ്പ് നടത്തുകയായിരുന്നു. എന്നാൽ, സ്ഥലം ഡാറ്റ ബാങ്കിലുൾപ്പെട്ടതാണെന്ന് ആരോപിച്ച് വിവിധ സംഘടനകളിൽനിന്ന് പ്രതിഷേധമുണ്ടായി. എ.ഐ.വൈ.എഫ് പ്രവർത്തകർ വർക്ഷോപ്പിന് മുന്നിൽ കൊടികുത്തിയതോടെ പ്രവർത്തനം മുടങ്ങി. തുടർന്ന് വർക്ഷോപ്പ് ഷെഡിന് സമീപം സുഗതനെ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു.
പ്രോസിക്യൂഷൻ ഭാഗത്തുനിന്ന് 16 സാക്ഷികളെ വിസ്തരിച്ചു. ഭാര്യയുടെയും മക്കളുടെയും മൊഴി രേഖപ്പെടുത്തിയ കടയ്ക്കൽ ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റും പ്രോസിക്യൂഷൻ സാക്ഷിയായിരുന്നു. രണ്ട് സാക്ഷികൾ കൂറുമാറി. എ.ഐ.വൈ.എഫിന്റെ കൊടികൾ ഉൾപ്പെടെ ആറ് തൊണ്ടി മുതലുകളും 16 രേഖകളും പ്രോസിക്യൂഷൻ ഹാജരാക്കി. പുനലൂർ എസ്.എച്ച്.ഒ ആയിരുന്ന ബിനു വർഗീസാണ് കുറ്റപത്രം സമർപ്പിച്ചത്.
നിരപരാധിത്വം തെളിയിക്കാനായതിൽ സന്തോഷമുണ്ടെന്നും ആത്മഹത്യയുടെ യഥാർഥ കാരണക്കാർ അന്നത്തെ വിളക്കുടി പഞ്ചായത്ത് ഭരണനേതൃത്വമാണെന്നും വിധികേട്ടശേഷം പ്രതികളായിരുന്നവർ പ്രതികരിച്ചു. സുഗതന്‍റെ ആത്മഹത്യ നിർഭാഗ്യകരമാണെങ്കിലും സമരം ശരിവെക്കുന്ന വിധി സ്വാഗതാർഹമാണെന്നുമായിരുന്നു എ.ഐ.വൈ.എഫ് ജില്ല നേതൃത്വത്തിന്‍റെ പ്രതികരണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.