കാടുപോലെ വളർന്ന മുടി അർബുദരോഗികൾക്കായി വെട്ടി അജയ്; ഒപ്പം കൊഴിഞ്ഞുപോയത് പരിഹാസവും
text_fieldsകൊച്ചി: ഞായറാഴ്ചവരെ തന്നെ കാണുമ്പോൾ കുറ്റപ്പെടുത്തലും ട്രോളുമായി വന്ന പലരും നിമിഷങ്ങൾക്കകം അഭിനന്ദനവുമായി എത്തുമ്പോൾ മറുപടി ചിരിയിലൊതുക്കുകയാണ് അജയ് കൃഷ്ണ എന്ന 22കാരൻ. ഒന്നഴിച്ചിട്ടാൽ നെറ്റിയും കണ്ണുംവരെ മറയുന്ന, നാലരവർഷം അരുമയോടെ വളർത്തിയ ഇടതൂർന്ന മുടി അർബുദരോഗികൾക്കായി വെട്ടിമാറ്റുമ്പോൾ അവെൻറ ഹൃദയം നിറയെ സംതൃപ്തിയായിരുന്നു. ആരൊക്കെ എന്തൊക്കെ പറഞ്ഞാലും മുടിവെട്ടില്ലെന്നുറപ്പിച്ച ഈ കോഴിക്കോട് ചേളന്നൂർക്കാരൻ ഞായറാഴ്ച വൈകീട്ട് വെട്ടിയ മുടി കൈക്കുടന്നയും കവിഞ്ഞു. തൂക്കിനോക്കിയില്ലെങ്കിലും 300 ഗ്രാമെങ്കിലുമുണ്ടാവുമെന്ന് അജയ് പറയുന്നു.
കഴിഞ്ഞ വർഷം ഇറങ്ങിയ ഫ്രീക്കൻസ്, പൂമരം, സഖാവിെൻറ പ്രിയസഖി തുടങ്ങിയ സിനിമകളിൽ അഭിനയിച്ച അജയ് കൂട്ടുകാർക്കിടയിൽ ചുണ്ടെലി എന്ന പേരിലാണ് അറിയപ്പെടുന്നത്. ‘മുടിയൻ’മാരുടെ കൂട്ടായ്മയായ കേരള ഹെയർ ക്ലബിെൻറ പ്രസിഡൻറ് കൂടിയാണ്.
മുടി നീട്ടിവളർത്തുന്നതിനു പിന്നിൽ അജയിന് രസകരമായ കാരണമുണ്ട്. മുമ്പ് നീണ്ട മൂക്കായതുകൊണ്ട് ചിലരുടെ േനാട്ടവും കളിയാക്കലും സഹിക്കാനാകുമായിരുന്നില്ല. അതിനെ മറക്കാൻ വേണ്ടി മുടി നീട്ടിയാലോ എന്ന ആലോചന വന്നു. വിചാരിച്ചപോലെ മൂക്കിനുനേരെ വന്നവരെല്ലാം മുടിക്കുനേരെ തിരിഞ്ഞു. ‘തോന്നിയപോലെ’ വളർത്തിയതിന് അജയ് കേട്ട പരിഹാസവും ചീത്തവിളിയും ചില്ലറയല്ല.
കഞ്ചാവെന്നും മറ്റും വിളിക്കുന്നതും പതിവാണ്. എന്നാൽ, നല്ലൊരു കാര്യത്തിനുവേണ്ടിയല്ലേ എന്നുകരുതി എല്ലാം ഒരുചെവിയിലൂടെ കേട്ട് മറ്റേ ചെവിയിലൂടെ കളയുകയായിരുന്നുവെന്ന് ഈ ‘ഫ്രീക്കൻ’ പറയുന്നു. നാനൂറോളം പേരുള്ള ഇവരുടെ കൂട്ടായ്മയിെല നിരവധിപേർ അർബുദരോഗികൾക്കായി നീട്ടി വളർത്തിയ മുടി സംഭാവന ചെയ്തിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.