കാട്ടാന ജീവനെടുത്ത അജീഷിെൻറ മൃതദേഹം വീട്ടിലെത്തിച്ചു; സംസ്കാരം നാളെ വൈകീട്ട് മൂന്നിന്
text_fieldsമാനന്തവാടി: കാട്ടാന ജീവനെടുത്ത ട്രാക്ടർ ഡ്രൈവറായ മാനന്തവാടി കുറുക്കൻമൂല ചാലിഗദ്ദ പനച്ചിയിൽ അജീഷിെൻറ (45) മൃതദേഹം വീട്ടിലെത്തിച്ചു. സംസ്കാരം ഞായറാഴ്ച ഉച്ചകഴിഞ്ഞ് മൂന്നിന് പടമല സെൻറ് അൽഫോൻസ പള്ളി സെമിത്തേരിയിൽ. ശനിയാഴ്ച രാവിലെ 7.10 ഓടെയാണ് നാടിനെ നടുക്കിയ സംഭവം നടന്നത്.
കർണാടക വനംവകുപ്പിന്റെ റേഡിയോ കോളർ ഘടിപ്പിച്ച കാട്ടാനയാണ് ആക്രമിച്ചത്. വീട്ടിലെ പണിക്ക് തൊഴിലാളികളെ അന്വേഷിച്ചുപോയ അജീഷ് വീടിന് 200 മീറ്റർ മാറി റോഡിൽ കാട്ടാനയുടെ മുന്നിൽപ്പെടുകയായിരുന്നു. തുടർന്ന് അജീഷ് സമീപത്തെ ജോമോന്റെ വീട്ടിലേക്ക് ഓടി. റോഡിൽനിന്ന് ഉയരത്തിലുള്ള വീട്ടിലേക്ക് പന്ത്രണ്ടോളം പടികൾ കയറിയെങ്കിലും ഗേറ്റ് അകത്തുനിന്ന് പൂട്ടിയിരുന്നു.
വീട്ടിലെ കുട്ടികൾ ഗേറ്റ് തുറക്കുന്നതിനിടെ അജീഷ് മതിൽ ചാടി കടക്കവെ മുറ്റത്തേക്ക് വീണു. അപ്പോഴേക്കും പടികൾ കയറിയെത്തിയ ആന ഗേറ്റ് തകർത്ത് മുറ്റത്തെത്തി അജീഷിനെ ചവിട്ടി വീഴ്ത്തി. ഇയാൾ സംഭവസ്ഥലത്ത് തന്നെ മരിച്ചു. ഉടൻ മാനന്തവാടി മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും നാട്ടുകാർ പ്രതിഷേധവുമായി എത്തിയതോടെ മൃതദേഹം മോർച്ചറിയിലേക്ക് മാറ്റാനായില്ല. തൊട്ടുപിന്നാലെ നാട്ടുകാർ മാനന്തവാടിയിലെ വിവിധ ഭാഗങ്ങളിൽ റോഡ് ഉപരോധിച്ചു. 11.30 ഓടെ മൃതദേഹവുമായി ജനങ്ങൾ ടൗണിലെ ഗാന്ധി പാർക്കിലേക്ക് നീങ്ങി. ഒന്നര മണിക്കൂറോളം മൃതദേഹം വഹിച്ച് ജനങ്ങൾ നിന്നു. പിന്നീട് ആംബുലൻസിലേക്ക് മാറ്റി.
രണ്ടരയോടെ സർവകക്ഷി യോഗം നടക്കുന്ന സബ് കലക്ടർ ഓഫിസിലേക്ക് മൃതദേഹവുമായി എത്തി. എം.എൽ.എമാരും കലക്ടർ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥരും രാഷ്ട്രീയ പാർട്ടി പ്രതിനിധികളും അജീഷിന്റെ കുടുംബവുമായി നടത്തിയ രണ്ടു മണിക്കൂർ നീണ്ട ചർച്ചക്കുശേഷം 4.45 ഓടെ മൃതദേഹം മോർച്ചറിയിലേക്ക് മാറ്റി. പോസ്റ്റുമാർട്ടത്തിന് ശേഷം രാത്രിയോടെ ബന്ധുക്കൾക്ക് വിട്ടുനൽകി. അജീഷിന്റെ പിതാവ്: ജോസഫ് (കുഞ്ഞുമോൻ). മാതാവ്: എൽസി. ഭാര്യ: ഷീബ. മക്കൾ: അൽന (വിദ്യാർഥിനി എം.ജി.എം സ്കൂൾ മാനന്തവാടി), അലൻ (വിദ്യാർഥി ഗവ.എൽ.പി സ്കൂൾ കുറുക്കൻമൂല).
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.