അനിൽ ആന്റണി തോൽക്കണം, കോൺഗ്രസ് നേതാക്കളുടെ മക്കൾ ബി.ജെ.പിയിൽ ചേരുന്നത് തെറ്റ് -എ.കെ. ആന്റണി
text_fieldsതിരുവനന്തപുരം: മക്കളെക്കുറിച്ച് ഇനി തന്നെക്കൊണ്ട് അധികം പറയിപ്പിക്കരുതെന്നും ആ ഭാഷയും ശൈലിയും താൻ ശീലിച്ചിട്ടില്ലെന്നും മുതിർന്ന കോൺഗ്രസ് നേതാവ് എ.കെ. ആന്റണി. ഏറെ മാസങ്ങൾക്ക് ശേഷം കെ.പി.സി.സി ആസ്ഥാനത്ത് നടത്തിയ വാർത്തസമ്മേളനത്തിൽ മകൻ അനിൽ ആന്റണിയുടെ സ്ഥാനാർഥിത്വത്തെക്കുറിച്ച ചോദ്യം ഉയർന്നപ്പോഴായിരുന്നു പ്രതികരണം. അനിൽ ആന്റണി ജയിച്ചു കാണണമെന്ന് ആഗ്രഹമില്ലേ എന്ന ചോദ്യത്തിന് ‘ജയിക്കാൻ പാടില്ല, തോൽക്കണം’ എന്നായിരുന്നു മറുപടി.
പത്തനംതിട്ടയിൽ കോൺഗ്രസ് ജയിക്കണമെന്നും ആന്റണി പറഞ്ഞു. ദേശീയ സാഹചര്യങ്ങളും സംസ്ഥാന രാഷ്ട്രീയ സ്ഥിതിഗതികളും കോൺഗ്രസിന്റെ പ്രസക്തിയും വിശദീകരിക്കുന്നതിനായിരുന്നു വാർത്തസമ്മേളനമെങ്കിലും ചോദ്യങ്ങളും സംവാദങ്ങളും ചുറ്റിത്തിരിഞ്ഞത് ‘കോൺഗ്രസ് നേതാവായ പിതാവിനെയും ബി.ജെ.പി സ്ഥാനാർഥിയായ മകനെയും കുറിച്ചായിരുന്നു. പ്രമുഖ കോൺഗ്രസ് നേതാക്കളുടെ മക്കൾ ബി.ജെ.പിയിൽ ചേർന്ന് മോദിയുടെ കരങ്ങൾക്ക് ശക്തിപകരുന്നത് വിരോധാഭാസമല്ല, തെറ്റാണെന്ന് ആന്റണി പറഞ്ഞു.
എന്നാൽ, ആ പ്രവണത തുടങ്ങിവെച്ചത് അങ്ങയുടെ മകനല്ലേ എന്ന ചോദ്യത്തിന് അദ്ദേഹത്തിന് കൃത്യമായ മറുപടിയുണ്ടായില്ല. പകരം കെ.എസ്.യുവിൽ സാധാരണ പ്രവർത്തകനായ കാലം മുതലേ കുടുംബം വേറെ, രാഷ്ട്രീയം വേറെ എന്നതാണ് തന്റെ ലൈനെന്നായിരുന്നു വിശദീകരണം. കുടുംബ ബന്ധങ്ങൾ കുടുംബത്തിനകത്ത്. രാഷ്ട്രീയം രാഷ്ട്രീയ രംഗത്തും. കുട്ടിക്കാലം മുതൽക്കേ നിലപാട് ഇതാണ്. അനിൽ ആന്റണിക്കെതിരെ പത്തനംതിട്ടയിൽ പ്രചാരണത്തിന് പോകുമോ എന്ന ചോദ്യത്തിന് താൻ പോകാതെ തന്നെ ആന്റോ ആന്റണി നല്ല ഭൂരിപക്ഷത്തിൽ ജയിക്കുമെന്നായിരുന്നു ആന്റണിയുടെ മറുപടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.