അജാനൂർ കാസർകോട് ജില്ലയിലെ ആദ്യ സമ്പൂർണ ഡിജിറ്റൽ സാക്ഷരത പഞ്ചായത്ത്
text_fieldsകാഞ്ഞങ്ങാട്: ജില്ലയിലെ ആദ്യഡിജിറ്റൽ സാക്ഷരത പഞ്ചായത്തായി അജാനൂർ ഗ്രാമപഞ്ചായത്ത്. എല്ലാ വിഭാഗം ജനങ്ങളെയും ഡിജിറ്റൽ ഉപകരണങ്ങൾ കൈകാര്യം ചെയ്യുന്നതിന് പ്രാപ്തരാക്കുകയെന്ന ലക്ഷ്യത്തോടെ ജില്ല പഞ്ചായത്ത് ഗ്രാമപഞ്ചായത്തുകളുടെ സഹകരണത്തോടെ നടപ്പിലാക്കിയ ‘ഉയരങ്ങൾ കീഴടക്കാം’ പദ്ധതിയുടെ ഭാഗമായാണ് അജാനൂർ ഗ്രാമപഞ്ചായത്ത് ഈ നേട്ടം കൈവരിച്ചത്.
30നും 60നും ഇടയിൽ പ്രായമുള്ള മുഴുവൻ ആളുകളെയും ഡിജിറ്റൽ സാക്ഷരതയുടെ ഭാഗമാക്കുക എന്ന വലിയ ദൗത്യമാണ് അജാനൂർ ഗ്രാമ പഞ്ചായത്ത് ഏറ്റെടുത്തത്. സെപ്റ്റംബറിൽ ആരംഭിച്ച പ്രവർത്തനം ഒക്ടോബർ അവസാനവാരത്തിലാണ് പൂർത്തിയായത്. പഞ്ചായത്തുതല പ്രവർത്തനങ്ങൾ സാക്ഷരതാ പ്രേരകും തിരഞ്ഞെടുക്കപ്പെട്ട രണ്ട് ആർ.പിമാരും ചേർന്നാണ് ഏറ്റെടുത്തത്. ഒരു പഠിതാവിന് രണ്ടു മണിക്കൂർ വെച്ച് അഞ്ചുദിവസം പത്തു മണിക്കൂറാണ് ക്ലാസുകൾ നൽകിയത്. പഞ്ചായത്തിലെ 40 സന്നദ്ധ അധ്യാപകർ ചേർന്നാണ് 108 ക്ലാസുകൾ എടുത്തത്. കുടുംബശ്രീ, സാംസ്കാരിക സംഘടനകൾ, സന്നദ്ധ സംഘടനകൾ തുടങ്ങിയവയുടെ സഹായത്തോടെയാണ് പ്രവർത്തനങ്ങൾ പൂർത്തിയാക്കിയത്. എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും ഡിജിറ്റൽ സക്ഷരതാ പ്രവർത്തനം അന്തിമഘട്ടത്തിലാണ്.
അജാനൂർ ഗ്രാമപഞ്ചായത്തിനെ കാസർകോട് ജില്ലയിലെ ആദ്യത്തെ സമ്പൂർണ ഡിജിറ്റൽ സക്ഷരത നേടിയ പഞ്ചായത്തായി ഉദുമ എം.എൽ.എ സി.എച്ച്. കുഞ്ഞമ്പു പ്രഖ്യാപിച്ചു. ചടങ്ങിൽ ജില്ല പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു. അജാനൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി. ശോഭ സ്വാഗതം പറഞ്ഞു. വൈസ് പ്രസിഡന്റ് കെ. സബീഷ്, ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാന്മാരായ കെ. കൃഷ്ണൻ, കെ. മീന, പഞ്ചായത്ത് അംഗങ്ങളായ കെ.വി. ലക്ഷ്മി, കെ. മധു, സുനിത, വിഷ്ണു നമ്പൂതിരി, പി. രവീന്ദ്രൻ, എം. ഗീത, ദീപ എന്നിവർ സംസാരിച്ചു. പി.എൻ. ബാബു ആമുഖ പ്രസംഗം നടത്തി. കെ. സജിതകുമാരി, കെ.ടി. രജിഷ എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.