സി.പി.എമ്മിന് നൽകുന്ന ഒാരോ വോട്ടും മോദിക്കുള്ള സഹായം -എ.കെ. ആൻറണി
text_fieldsകണ്ണൂർ: സി.പി.എമ്മിന് നൽകുന്ന ഓരോ വോട്ടും ബി.ജെ.പിക്കുള്ള സഹായമാണെന്ന് കോൺഗ്രസ് പ്രവർത്തക സമിതി അംഗം എ.കെ. ആൻ റണി. കണ്ണൂർ പ്രസ് ക്ലബിെൻറ മുഖാമുഖം പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. തെരഞ്ഞെടുപ്പിനുശേഷം ഏറ്റവു ം കൂടുതൽ വോട്ട് നേടുന്ന പാർട്ടിക്കും മുന്നണിക്കുമാണ് സർക്കാർ ഉണ്ടാക്കാൻ ക്ഷണം ലഭിക്കുക. നരേന്ദ്ര മോദിയെ പ്രധാനമന്ത്രി സ്ഥാനത്തുനിന്ന് താഴെയിറക്കാൻ ബി.ജെ.പിയേക്കാൾ ഒരു സീറ്റ് എങ്കിലും അധികം കോൺഗ്രസിന് ലഭിക്കണം.
സി.പി.എമ്മിന് വോട്ട് നൽകുന്നവർ ബി.ജെ.പിയെ സഹായിക്കണമെന്ന് ആഗ്രഹിക്കുന്നുണ്ടാകില്ല. പക്ഷേ, സി.പി.എമ്മിന് നൽകുന്ന ഒാരോ സീറ്റും മോദിക്ക് അധികാരത്തിൽ തിരിച്ചുവരാനുള്ള അവസരമാണ് നൽകുകയെന്ന് കേരളത്തിലെ വോട്ടർമാർ തിരിച്ചറിയണം. വീണ്ടും മോദി അധികാരത്തിൽ തിരിച്ചുവന്നാൽ ആർ.എസ്.എസ് ആഗ്രഹിക്കുന്ന രീതിയിൽ ഭരണഘടനയിൽ മാറ്റം വരുത്തും. അത് രാജ്യത്തെ ശിഥിലമാക്കാൻ കാരണമാകും. അത്തരമൊരു അവസ്ഥക്ക് വീണ്ടും വഴിയൊരുക്കണോ എന്നു സി.പി.എമ്മിന് വോട്ട് ചെയ്യുന്നവർ ആലോചിക്കണം. കോൺഗ്രസിനെ പരാജയപ്പെടുത്താൻ കേരളത്തിൽ ശക്തിയില്ലാത്ത ബി.ജെ.പി ഇടതുമുന്നണിക്ക് വോട്ട് മറിക്കാനും സാധ്യതയുണ്ട്. കേന്ദ്രത്തിൽ കോൺഗ്രസ് എം.പിമാരുടെ എണ്ണം കുറക്കാനാണ് ബി.ജെ.പി ശ്രമം.
മോദിയെയും ബി.ജെ.പിയെയും നേരിടാൻ ഇന്ത്യയൊട്ടുക്കും മത്സരിക്കുന്ന നേതാവും പാർട്ടിയും രാഹുലും കോൺഗ്രസും മാത്രമാണ്. പിണറായി വിജയൻ അടക്കമുള്ളവരുടെ കളി കേരളത്തിെൻറ ഇട്ടാവട്ടത്തിൽ മാത്രമേയുള്ളൂ. രാഹുൽ ഗാന്ധിയെ എതിർക്കുന്ന കാര്യത്തിൽ കേരളത്തിൽ ബി.ജെ.പിയും സി.പി.എമ്മും ഒരേ തൂവൽ പക്ഷികളാണ്. ദേശാഭിമാനി എഡിറ്റോറിയൽ അതിന് ഉദാഹരണമാണ്. വയനാടിനോട് ചേർന്നുള്ള നീലഗിരിക്കപ്പുറത്ത് കോൺഗ്രസ്-ഡി.എം.കെ മുന്നണിയിലാണ് സി.പി.എം മത്സരിക്കുന്നത്. വയനാട്ടിൽ രാഹുൽ മത്സരിക്കുന്നതിെൻറ ഗുണം അവിടെ സി.പി.എമ്മിനും ലഭിക്കും. തെരഞ്ഞെടുപ്പിനുശേഷം മന്ത്രിസഭയുണ്ടാക്കാൻ സി.പി.എം ഉൾപ്പെടെ ആരുമായും സഹകരിക്കും.
കേന്ദ്രത്തിൽനിന്ന് എൻ.ഡി.എ സർക്കാറിനെ അധികാരത്തിൽനിന്ന് താഴെയിറക്കുക, കേരളത്തിലെ ഇടതുപക്ഷ സർക്കാറിനെ പാഠം പഠിപ്പിക്കുക എന്നിവയാണ് ഇൗ തെരഞ്ഞെടുപ്പിെൻറ പ്രധാന ലക്ഷ്യം. നല്ല ദിനങ്ങൾ വരുമെന്ന് പറഞ്ഞ് അധികാരത്തിലെത്തിയ ബി.ജെ.പി രാജ്യംകണ്ട ഏറ്റവും മോശം ദിനങ്ങളിലേക്കാണ് രാജ്യത്തെ എത്തിച്ചതെന്നും അദ്ദേഹം പറഞ്ഞു. പ്രസ് ക്ലബ് പ്രസിഡൻറ് എ.കെ. ഹാരിസ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി പ്രശാന്ത് പുത്തലത്ത് സ്വാഗതവും ട്രഷറർ സിജി ഉലഹന്നാൻ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.