അജ്സലിന് ഇനി സ്കൂളിൽ പോകാം; കൂട്ടുകാരെ കാണാം
text_fieldsകൊച്ചി: ഈ അധ്യയന വർഷത്തിൽ ഇതുവരെ സ്കൂളിൽ പോകാൻ അജ്സലിന് കഴിഞ്ഞിട്ടില്ല. കഴിഞ്ഞ മാസങ്ങളിൽ കേരളം മുഴുവൻ അമീബിക് മസ്തിഷ്ക ജ്വരം (അമീബിക് മെനിഞ്ചോ എൻസെഫലൈറ്റിസ് ) എന്ന ഗുരുതര രോഗത്തെപ്പറ്റി ചർച്ചചെയ്യുമ്പോൾ അതേ രോഗം ബാധിച്ച് അതീവ ഗുരുതരാവസ്ഥയിൽ തൃശൂരിലും കൊച്ചിയിലുമായി വിവിധ ആശുപത്രികളിൽ ചികിത്സയിലായിരുന്നു തൃശൂർ വെങ്കിടങ്ങ് പാടൂർ സ്വദേശിയായ ഈ 12കാരൻ. രോഗമുക്തി നേടി തിങ്കളാഴ്ച കൊച്ചി അമൃത ആശുപത്രിയിൽ നിന്ന് വീട്ടിലേക്ക് മടങ്ങുമ്പോൾ അജ്സലിന്റെ മനസ്സ് നിറയെ സ്കൂളിലെത്തി കൂട്ടുകാരെ കാണാനുള്ള ആഗ്രഹമായിരുന്നു.
വെങ്കിടങ് പാടൂർ വാണീവിലാസം യു.പി സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർഥിയാണ് അജ്സൽ. കൂട്ടുകാർ ഓരോ ദിവസവും അയച്ചുകൊടുക്കുന്ന പാഠഭാഗങ്ങൾ മൂന്നാഴ്ചയായി ആശുപത്രിക്കിടക്കയിലിരുന്നാണ് പഠിച്ചിരുന്നത്. അധ്യാപകർ ഫോണിൽ വിളിച്ച് കാര്യങ്ങൾ അന്വേഷിച്ചിരുന്നു.
അപൂർവ രോഗത്തെ അതിജീവിക്കാൻ കരുത്തേകിയ ഡോക്ടർമാർക്കെല്ലാം മധുരം നൽകി, നന്ദി പറഞ്ഞാണ് മടങ്ങിയത്. പ്രതീക്ഷിച്ചതിലും വേഗത്തിൽ കുട്ടി രോഗമുക്തി നേടിയതായി ചികിത്സക്ക് നേതൃത്വം നൽകിയ പീഡിയാട്രിക് ന്യൂറോളജി വിഭാഗം മേധാവി ഡോ. കെ.പി. വിനയൻ പറഞ്ഞു. പീഡിയാട്രിക് ന്യൂറോളജി വിഭാഗം അസോ. പ്രൊഫസർ ഡോ. വൈശാഖ് ആനന്ദ്, പീഡിയാട്രിക് പൾമണറി ആൻഡ് ക്രിട്ടിക്കൽ കെയർ വിഭാഗം മേധാവി ഡോ. സജിത് കേശവൻ, അസോസിയേറ്റ് പ്രൊഫസർ ഡോ. ഗ്രീഷ്മ ഐസക്, പീഡിയാട്രിക് ഇൻഫെക്ഷ്യസ് ഡിസീസസ് വിഭാഗം അസി. പ്രഫസർ ഡോ. എൻ.ബി. പ്രവീണ എന്നിവരടങ്ങുന്ന സംഘമാണ് കുട്ടിയെ ചികിത്സിച്ചത്.
കഴിഞ്ഞ ജൂൺ ഒന്നിനാണ് പനിയെ തുടർന്ന് അജ്സലിനെ പാടൂരിലെ പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ പ്രവേശിപ്പിച്ചത്. പനി കൂടിയതിനെ തുടർന്ന് രണ്ടിന് തൃശൂരിലെ സ്വകാര്യ മെഡിക്കൽ കോളജ് ആശുപത്രിയിലേക്കും പിന്നീട് തൃശൂർ ഗവ. മെഡിക്കൽ കോളജിലേക്കും മാറ്റി. ഇവിടെ ചികിത്സയിലിരിക്കെയാണ് വെർമമീബ വെർമിഫോർസിസ് അണുബാധ സ്ഥിരീകരിച്ചത്. പിന്നീട് ആരോഗ്യനില മോശമാകുകയും വെന്റിലേറ്ററിൽ പ്രവേശിപ്പിക്കുകയുമായിരുന്നു. തുടർന്ന് ഗുരുതരാവസ്ഥയിലായ കുട്ടിയെ ജൂൺ 16 നാണ് അമൃത ആശുപത്രിയിലെത്തിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.