ശബരിമല അവലോകനയോഗം: അജിത്കുമാറിനെ ഒഴിവാക്കി
text_fieldsതിരുവനന്തപുരം: ശബരിമല മണ്ഡല, മകരവിളക്ക് തീർഥാടന മുന്നൊരുക്കങ്ങളുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി വിളിച്ച ഓൺലൈൻ യോഗത്തില്‍നിന്ന് ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പി എം.ആര്. അജിത്കുമാറിനെ സർക്കാർ മാറ്റിനിർത്തി. നിലവിലെ അന്വേഷണങ്ങളുടെ പശ്ചാത്തലത്തിലും കഴിഞ്ഞ വർഷം ശബരിമലയിലുണ്ടായ വീഴ്ചകളുടെയും അടിസ്ഥാനത്തിലുമാണിത്. ശബരിമല സംബന്ധിച്ച ഉന്നതതലയോഗങ്ങളില്‍ ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പി പങ്കെടുക്കുന്നതാണ് പതിവ്. ശനിയാഴ്ച പൊലീസ് ആസ്ഥാനത്തെ മറ്റ് യോഗങ്ങളിൽ പങ്കെടുത്ത അജിത്കുമാറിനോട് വൈകീട്ടത്തെ യോഗത്തിൽ പങ്കെടുക്കേണ്ടതില്ലെന്ന് മുഖ്യമന്ത്രിയുടെ ഓഫിസ് അറിയിക്കുകയായിരുന്നു. ക്രമസമാധാന ചുമതലയുള്ള അജിത്ത്കുമാറാണ് നിലവിൽ ശബരിമലയുടെ ഏകോപനചുമതല വഹിക്കുന്നത്.
ശബരിമലയിലും തീര്‍ഥാടനപാതയിലും ഒരുക്കേണ്ട സുരക്ഷ, തിരക്ക് നിയന്ത്രിക്കുന്നതിനുള്ള മുന്നൊരുക്കങ്ങള്‍, പതിനെട്ടാംപടിയിലെ തിരക്ക് കുറയ്ക്കല്‍ തുടങ്ങി എല്ലാ പ്രധാനകാര്യങ്ങളും യോഗത്തിൽ വിശദീകരിക്കേണ്ടത് അജിത്കുമാറായിരുന്നു. അദ്ദേഹത്തോട് മാറിനിൽക്കാൻ ആവശ്യപ്പെട്ടതോടെ ഡി.ജി.പി ഷേഖ് ദർവേസ് സാഹിബാണ് പൊലീസിന്റെ കാര്യങ്ങൾ വിശദീകരിച്ചത്. ഡി.ജി.പിക്ക് പുറമെ പൊലീസ് ഭാഗത്തുനിന്ന് ഇന്റലിജൻസ് എ.ഡി.ജി.പി മനോജ് എബ്രഹാമും പൊലീസ് ആസ്ഥാനം എ.ഡി.ജി.പി എസ്. ശ്രീജിത്തുമാണ് യോഗത്തിൽ പങ്കെടുത്തത്. യോഗത്തിൽനിന്ന് മാറ്റിനിർത്തിയതോടെ ഈ മണ്ഡലകാലത്ത് അജിത്കുമാര്‍ ശബരിമല ഏകോപനചുമതലയില് ഉണ്ടാകില്ലെന്ന സൂചനകൂടി മുഖ്യമന്ത്രി നൽകുന്നുണ്ട്.
കഴിഞ്ഞ മണ്ഡല-മകരവിളക്ക് തീര്‍ഥാടനകാലത്ത് ശബരിമലയില്‍ ഉണ്ടായ വീഴ്ചകള്ക്കുകാരണം അജിത്കുമാറിന്റെ പരിഷ്കാരങ്ങളായിരുന്നുവെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ്. പ്രശാന്ത് സർക്കാറിന് റിപ്പോർട്ട് നൽകിയിരുന്നു. ദിവസവും 65,000 പേര്‍ക്കുമാത്രം ദര്‍ശനം അനുവദിച്ചാല്‍ മതിയെന്നാണ് കഴിഞ്ഞ മണ്ഡല-മകരവിളക്ക് കാലത്ത് എം.ആര്. അജിത്കുമാറിന്റെ നേതൃത്വത്തില്‍ പൊലീസെടുത്ത തീരുമാനം. ഇതില്‍ പൊലീസ് വാശിപിടിച്ചതോടെ കുട്ടികളടക്കമുള്ള തീർഥാടകർ 12 മണിക്കൂറോളം ക്യൂനിന്നാണ് ദർശനം നടത്തിയത്. ഇതരസംസ്ഥാനങ്ങളിൽ നിന്നെത്തിയ ഭക്തരിൽ പലരും വഴിയിൽ മാലയൂരി ദർശനം നടത്താതെ മടങ്ങിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.