ദേശീയ രാഷ്ട്രീയം അവസാനിപ്പിക്കുന്നതായി എ.കെ. ആന്‍റണി, ഇനി തട്ടകം കേരളം
text_fieldsന്യൂഡൽഹി: ദേശീയ രാഷ്ട്രീയം അവസാനിപ്പിക്കുകയാണെന്നും നാളെ കേരളത്തിലേക്ക് മടങ്ങുകയാണെന്നും മുതിർന്ന കോൺഗ്രസ് നേതാവ് എ.കെ. ആന്‍റണി. തന്‍റെ പ്രവർത്തന മേഖല ഇനി തിരുവനന്തപുരം കേന്ദ്രീകരിച്ചായിരിക്കുമെന്നും തുടർന്നുള്ള രാഷ്ട്രീയ പ്രവർത്തനത്തിന് പ്രത്യേക പദ്ധതിയില്ലെന്നും ആന്‍റണി മാധ്യമങ്ങളോട് പറഞ്ഞു.
കെ.എസ്.യു, യൂത്ത് കോൺഗ്രസ്, കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ, മുഖ്യമന്ത്രി എന്നീ പദവികൾ വഹിച്ച ആന്‍റണിയല്ല താനിന്ന്. 81 വയസ് കഴിഞ്ഞു. കാലം ഏത് മനുഷ്യന്‍റെയും വേഗത കുറക്കുമെന്നും ആന്‍റണി ചൂണ്ടിക്കാട്ടി.
രണ്ടുതവണ കോവിഡ് പിടിപ്പെട്ടു. രണ്ടാമത്തെ കോവിഡിന് ശേഷം കുറച്ച് ക്ഷീണമുണ്ട്. മൂന്നു മാസത്തെ വിശ്രമം ഡോക്ടർമാർ നിർദേശിച്ചിട്ടുണ്ടെന്നും വലിയ തിരക്ക് ആഗ്രഹിക്കുന്നില്ലെന്നും ആന്‍റണി വ്യക്തമാക്കി.
ഭാവിയിലെ പ്രവർത്തനങ്ങളെ കുറിച്ച് കോൺഗ്രസ് പാർട്ടിയോടും സഹപ്രവർത്തകരോടും കൂടിയാലോചിച്ച് തീരുമാനമെടുക്കും. കഴിഞ്ഞ 20 വർഷമായിട്ട് കേരളത്തിലെ പ്രവർത്തനങ്ങളിൽ ഭാഗമായിട്ടുണ്ട്. പാർട്ടി അനുവദിക്കുന്ന കാലത്തോളം കേരളത്തിലായിരിക്കും ഇനി പ്രവർത്തിക്കുക -ആന്‍റണി പറഞ്ഞു.
എ.ഐ.സി.സി പദവികൾ ആർക്കും സ്ഥിരമല്ല. ഇന്ദിര ഗാന്ധിയുടെ കാലം മുതൽ താൻ പ്രവർത്തക സമിതിയംഗമാണ്. 13 സംസ്ഥാനങ്ങളുടെ ചുമതല വഹിച്ചിരുന്നു. ഇന്ദിര മുതൽ മാറിവന്ന എല്ലാ കോൺഗ്രസ് പ്രസിഡന്‍റുമാരുടെ ഒപ്പം പ്രവർത്തിച്ചു. ഇതിനപ്പുറം ആഗ്രഹിക്കുന്നത് ശരിയാണോ എന്നും ആന്‍റണി ചോദിച്ചു.
എല്ലാത്തിനും ഒരു സമയമുണ്ട്. സമയമാകുമ്പോൾ ഒഴിയണമെന്ന അഭിപ്രായമാണ് തനിക്കുള്ളത്. തന്നെ ഒരു സ്ഥാനത്ത് നിന്നും ആരും ഇറക്കിവിട്ടിട്ടില്ല. ഇറങ്ങി പോകണമെന്ന് തോന്നിയപ്പോൾ സ്വയം മാറുകയാണ് ചെയ്തത്. മനഃസാക്ഷി പറയുന്നതാണ് എന്‍റെ അവസാനം തീരുമാനമെന്നും ആന്‍റണി ചൂണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.