തനിക്ക് ജീവനുണ്ടെങ്കിൽ അജിത്കുമാർ ഡി.ജി.പി കസേരയിൽ ഇരിക്കില്ല; നൊട്ടോറിയസ് ക്രിമിനലെന്നും പി.വി. അൻവർ
text_fieldsമലപ്പുറം: തന്‍റെ കൊക്കിൽ ജീവനുണ്ടെങ്കിൽ, രാജ്യത്ത് നിയമവ്യവസ്ഥ നിലനിൽക്കുന്നുണ്ടെങ്കിൽ എം.ആർ. അജിത്കുമാർ ഡി.ജി.പി കസേരയിൽ ഇരിക്കിെല്ലന്ന് പി.വി. അൻവർ എം.എൽ.എ. അജിത്കുമാറുമായി ബന്ധപ്പെട്ട അന്വേഷണ റിപ്പോർട്ട് ലഭിച്ചാലുടൻ ഹൈകോടതിയെ സമീപിക്കുമെന്നും അൻവർ വാർത്തസമ്മേളനത്തിൽ പറഞ്ഞു.
അജിത് കുമാർ നൊട്ടോറിയസ് ക്രിമിനലാണ് എന്നാവർത്തിക്കുന്നു. അത്രയധികം ഗുരുതരമായ കാര്യങ്ങളുണ്ട്. താൻ നൽകിയ ഒമ്പത് പരാതികളിൽ ഒന്നിൽപോലും നീതിപൂർവകമായ അന്വേഷണം ഉണ്ടാവുമെന്ന പ്രതീക്ഷയില്ല. അജിത്കുമാറിനെ തീർത്തും വെള്ളപൂശികൊണ്ടുള്ളതാണ് സ്ക്രീനിങ് കമ്മിറ്റി റിപ്പോർട്ട്. സത്യസന്ധമായി നിലപാട് എടുത്ത ഉേദ്യാഗസ്ഥരെ നിശബ്ദനാക്കിയാണ് വിജിലൻസ് ഡയറക്ടർ ഉൾപ്പെടെയുള്ള സ്ക്രീനിങ് കമ്മിറ്റി അജിത്കുമാറിന് ക്ലിയറൻസ് കൊടുത്തത്. വിഷയം ഏറ്റെടുത്ത സി.പി.ഐയെ ഇപ്പോൾ കാണാനില്ല. ഫ്ലാറ്റ് വിൽപനയുമായി ബന്ധപ്പെട്ട രജിസ്ട്രേഷൻ രേഖ അജിത്കുമാറിനെതിരെ ശക്തമായ തെളിവാണ്. കോടതിയിൽ കേസ് എത്തുമ്പോൾ അജിത്കുമാറിന് അനുകൂലമായി റിപ്പോർട്ട് നൽകിയ ഉദ്യോഗസ്ഥർ കുടുങ്ങും.
എ. വിജയരാഘവൻ ഉൾപ്പെടെ സി.പി.എം നേതാക്കൾ മതന്യൂനപക്ഷങ്ങൾക്ക് നേരെ വർഗീയത ആരോപിക്കുമ്പോൾ, ഇടതു സഹയാത്രികരായ എം.എൽ.എമാർക്ക് എന്തുപറയാനുണ്ട്? കെ.ടി. ജലീലിനും പി.ടി.എ. റഹീമിനും മന്ത്രി വി. അബ്ദുഹിമാനും പ്രതികരിക്കാൻ ബാധ്യതയില്ലേ? പൂരംകലക്കൽ വിഷയത്തിൽ വാദി പ്രതിയാവുന്ന അവസ്ഥയാണ് ഉണ്ടായത്. ആർ.എസ്.എസിന്‍റെ കരാള ഹസ്തത്തിലാണ് മുഖ്യമന്ത്രിയുടെ ഓഫിസ്. അജിത് കുമാറിനെ തൊടാൻ പിണറായിക്ക് സാധിക്കില്ല. അജിത്തിനെ തൊട്ടാൽ പിണറായിയുടെ കൈകൊണ്ടേ അജിത് പോകുകയുള്ളു.
എസ്.എഫ്.ഐ.ഒ റിപ്പോർട്ടിൽ ഒന്നും സംഭവിക്കില്ല. കൊല്ലം കുണ്ടറ പൊലീസ് സ്റ്റേഷനിലെ ലൂഷ്യസ് എന്ന സിവിൽ പൊലീസ് ഓഫിസറുടെ ആത്മഹത്യയിലേക്ക് നയിച്ചത് അവിടുത്തെ എസ്.എച്ച്.ഒയുടെ നിരന്തരമായ മാനസിക പീഡനമാണ്. ഭാര്യയെ മർദിച്ചെന്നാരോപിച്ച് കൊലപാതക ശ്രമത്തിന് കേസ് ചാർജ് ചെയ്ത് ലൂഷ്യസിനെ ഒന്നര വർഷമായി സസ്പെൻഷനിൽ നിർത്തിയിരിക്കുകയായിരുന്നു. ലൂഷ്യസിന്‍റെ അമ്മയുടെ പരാതി തന്‍റെ കൈവശമുണ്ട്.
എസ്.ഒ.ജി കമാൻഡോയുടേത് ഉൾപ്പെടെ പൊലീസുകാരുടെ ആത്മഹത്യയുടെ കാരണംതേടുമ്പോൾ എല്ലാം ചെന്നെത്തുന്നത് അജിത്കുമാറിലേക്കാെണന്നും അൻവർ ആരോപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.