ടൂറിസത്തിന്‍െറ പേരില്‍ ഒരു ബാര്‍ പോലും തുറക്കാന്‍ അനുവദിക്കില്ല -എ.കെ. ആന്‍റണി
text_fieldsകൊല്ലം: ടൂറിസത്തിന്‍െറ പേരുപറഞ്ഞ് സംസ്ഥാനത്ത് പുതുതായി ഒരു ബാര്‍ പോലും തുറക്കാന്‍ അനുവദിക്കില്ളെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം എ.കെ. ആന്‍റണി പറഞ്ഞു. കൊല്ലത്ത് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. മദ്യം തേടി ടൂറിസ്റ്റുകള്‍ കേരളത്തിലേക്ക് വരേണ്ട. മുഖ്യമന്ത്രിയായിരുന്നപ്പോള്‍ ചാരായം നിരോധിച്ചത് സമ്പൂര്‍ണ മദ്യനിരോധനത്തിന്‍െറ ആദ്യഘട്ടമായാണ്. രണ്ടാംഘട്ടമായി കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാര്‍ 730 ബാറുകള്‍ പൂട്ടി. പ്രതിവര്‍ഷം 10 ശതമാനം ബിവറേജസ് ഒൗട്ട്ലെറ്റുകള്‍ വീതം പൂട്ടി സമ്പൂര്‍ണ മദ്യനിരോധനത്തിലേക്ക് കേരളം നീങ്ങുകയായിരുന്നു. ഇത് അട്ടിമറിക്കാനാണ് എല്‍.ഡി.എഫ് സര്‍ക്കാര്‍ ശ്രമിക്കുന്നത്.
അധികാരം ഉപയോഗിച്ച് ആര്‍.എസ്.എസിനെ വളര്‍ത്താനാണ് കേന്ദ്ര സര്‍ക്കാര്‍ ശ്രമിക്കുന്നത്. അധികാരത്തിലത്തെിച്ച കോര്‍പറേറ്റ് ശക്തികള്‍ക്ക് വേണ്ടിയുള്ളതാണ് മോദിയുടെ ഓരോ തീരുമാനവും. നേരത്തേ അഞ്ച് സംസ്ഥാനങ്ങളില്‍ തെരഞ്ഞെടുപ്പ് നടന്നപ്പോള്‍ പ്രഖ്യാപിച്ചതു പോലെ കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളാന്‍ ഇനിയും മോദി തയാറായിട്ടില്ല. കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ കേരള ജനതയെ പട്ടിണിക്കിടാനാണ് ശ്രമിക്കുന്നത്. യു.പി.എ സര്‍ക്കാര്‍ കേരളത്തിനുള്ള ഭക്ഷ്യവിഹിതം കൃത്യമായി വിതരണം ചെയ്തിരുന്നു. വിലക്കയറ്റത്തിന്‍െറ പൂര്‍ണ ഉത്തരവാദിത്തം സംസ്ഥാന സര്‍ക്കാറിനാണ്. കേന്ദ്രം അനുവദിച്ച ഭക്ഷ്യധാന്യം ഏറ്റെടുത്ത് വിതരണം ചെയ്യാത്തത് മാപ്പര്‍ഹിക്കാത്ത തെറ്റാണ്. നാസിക്കില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച കൊട്ടാരക്കര സ്വദേശിയായ സൈനികന്‍െറ ബന്ധുക്കളുടെ സംശയം ദൂരീകരിക്കുന്നതിനുള്ള നടപടി സൈന്യത്തിന്‍െറ ഭാഗത്ത് നിന്നുണ്ടാകണം. സൈന്യത്തിലെ സഹായി സമ്പ്രദായം അവസാനിപ്പിക്കുക യു.പി.എ സര്‍ക്കാറിന്‍െറ നയപരമായ തീരുമാനമായിരുന്നെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.