‘കുഴിയിൽ വീണത് കൊണ്ടാണ് രക്ഷപ്പെട്ടത്, ഇർഫാന ഉമ്മയെ കണ്ട നിമിഷത്തിലാണ് ലോറി വന്നിടിച്ചത്’; ഞെട്ടൽ മാറാതെ അജ്ന ഷെറിൻ
text_fieldsകല്ലടിക്കോട്: പാലക്കാട് പനയമ്പാടത്ത് അമിതവേഗത്തിലെത്തിയ ലോറിക്കടിയിൽപെട്ട് കൂട്ടുകാരികൾ മരിച്ചതിന്‍റെ ഞെട്ടൽ മാറാതെ അപകടത്തിൽ അത്ഭുതകരമായി രക്ഷപ്പെട്ട അജ്ന ഷെറിൻ. അപകടമുണ്ടായപ്പോള്‍ കുഴിയിലേക്ക് വീണതിനാലാണ് താൻ രക്ഷപ്പെട്ടതെന്ന് അജ്ന ഷെറിൻ മാധ്യമങ്ങളോട് പറഞ്ഞു.
പരീക്ഷക്ക് ശേഷം കടയിൽ നിന്ന് ഐസും സിപ് അപ്പും വാങ്ങിയ ശേഷം വീട്ടിലേക്ക് പോവുകയായിരുന്നു. ഇതിനിടെയായിരുന്നു അപകടം. പാലക്കാട് നിന്നും മണ്ണാറക്കാട് ഭാഗത്തുനിന്നും ലോറികള്‍ വരുന്നുണ്ടായിരുന്നു. ഈ രണ്ട് ലോറികളും ഇടിച്ചു.
ഇതോടെ മണ്ണാർക്കാട് ഭാഗത്ത് നിന്നുള്ള ലോറി ഞങ്ങളുടെ മുകളിലേക്ക് മറിഞ്ഞു. നാലു പേര്‍ കുറച്ച് മുന്നിലാണ് നടന്നിരുന്നത്. ഇവർ മറിഞ്ഞ ലോറിയുടെ അടിയിൽ കുടുങ്ങി. താൻ സമീപത്തെ കുഴിയിൽ വീഴുകയും ചെയ്തു. കുഴിയിൽ നിന്ന് പിന്നീട് വളരെ ബുദ്ധിമുട്ടി കയറി സമീപത്തുള്ള വീട്ടിൽ എത്തുകയായിരുന്നു.
ഒരുമിച്ചാണ് സ്കൂളിൽ പോയിരുന്നത്. ഇർഫാനയെ ഡെന്‍റൽ ഡോക്ടറെ കാണിക്കാൻ ഉമ്മ ഫാരിസ പനയമ്പാടത്ത് കാത്തുനിൽക്കുമെന്ന് പറഞ്ഞിരുന്നു. ഇർഫാന ഉമ്മയെ കണ്ട നിമിഷത്തിലാണ് ലോറി വന്നിടിച്ചതെന്ന് അജ്ന ഷെറിൻ പറഞ്ഞു.
അപകടത്തിൽ മരിച്ച നാലു കുട്ടികളും രക്ഷപ്പെട്ട അജ്ന ഷെറിൻ കരിമ്പ ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥികളാണ്. മരിച്ച ആയിഷ സ്കൂളിലെ എട്ടാം ക്ലാസ് ഇ ഡിവിഷനിലും ഇർഫാന ഷെറിൻ, റിദ ഫാത്തിമ, നിദ ഫാത്തിമ എന്നിവരും അജ്ന ഷെറിനും ഡി ഡിവിഷനിലുമാണ് പഠിച്ചിരുന്നത്.
പാലക്കാട് -കോഴിക്കോട് ദേശീയപാതയിൽ കരിമ്പക്കടുത്ത് പനയമ്പാടത്ത് വ്യാഴാഴ്ച വൈകീട്ട് 3.45 ഓടെയായിരുന്നു അപകടം. അമിതവേഗത്തിലെത്തിയ നിയന്ത്രണം വിട്ട് മറിഞ്ഞ ലോറിക്കടിയിൽ പെടുകയായിരുന്നു പരീക്ഷ കഴിഞ്ഞ് മടങ്ങുകയായിരുന്ന നാല് വിദ്യാർഥിനികൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.